ഒരുകാലത്ത് ഇന്ത്യൻ ടെലിവിഷനിലെ താരജോഡികളായിരുന്നു ഗൗതമി കപൂറും റാം കപൂറും. 2000-ൽ 'ഘർ ഏക് മന്ദിർ' എന്ന സീരിയലിന്റെ സെറ്റിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. മൂന്നുവർഷത്തിനുള്ളിൽ വിവാഹവും കഴിച്ചു. ഇന്ന് രണ്ടുകുട്ടികളുടെ മാതാപിതാക്കൾ കൂടിയാണ് റാം കപൂറും ഗൗതമി കപൂറും.

ഒരുകാലത്ത് ഏറ്റവും തിരക്കുള്ള നടനായിരുന്നു റാം. അന്ന് സീരിയൽതാരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നതും അദ്ദേഹം തന്നെ. പക്ഷേ, ജോലിത്തിരക്കിനിടയിൽ തന്റെ കുടുംബത്തിനൊപ്പം തനിക്ക് അധികം സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ കരിയറിലെ ആവശ്യങ്ങൾ തനിക്ക് വ്യക്തിപരമായ നഷ്ടം വരുത്തിവെച്ചിരുന്നുവെന്ന് അദ്ദേഹം ഇപ്പോൾ തുറന്നുസമ്മതിക്കുകയാണ്. ഒരു പതിറ്റാണ്ടോളം താൻ ഒരു 'അസന്നിഹിതനായ അച്ഛൻ' (absent father) ആയിരുന്നുവെന്നും, തന്റെ കുട്ടികൾ വളർന്നുവരുന്നത് പോലും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. യൂട്യൂബിലെ 'ലവ് അൺസ്‌ക്രിപ്റ്റഡ് സീസൺ 2' എന്ന എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു റാം. റാമിനൊപ്പം ഭാര്യ ഗൗതമിയുമുണ്ടായിരുന്നു.

മൂത്തമകളെ ഗർഭിണിയാണെന്ന് അറിഞ്ഞ സമയത്ത് തങ്ങൾ കുഞ്ഞിനായുള്ള പ്ലാനിങ്ങിൽ ആയിരുന്നില്ലെന്ന് ഗൗതമി തുറന്നുപറഞ്ഞു. അതിനുള്ള മറുപടിയായി റാം പറഞ്ഞതിങ്ങനെ, ''പുതിയതെല്ലാം അവളെ ഭയപ്പെടുത്തുന്നു. പക്ഷേ ഞാൻ വളരെ ആവേശത്തിലായിരുന്നു''.

റാമിന്റെ കരിയർ വലിയൊരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന സമയത്താണ് താൻ മൂത്തമകളെ ഗർഭം ധരിച്ചതെന്ന് ഗൗതമി വിശദീകരിച്ചു. അദ്ദേഹം അന്ന് ജോലിയിൽ കൂടുതൽ കൂടുതൽ മുഴുകിയിരിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. ''റാം അവിടെ ഉണ്ടായിരുന്നില്ല. ആ സമയത്ത് അദ്ദേഹം ഒരുപാട് തിരക്കിലായിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ ലക്ഷ്മീദേവി വന്നതുപോലെയായിരുന്നു. എന്റെ പ്രഗ്നൻസി അനൗൺസ്‌മെന്റ് റാമിന്റെ വിധി എന്നെന്നേക്കുമായി മാറ്റിമറിച്ചു''.

തന്റെ കുട്ടികളുടെ വളർച്ച കുറഞ്ഞത് 10 വർഷമെങ്കിലും താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വേദനയോടെ ഓർക്കുന്നു. ''ഞാൻ ഇപ്പോൾ ഇങ്ങനെ ഇരിക്കാൻ കാരണം ഗൗതമിയാണ്. കുട്ടികളെയും വീടിനെയും അദ്ഭുതകരമായി അവൾ ഏറ്റെടുത്തു, ഒരു ദിവസം പോലും എനിക്ക് അതിനെക്കുറിച്ച് വിഷമിക്കേണ്ടി വന്നില്ല. എന്റെ കുട്ടികൾക്ക് 10 വർഷത്തേക്ക് എന്നെ ശരിക്കും അറിയില്ലായിരുന്നു. ഗൗതമി ഉള്ളതുകൊണ്ടാണ് എനിക്ക് 15 വർഷത്തേക്ക് എന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇപ്പോഴത്തെ ഞാൻ ആകാനും കഴിഞ്ഞത്. അവൾ ഭാരതമാതാവാണ്. അവൾക്ക് അക്ഷരാർത്ഥത്തിൽ ആരെയും ആവശ്യമില്ല. അവൾ എല്ലാം ചെയ്യുന്നു'', റാം പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi