ചിമ്പാൻസികൾ ദിവസേന മദ്യം അകത്താക്കുന്നവരാണെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? നേരിട്ട് മദ്യം വാറ്റിക്കുടിച്ചില്ലെങ്കിലും സ്ഥിരമായി അവരുടെ ഉള്ളിൽ മദ്യമെത്തുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പുളിച്ച പഴങ്ങൾ ദിവസേന കഴിക്കുന്നത് ചിമ്പാൻസികളുടെ ശീലമാണ്. അതിലടങ്ങിയ എഥനോൾ കണക്കാക്കിയാൽ ദിവസേന ഒരു ആൽക്കഹോളിക് ഡ്രിങ്കിന് തുല്യമായ അളവിൽ മദ്യം അവർ കഴിക്കുന്നുണ്ടെന്ന് പുതിയ പഠനത്തിൽ പറയുന്നു.

To advertise here,

നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളായ ചിമ്പാൻസികൾക്കും ജന്മനാ ഇത്തിരി മദ്യപാനശീലമുണ്ടെന്നർഥം.

'സയൻസ് അഡ്വാൻസസ്' ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. ചിമ്പാൻസികളും മദ്യം ഉപയോഗിക്കുന്നുണ്ടെന്ന സൂചനയെപ്പറ്റി ശാസ്ത്രലോകത്ത് പണ്ടേ ചർച്ചയുണ്ടെങ്കിലും അവ എത്രത്തോളമുണ്ടെന്ന് കൃത്യമായി അളക്കാനുള്ള ആദ്യശ്രമമായിരുന്നു ഇത്. ഐവറി കോസ്റ്റിലെയും ഉഗാണ്ടയിലെയും ചിമ്പാൻസിക്കൂട്ടങ്ങളെയാണ് ഇവിടെ നിരീക്ഷിച്ചത്. അവ കഴിച്ച പഴങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ പ്രതിദിനം ഏകദേശം 14 ഗ്രാം (0.5 ഔൺസ്) എഥനോളുണ്ടെന്ന് മനസ്സിലായി. ഈ അളവ് ഏകദേശം 1.4 ആൽക്കഹോളിക് ഡ്രിങ്കിന് തുല്യമാണ്. ചിമ്പാൻസികളുടെ കുറഞ്ഞ ശരീരഭാരം കൂടി കണക്കിലെടുത്താൽ, ഇത് ഒരു മനുഷ്യൻ പ്രതിദിനം 2.6 ആൽക്കഹോളിക് ഡ്രിങ്കുകൾ കഴിക്കുന്നതിന് തുല്യമാണെന്ന് സംഘം പറയുന്നു.

"ചിമ്പാൻസികൾ അവയുടെ ശരീരഭാരത്തിന്റെ അഞ്ചുമുതൽ പത്തു ശതമാനം വരെ പഴുത്ത പഴങ്ങൾ കഴിക്കും. അതിനാൽ, ചെറിയ അളവിലുള്ള എഥനോൾ പോലും വലിയ തോതിലുള്ള മദ്യംപോലെ അവയുടെ ശരീരത്തിലെത്തും." -പഠനത്തിന് നേതൃത്വം നൽകിയ കാലിഫോർണിയ സർവകലാശാലയിലെ ഇന്റഗ്രേറ്റീവ് ബയോളജി പ്രൊഫസർ റോബർട്ട് ഡഡ്‌ലി പറഞ്ഞു. 'ഡ്രങ്കൺ മങ്കി' എന്ന സിദ്ധാന്തം ആവിഷ്കരിച്ചതിലൂടെ പ്രശസ്തനാണദ്ദേഹം.

പഴുത്തതും മധുരമുള്ളതും മദ്യത്തിന്റെ അംശമുള്ളതുമായ പഴങ്ങൾ തേടിപ്പിടിച്ച് കഴിച്ചിരുന്ന പ്രാചീന മനുഷ്യരുടെ സ്വാധീനമാവാം മനുഷ്യരുടെ മദ്യാസക്തിക്കു പിന്നിലെന്നാണ് ഈ സിദ്ധാന്തം മുന്നോട്ടുവെക്കുന്നത്.

ഉഗാണ്ടയിൽ നിന്നും ഐവറി കോസ്റ്റിൽ നിന്നും 20 ഇനം പഴുത്ത പഴങ്ങളുടെ പൾപ്പ് ശേഖരിച്ച് അതിലെ മദ്യത്തിന്റെ അംശം സംഘം പരിശോധിച്ചു. ചിമ്പാൻസികൾ പ്രതിദിനം നാലരക്കിലോഗ്രാം പഴങ്ങൾ കഴിക്കുന്നുണ്ട്. അങ്ങനെ ഏകദേശം 14 ഗ്രാം (0.5 ഔൺസ്) എഥനോൾ ശരീരത്തിലെത്തുന്നു.

ഉഗാണ്ടയിലെ ഒരിനം അത്തിപ്പഴവും ഐവറി കോസ്റ്റിലെ പ്ലം പോലെയുള്ള ഒരു പഴവുമാണ് ഏറ്റവുമധികം കഴിക്കുന്നതെന്നും, അവയിലാണ് ഏറ്റവും കൂടുതൽ മദ്യത്തിന്റെ അംശമുള്ളതെന്നും ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. അതേസമയം, എഥനോൾ തന്നെയാണോ അവരത് കഴിക്കാൻ കാരണമെന്ന് വ്യക്തമല്ല. ചിമ്പാൻസികൾ ദിവസവും പഴങ്ങൾ കഴിക്കുന്നതുകൊണ്ട്, അവയ്ക്ക് ലഹരി പിടിക്കാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. പുളിച്ച പഴങ്ങൾ കഴിക്കുന്ന കുരങ്ങുകളെയും ആൾക്കുരങ്ങുകളെയും നിരീക്ഷിച്ചതോടെ ഡ്രങ്കൺ മങ്കി സിദ്ധാന്തത്തിനും കൂടുതൽ തെളിവുകളായി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi