ക്ഷേത്രങ്ങളിലേക്ക് ഭക്തർ നേർച്ചയായി പലതും സമർപ്പിക്കാറുണ്ട്. സ്വർണ്ണം മുതൽ പണം വരെ അതിലുൾപ്പെടുന്നു. ഇപ്പോഴിതാ തിരുപ്പതി ക്ഷേത്രത്തിലേക്ക് 121 കിലോ സ്വർണ്ണം സമർപ്പിച്ചിരിക്കുകയാണ് വ്യവസായിയായ വർധമാൻ ജെയ്ൻ. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമാണ് വർധമാൻ ജെയ്ൻ. ഭാര്യ രാധിക ജെയ്‌നിനൊപ്പം ക്ഷേത്രത്തിലെത്തിയാണ് അദ്ദേഹം സ്വർണ്ണം സമർപ്പിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ലഭിച്ച ഏറ്റവും വലിയ സംഭാവനകളിലൊന്നാണിത്.

To advertise here,

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെയും തിരുമല തിരുപ്പതി ദേവസ്ഥാനം ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ആഭരണങ്ങൾ സമർപ്പിച്ചത്. ശ്രീകോവിലിലേക്ക് ആചാരപൂർവം കൊണ്ടുപോകുന്നതിന് മുൻപ്, ഇവ ആദ്യം രംഗനായകുല മണ്ഡപത്തിൽ പ്രദർശിപ്പിച്ചിരുന്നു.

46 സ്വർണാഭരണങ്ങൾ അടങ്ങുന്നതാണ് ഈ സംഭാവന. 24 കാരറ്റ് സ്വർണ്ണമാണ് ഇതിലുൾപ്പെടുന്നത്. കിരീടം, മാലകൾ, പാദസരങ്ങൾ, കൈത്തണ്ടയിലെ ആഭരണങ്ങൾ, അരപ്പട്ടകൾ, കൈകളിലണിയുന്ന ആഭരണങ്ങൾ, പാദകവചങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. കൂടാതെ ശംഖ്, ചക്രം എന്നിവയും ഉൾപ്പെടുന്നു. വജ്രങ്ങൾ, നീലയും മഞ്ഞയും നിറത്തിലുള്ള സഫയറുകൾ, മാണിക്യങ്ങൾ, മരതകങ്ങൾ എന്നിവയും ഈ ആഭരണങ്ങളിൽ പതിച്ചിട്ടുണ്ട്. 206 കോടി രൂപയാണ് ഈ ആഭരണങ്ങൾക്ക് ചെലവായത്. തിരുപ്പതി ദേവസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു.

ഈ വർഷം തന്നെ തിരുപ്പതി ക്ഷേത്രത്തിലേക്ക് ഇലക്ട്രിക് ബസ്സുകളും അദ്ദേഹം നൽകിയിരുന്നു. അതിനുമുമ്പ് ശ്രീ വെങ്കിടേശ്വര ഭക്തി ചാനലിനായി ഏഴുകോടി രൂപയും നാണയങ്ങൾ വേർതിരിക്കാനുള്ള കോയിൻ സോർട്ടിങ് മെഷീനും അദ്ദേഹം സമർപ്പിച്ചു. ഒരു കോടി രൂപയാണ് ഈ മെഷീന്റെ ചെലവ്.

കന്നുകാലിത്തീറ്റ മിക്‌സിങ് പ്ലാന്റിനായും 5 കോടി രൂപ അദ്ദേഹം മുമ്പ് നൽകിയിട്ടുണ്ട്.

ആഗോള ആരോഗ്യ സംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന 'ആക്സസ് ഹെൽത്ത്കെയർ' എന്ന കമ്പനിയുടെ സ്ഥാപകനും വൈസ് ചെയർമാനുമാണ് വർധമാൻ ജെയ്ൻ. 'ഏഷ്യ (ചെന്നൈ) എൻജിനീയറിങ്' എന്ന സ്ഥാപനത്തിൽ ഡയറക്ടറായും അദ്ദേഹം പ്രവർത്തിക്കുന്നു. കാഞ്ചി കാമകോടി ചൈൽഡ്‌സ് ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജിങ് ട്രസ്റ്റി കൂടിയാണദ്ദേഹം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi