അമേരിക്കയിലെ ഒഹിയോവിലുള്ള ചെറുപട്ടണമാണ് സർക്കിൾവിൽ. സിയോട്ടോ നദിക്കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പെട്ടെന്നൊരു നാൾ ഈ പട്ടണത്തെക്കുറിച്ച് ആളുകൾ ചർച്ച ചെയ്യാൻ തുടങ്ങി. അവിടേക്ക് വന്ന ചില കത്തുകളായിരുന്നു അതിനു കാരണമായത്.

1977-ലാണ് സംഭവം. അന്ന് 12,000-ത്തോളം പേരാണ് അവിടെ താമസിക്കുന്നത്. പെട്ടെന്നൊരു നാൾ അവിടെയുള്ള ചില ആളുകൾക്ക് മാത്രം ഊരും പേരുമില്ലാത്ത കത്തുകൾ വരാൻ തുടങ്ങി. അയക്കുന്നയാളുടെ അഡ്രസ്സിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത്, 'Writer' എന്നുമാത്രം. അവിടെയുള്ള പലരുടെയും രഹസ്യങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള കത്തുകളായിരുന്നു കൂടുതലും. ചിലതിൽ ഭീഷണിയും ബ്ലാക്ക് മെയിലിങ്ങും. കത്തുകളിലേറെയും ഒരു സ്ത്രീയെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ളതായിരുന്നു, അവിടെയുള്ള സ്‌കൂൾ ബസ്സിലെ ഡ്രൈവറായ മേരി ഗില്ലസ്പിയെ. ആദ്യം കത്തുകിട്ടിയതും മേരിക്ക് തന്നെ. അദ്ഭുതത്തോടെയാണ് മേരി അതു തുറന്നുനോക്കിയത്. കാരണം, കത്തയച്ച ആളുടെ പേരിന്റെ സ്ഥാനത്ത് 'writer' എന്നേയുള്ളൂ. ഒരു ഭീഷണിയുടെ സ്വരത്തിലുള്ള വരികളായിരുന്നു അതിലുണ്ടായിരുന്നത്.

'സ്‌കൂളിലെ സൂപ്രണ്ടായ ഗോർഡൻ മാസിയിൽനിന്ന് അകലംപാലിക്കുക. നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന് എനിക്കറിയാം. ഞാൻ നിങ്ങളെ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ വീടെനിക്കറിയാം. നിങ്ങൾക്ക് മക്കളുണ്ടെന്നും അറിയാം. ഇതൊരു തമാശയല്ല. സീരിയസായി തന്നെ എടുക്കണം. ഇതിനെക്കുറിച്ച് എല്ലാവരെയും അറിയിക്കും. എല്ലാം വളരെ പെട്ടെന്ന് അവസാനിക്കുകയും ചെയ്യും'.

അതിനുപിന്നാലെ മേരിയുടെ ഭർത്താവ് റോണിനും കത്തുകൾ കിട്ടിത്തുടങ്ങി. 'മിസ്റ്റർ ഗില്ലസ്പി, നിങ്ങളുടെ ഭാര്യയ്ക്ക് ഗോർഡൻ മാസിയുമായി അവിഹിതബന്ധമുണ്ട്. നിങ്ങൾ അവരെ രണ്ടുപേരെയും ഒരുമിച്ച് പിടിച്ച് കൊല്ലണം, അയാൾ ജീവിക്കാൻ അർഹനല്ല'. അടുത്തതായി റോണിന് വന്ന കത്ത് ഭീഷണിയുടെ രൂപത്തിലായിരുന്നു. 'ഗില്ലസ്പി, നിങ്ങൾക്ക് ഞാൻ രണ്ടാഴ്ച തന്നു. എന്നിട്ടും ഒന്നും ചെയ്തില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ അംഗീകരിച്ച് സ്‌കൂൾ ബോർഡിനെ അറിയിക്കൂ. അല്ലെങ്കിൽ പോസ്റ്ററുകളിലൂടെയും മറ്റും ഞാനിത് പുറംലോകത്തെ അറിയിക്കും'.

പെട്ടെന്നൊരു ദിവസം റോണിന്റെ വീട്ടിലേക്ക് ഒരു ഫോൺ വന്നു. ഫോൺ എടുത്തതും റോൺ തന്നെയായിരുന്നു. അതിനുപിന്നാലെ കാറ്റുപോലെ അദ്ദേഹം പുറത്തേക്കുപോയി. കൈയിൽ റിവോൾവറും. പോവുന്നതിനിടയിൽ മകളോട് റോൺ ഇങ്ങനെ പറഞ്ഞു, 'കത്തുകൾ അയക്കുന്നയാളെ ഞാൻ കണ്ടെത്തി'. എന്നിട്ട് അതേ വേഗത്തിൽ തന്റെ ട്രക്കിൽ കയറി പോവുകയും ചെയ്തു.

റോൺ ആ അജ്ഞാതനെ കണ്ടിരുന്നോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. പിന്നീട് കാണുന്നത് റോണിന്റെ മൃതദേഹമാണ്. വളരെ വേഗതയിൽ പോയ ട്രക്ക് ഒരു മരത്തിൽ ചെന്നിടിച്ചു. അദ്ദേഹം അപ്പോൾ തന്നെ മരിക്കുകയും ചെയ്തു.

അപകടമരണമായി അധികൃതർ കേസ് അവസാനിപ്പിച്ചു. എന്നാൽ, റോണിന്റെ സഹോദരീഭർത്താവായ പോൾ ഫ്രഷർ അതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ചുപറഞ്ഞു. റോൺ തന്റെ തോക്കുപയോഗിച്ച് ഒരുതവണ വെടിവെച്ചുവെന്ന് പോലീസ് തുറന്നുസമ്മതിച്ചു. പക്ഷേ, അതെന്തിനായിരുന്നുവെന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ല.

ആ മരണത്തിനുശേഷവും കത്തുകൾ വന്നുകൊണ്ടേയിരുന്നു. ഇത്തവണയും മേരിയെ തന്നെയായിരുന്നു ലക്ഷ്യംവെച്ചത്. 'നിങ്ങൾ എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാം' എന്നാണ് ഒരു കത്തിൽ എഴുതിയിരുന്നത്. കാലം കഴിയുന്തോറും ഭീഷണിയുടെ കാഠിന്യം കൂടി. പിന്നാലെ മേരിയുടെ ടീനേജുകാരിയായ മകളെ ലക്ഷ്യംവെക്കാൻ തുടങ്ങി അജ്ഞാതൻ. മേരി സ്ഥിരം പോകുന്ന ബസ്‌റൂട്ടിൽ, മകളെക്കുറിച്ചുള്ള ചില സൈൻബോർഡുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഒരുദിവസം മകളെക്കുറിച്ചുള്ള വളരെ മോശമായ ഒരു ബോർഡ് കണ്ട് മേരി ബസ് നിർത്തി. ആ ബോർഡ് കീറിക്കളയാനായി മേരി അങ്ങോട്ടുപോയി. അതഴിച്ചുമാറ്റാൻ നോക്കിയപ്പോൾ അതിനൊപ്പം ഒരു ബോക്‌സ് കണ്ടു. മേരി അതുമെടുത്ത് വീട്ടിലെത്തി. ഫുൾ ലോഡഡ് തോക്കാണ് ആ ബോക്‌സിലുണ്ടായിരുന്നത്.

അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരു തെളിവായി മാറി ആ തോക്ക്. ആ തോക്കിന്റെ സീരിയൽ നമ്പർ തിരഞ്ഞ് ആളെ കണ്ടെത്തുകയും ചെയ്തു. റോണിന്റെ സഹോദരീഭർത്താവ് പോൾ ഫ്രഷ്‌നറുടെ പേരിലായിരുന്നു ആ തോക്കിന്റെ ലൈസൻസ്. അധികം വൈകാതെ പോളിനെയും ഭാര്യ കാരനെയും പോലീസ് ചോദ്യം ചെയ്തു. തന്റെ ഭർത്താവാണ് സർക്കിൾവില്ലിലേക്ക് അയച്ച കത്തുകളുടെ പിന്നിലെന്ന് കാരൻ സമ്മതിച്ചു.

ദമ്പതികൾ വിവാഹമോചിരാവാൻ അപേക്ഷ കൊടുത്തിരിക്കുകയായിരുന്നു ആ സമയത്ത്. അതിനിടയ്ക്ക് വീട്ടിൽ പലയിടത്തായി കുറേ കത്തുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയെന്നും കാരൻ പറഞ്ഞു. അതവർ പോലീസിന് നൽകി.

എന്നാൽ ഇതെല്ലാം പോൾ നിഷേധിച്ചു. തന്റെ തോക്ക് ആഴ്ചകൾക്ക് മുമ്പ് മോഷണം പോയതാണെന്ന് അയാൾ സമർഥിച്ചു. എന്നാൽ, പോളിഗ്രാഫ് ടെസ്റ്റിൽ ഫ്രഷർ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു.

ഒടുവിൽ ഫ്രഷർ അറസ്റ്റിലായി. വിചാരണയ്ക്കിടയിൽ സൂക്ഷ്മമായി പരിശോധന നടത്തിയപ്പോൾ, ഫ്രഷർ തന്നെയാണ് കത്തുകളെഴുതിയതെന്ന് തെളിഞ്ഞു. ഫ്രഷർ ജയിലിലായതോടെ കത്തുകൾ നിലച്ചുവെന്ന് തന്നെ സർക്കിൾവില്ലിൽ താമസിക്കുന്നവർ കരുതി. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. ഫ്രഷർ ജയിലിൽ അടയ്ക്കപ്പെട്ടശേഷവും, നൂറുകണക്കിന് കത്തുകളാണ് വീണ്ടും ആ പട്ടണത്തിലേക്കെത്തിയത്. ഫ്രഷറിന് ഒരിക്കലും ജയിലിലിരുന്ന് കത്തുകൾ അയക്കാൻ പറ്റില്ലെന്ന് ജയിൽ വാർഡൻ സാക്ഷ്യപ്പെടുത്തി. കാരണം, ജയിലിനുള്ളിൽവെച്ച് പേനയോ പേപ്പറോ ലഭിക്കുകയില്ല. അതുമാത്രമല്ല, ജയിലിലുള്ള ഫ്രഷറിനും ഒരു കത്ത് ലഭിച്ചുവത്രേ.

വീണ്ടും കേസ് വിചാരണയ്‌ക്കെടുത്തു. ഫ്രഷർ ജയിലിലായാൽ അതിന്റെ എല്ലാ ഗുണങ്ങളും അനുഭവിക്കുക അയാളുടെ മുൻഭാര്യയായ കാരൻ ആയിരിക്കുമെന്ന് ഫ്രഷറുടെ വക്കീൽ വാദിച്ചു.

അതോടെ എല്ലാ സംശയക്കണ്ണുകളും കാരനിലെത്തി. കാരണം കാരൻ ആണ് തന്റെ ഭർത്താവാണ് ഇതിനുപിന്നിലെന്ന് പോലീസിനെ അറിയിച്ചത്. അത് തന്നെയായിരുന്നു ഏറ്റവും വലിയ തെളിവായി ചൂണ്ടിക്കാട്ടപ്പെട്ടത്. കാരനും അവരുടെ കാമുകനും ചേർന്നാണ് ഇതെല്ലാം ചെയ്തതെന്നും അന്ന് വാദങ്ങളുണ്ടായി. പക്ഷേ, അതും തെളിയിക്കപ്പെട്ടില്ല.

പക്ഷേ, അപ്പോഴും കത്തുകൾ സർക്കിൾവില്ലിലേക്ക് പ്രവഹിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അമേരിക്കൻ ഡോക്യുമെന്ററി ടെലിവിഷൻ സീരീസായ 'അൺസോൾവ്ഡ് മിസ്റ്ററീസ്' ഈ സംഭവത്തെക്കുറിച്ച് ഒരു ഷോ തയ്യാറാക്കാനായി, സർക്കിൾവില്ലിലെത്തി. അതോടെ ആ ഷോയിലേക്കും ഒരു കത്തുവന്നു. 'സർക്കിൾവില്ലിനെ മറക്കൂ, ഇനി ഒഹിയോയിൽ കാണാം' എന്നായിരുന്നു ആ കത്തിലുണ്ടായിരുന്നത്. എഴുതിയ ആളുടെ പേരിന്റെ സ്ഥലത്ത്, 'The Circleville Writer' എന്നും. ആ ഡോക്യുമെന്ററിയിലും ഫ്രഷർ തന്റെ നിരപരാധിത്വം ആവർത്തിച്ചു.

1994-ൽ പോൾ ഫ്രഷർ പരോളിലിറങ്ങി. അതിനുപിറകെ സർക്കിൾവില്ലിലേക്ക് കത്തുകൾ വരുന്നത് നിന്നു. അപ്പോഴും തന്റെ വാദത്തിൽ തന്നെ ഫ്രഷർ ഉറച്ചുനിന്നു. എന്നാൽ, വർഷങ്ങൾക്കുശേഷം നടത്തിയ ഒരു ഫോറൻസിക് പരിശോധനയിൽ ഫ്രഷറുടെയും അജ്ഞാതനായ കത്തെഴുത്തുകാരന്റെയും കൈയെഴുത്ത് തമ്മിൽ സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേസ് എങ്ങും എത്താതായതോടെ, ഫ്രഷർ പിന്നീട് ജയിൽമോചിതനായി. എന്നാലിന്നും ആർക്കുമറിയില്ല, ആരാണതിനു പിന്നിലെന്ന്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi