
പ്രതീകാത്മകചിത്രം (AI Generated)
സ്വര്‍ണവില ഉയരുന്നത് കണ്ട് ഞെട്ടി ഇനി എന്തുകേട്ടാലും ഞെട്ടാത്ത അവസ്ഥയിലാണ് നമ്മളെല്ലാം. ഇപ്പോള്‍ നമ്മള്‍ നോക്കിയിരിക്കുന്നത് എന്നു താഴും ഈ സ്വര്‍ണ വില എന്നാണ്. സ്വര്‍ണത്തിന്റെ ഈ തിളക്കം മങ്ങുമോ. പവന് പണിക്കൂലിയടക്കം ഒരു ലക്ഷം രൂപ പിന്നിട്ട അവസരത്തിലാണ് മലയാളി ഈ ചോദ്യം ചോദിക്കുന്നത്. ഇതാ സ്വര്‍ണവലിയുമായി ബന്ധപ്പെട്ട 10 യാഥാര്‍ത്ഥ്യങ്ങളിതാ...
1. ആഗോള അനിശ്ചിത്വം സ്വര്‍ണത്തിന്റെ തിളക്കം കൂട്ടുന്നു
വിലയിലെ ചാഞ്ചാട്ടം ഒഴിവാക്കിയാല്‍ എല്ലാക്കാലത്തും ഡിമാന്‍ഡുള്ള ഒരു നിക്ഷേപമായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. യുദ്ധം, സാമ്പത്തിക മാന്ദ്യം, എണ്ണവില വര്‍ധന, ഡോളറിന്റെ സമ്മര്‍ദ്ദം- ലോകത്ത് ഇതെല്ലാം സംഭവിക്കുമ്പോള്‍ നിക്ഷേപകര്‍ ആദ്യം ചെയ്യുന്നത് അവരുടെ നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് സ്വര്‍ണ്ണത്തിലേക്ക് മാറ്റുകയാണ്. യുക്രെയ്ന്‍ യുദ്ധവും മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും ആഗോള നിക്ഷേപകരെ വീണ്ടും സ്വര്‍ണ്ണത്തില്‍ തന്നെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. അനിശ്ചിതത്വവും പേടിയും ആശങ്കകളും എത്ര കടുക്കുന്നോ സ്വര്‍ണവിലയും അതിനനുസരിച്ച് കൂടും. ഈ ആശങ്കകള്‍ എത്രകാലം തുടരുന്നോ സ്വര്‍ണ വിലയും അത്രയും കാലം കൂട്ടിക്കൊണ്ടിരിക്കും.
2. സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നു
കഴിഞ്ഞ രണ്ടു വര്‍ഷമായി ചരിത്രത്തിലെ ഏറ്റവും കൂടിയ തോതിലാണ് പല രാജ്യങ്ങളും, പ്രത്യേകിച്ച് ചൈന, റഷ്യ, ഇന്ത്യ, തുര്‍ക്കി എന്നിവര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, 2024-ല്‍ മാത്രം 1000 ടണ്ണില്‍ അധികം സ്വര്‍ണം വിവിധ സര്‍ക്കാരുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യങ്ങളുടെ കരുതല്‍ ധനം സൂക്ഷിക്കുന്നത് പൊതുവേ അമേരിക്കന്‍ ഡോളറിലാണ്. ഡോളറിലുള്ള ആശ്രയത്വം കുറച്ച് സ്വര്‍ണത്തിലേക്ക് രാജ്യങ്ങള്‍ കരുതല്‍ ധനം മാറ്റുന്നത് സ്വര്‍ണവില വര്‍ധിക്കാനിടയാക്കുന്നു.
3. ഇന്ത്യയിലെ ഉത്സവകാല മാമാങ്കം
ഇന്ത്യയില്‍ സ്വര്‍ണം ഒരു നിക്ഷേപമല്ല - അത് വികാരമാണ്. ഓണം വന്നാലും വിഷു വന്നാലും വിവാഹം വന്നാലും നമുക്ക് സ്വര്‍ണം വേണം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഉത്‌സവ കാലയളവില്‍ ഇന്ത്യയില്‍ സ്വര്‍ണവില ഉയരുന്നത് പതിവാണ്. ഇപ്പോഴത്തെ വിലവര്‍ധനവിന് ഇതുമൊരു കാരണമാണ്.
4. രൂപയുടെ മൂല്യം കുറയുന്നതും സ്വര്‍ണവില വര്‍ധിപ്പിക്കുന്നു
സ്വര്‍ണവില ആഗോള വിപണിയില്‍ യുഎസ് ഡോളറിലാണ് കണക്കാക്കുന്നത്. ഡോളറിലുള്ള രൂപയുടെ മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന് സ്വാഭാവികമായി ഇന്ത്യയില്‍ കൂടുതല്‍ വിലയാകും. രൂപയുടെ മൂല്യം 5 ശതമാനം ഇടിഞ്ഞാല്‍ ആറു ശതമാനത്തോളം വര്‍ധന സ്വര്‍ണവിലയിലുണ്ടാകും.
5. ഖനനച്ചെലവ് കുതിച്ചുയരുന്നു
സ്വര്‍ണം കുഴിച്ചെടുക്കുന്നത് ഇന്ന് അത്ര ലളിതമല്ല. എളുപ്പത്തില്‍ ലഭ്യമായ ഖനികള്‍ എല്ലാം നേരത്തെ തന്നെ ഉപയോഗിച്ച് കഴിഞ്ഞു. ഇനി ബാക്കിയുള്ളത് ആഴത്തിലുള്ള, കുറവായ ധാതു അളവുള്ള ഖനികളാണ്. ഖനനത്തിന് ഇന്ധനച്ചെലവ്, തൊഴില്‍ചെലവ്, പരിസ്ഥിതി നിയന്ത്രണം എന്നിവ മൂലം ചെലവ് വളരെയേറെയാണ്. വാര്‍ഷിക ഉത്പാദനം കഴിഞ്ഞ പല വര്‍ഷങ്ങളായി 3000 ടണ്ണിലധികം കവിഞ്ഞിട്ടില്ല. ഡിമാന്‍ഡ് കൂടുമ്പോള്‍ സപ്ലൈ തടഞ്ഞുനില്‍ക്കുന്നത് വില കുതിക്കാന്‍ കാരണമാകുന്നു.
6. പണപ്പെരുപ്പവും വര്‍ധിച്ച പലിശനിരക്കും വില കൂട്ടുന്നു
സ്വര്‍ണം എപ്പോഴും പണപ്പെരുപ്പത്തിനെതിരെ ഒരു പ്രതിരോധമാണ്. പണത്തിന്റെ വില കുറയുമ്പോള്‍ സ്വര്‍ണം അതിന്റെ മൂല്യം നിലനിര്‍ത്തും. ഇപ്പോഴും ആഗോളതലത്തില്‍ പണപ്പെരുപ്പം നിയന്ത്രിതമായിട്ടില്ല. പലിശനിരക്ക് ഉയര്‍ന്നിട്ടും പണപ്പെരുപ്പം നിയന്ത്രണവിധേയമാകാത്തതിനാല്‍ നിക്ഷേപകര്‍ സുരക്ഷിതമായ സ്വര്‍ണ്ണത്തിലേക്ക് തങ്ങളുടെ സമ്പാദ്യമെല്ലാം മാറ്റുകയാണ്. ഇനി പണപ്പെരുപ്പം നിയന്ത്രിതമായി പലിശനിരക്ക് കുറഞ്ഞാലും സ്വര്‍ണവില കൂടി നില്‍ക്കുന്നതിനാല്‍ നിക്ഷേപകരുടെ ശ്രദ്ധ സ്വര്‍ണത്തില്‍ തന്നെ തുടരും.
7. ഡിജിറ്റല്‍ സ്വര്‍ണവും ETF-കളും പുതുതലമുറയെ ആകര്‍ഷിക്കുന്നു
ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ പറ്റുന്നത് ആഭരണശാലകളില്‍ നിന്നു മാത്രമല്ല - മൊബൈല്‍ ആപ്പിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയും കടലാസ് സ്വര്‍ണം വാങ്ങാം. ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ബോണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ് മുതലായവ വഴിയും സ്വര്‍ണനിക്ഷേപം നടത്താം. യുവജനങ്ങള്‍ കൂടുതലായി ഇതിലേക്കാണ് തിരിയുന്നത്. സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടാന്‍ ഇതും ഒരു കാരണമാകുന്നു.
8. ഖനന രാജ്യങ്ങളിലെ രാഷ്ട്രീയവും പരിസ്ഥിതി പ്രതിസന്ധികളും
സ്വര്‍ണം ഉത്പാദിപ്പിക്കുന്ന പ്രധാനരാജ്യങ്ങളായ പെറു, പാപ്പുവ ന്യൂഗിനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ തൊഴിലാളി സമരങ്ങളും പരിസ്ഥിതി നിയമങ്ങളും സ്വര്‍ണോല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
9. ഊഹക്കച്ചവടം വില കയറ്റുന്നു
സ്വര്‍ണം പോലുള്ള വസ്തുക്കളുടെ വിപണിയില്‍ അടിസ്ഥാനഘടകങ്ങള്‍ മാത്രമല്ല ഊഹക്കച്ചവടത്തിനും നിര്‍ണായകസ്വാധീനമുണ്ട്. വലിയ ഫണ്ട് ഹൗസുകളും നിക്ഷേപസ്ഥാപനങ്ങളും അവരുടെ ഓഹരി വിപണിയിലെ നഷ്ടം കുറയ്ക്കാന്‍ സ്വര്‍ണത്തിലും നിക്ഷേപിക്കും. സ്വര്‍ണവില കൂടുന്നു എന്നുകണ്ടാല്‍ നിക്ഷേപം കൂട്ടത്തോടെ ഇതിലേക്ക് ഒഴുകും.
10. സ്വര്‍ണവില ഇനി കുറയുമോ
സ്വര്‍ണവില ഇപ്പോള്‍ കുറയാന്‍ സാധ്യത വളരെ കുറവാണ് എന്നാണ് വിദഗ്ധര്‍ കരുതുന്നത്. യുദ്ധം, രാഷ്ട്രീയ പ്രതിസന്ധി, പണപ്പെരുപ്പം തുടങ്ങിയവ നീങ്ങുകയും ഡോളറിന്റെ ആധിപത്യം മടങ്ങിവരികയും ചെയ്യാതെ സ്വര്‍ണവില കുറയാന്‍ സാധ്യതയില്ല. താല്‍ക്കാലികമായ കുറവുകള്‍ ഉണ്ടാകാം. പക്ഷേ ദീര്‍ഘകാലത്ത് വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരും.
ഇവ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ആഗോളഘടകങ്ങള്‍. എന്നാല്‍ ഇന്ത്യയില്‍ സ്വര്‍ണവിലയെ ഇതിനുപുറമെ ആഭരണങ്ങളോടുള്ള വൈകാരിക ബന്ധവും, ആഗോള രാഷ്ട്രീയ അനിശ്ചിത്വവും രൂപയുടെ വിലയിടിവും ഇറക്കുമതിയും സ്വര്‍ണഖനനം കുറഞ്ഞതുമൊക്കെ സ്വാധീനിക്കും.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 18 Oct 2025, 07:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented