ഏതൊരു നിക്ഷേപവും തരുന്നതിന്റെ പതിമടങ്ങ് വര്‍ധനവ് ഉണ്ടാകുന്ന നിക്ഷേപം എന്ന് സ്വര്‍ണത്തെ ഇപ്പോള്‍ വിശേഷിപ്പിക്കാം, കാരണം ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ചു പായുകയാണ് സ്വര്‍ണം. ഒരു ദിവസം തന്നെ വിലയില്‍ വലിയ വര്‍ധന ഉണ്ടാകുന്നു. കൈയില്‍ സ്വര്‍ണശേഖരം ഉള്ളവര്‍ക്ക് ഈ വിലക്കയറ്റം സന്തോഷം നല്‍കുമ്പോള്‍ വരുംനാളുകളില്‍ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കായി ഒരുങ്ങുന്നവര്‍ക്ക് ഈ വില വര്‍ധന വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. സ്വര്‍ണ വില വരും ദിവസങ്ങളില്‍ വീണ്ടും കൂടുമോ അല്ലെങ്കില്‍ താഴേക്ക് വീഴുമോ എന്ന് നോക്കിനില്‍ക്കുകയാണ് ഇവര്‍.
വിലയുടെ രഹസ്യം..
രാജ്യാന്തര സ്വര്‍ണവിലയുടെ മുന്നേറ്റവും ഡോളറിനെതിരെ രൂപയുടെ റെക്കോര്‍ഡ് വീഴ്ചയുമാണ് സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് കുതിച്ചുചാട്ടത്തിനുള്ള കാരണം. താരിഫ് ഷോക്കിന് പിന്നാലെ, ട്രംപ് എച്ച്1 ബി വീസ ഫീസ് കൂട്ടിയത് ഇന്ത്യയ്ക്കുമേല്‍ പടര്‍ത്തുന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയായി. രൂപ വീണതോടെ സ്വര്‍ണം ഇറക്കുമതിച്ചെലവ് കൂടുമെന്ന ആശങ്കയും വിലവര്‍ധനയ്ക്കുള്ള കാരണമായി. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 90000 ത്തിന് മുകളില്‍ പണം നല്‍കണം. പണിക്കൂലി ഓരോ ഡിസൈനിനും അനുസരിച്ചും ജ്വല്ലറികള്‍ക്ക് അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.
കഴിഞ്ഞ വര്‍ഷം 2024 സെപ്റ്റംബര്‍ 27 ന് ഒരുപവന്‍ സ്വര്‍ണത്തിന് 56,800 രൂപയായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഒരുവര്‍ഷത്തിന് ഇപ്പുറം ഇതേ ദിവസം ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 84,680 രൂപയാണ്. ഒരുവര്‍ഷം 27880 രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന് മാത്രം കൂടിയിരിക്കുന്നത്.
നിക്ഷേപം സ്വര്‍ണത്തില്‍
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക അവരുടെ കേന്ദ്രബാങ്ക് റിസര്‍വ് കഴിഞ്ഞ ആഴ്ച അടിസ്ഥാന പലിശനിരക്ക് കാല്‍ശതമാനം കുറച്ചിരുന്നു. പലിശ നിരക്ക് കുറയുമ്പോള്‍ ബാങ്ക് നിക്ഷേപവും യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളും അനാകര്‍ഷകമാകും. ഇതോടെ സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് വലിയ സ്വീകാര്യത കൈവരും. സ്വര്‍ണവില കൂടാനുള്ള ഒരുപ്രധാന കാരണവും ഇതാണ്.
ലോകത്തിലെ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളെല്ലാം അവരുടെ കരുതല്‍ ശേഖരത്തിലേക്ക് വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. യുകെ കേന്ദ്രബാങ്ക് 63 ടണ്ണ് സ്വര്‍ണം പുതിയതായി വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
അതുപോലെ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിയിട്ടുണ്ട്. സ്വര്‍ണത്തെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് രാജ്യങ്ങള്‍ കാണുന്നത്.
വില കുറയില്ല..
സ്വര്‍ണ വില വരും നാളുകളില്‍ കുറയുമോ എന്നത് പ്രവചനാതീതമാണ്. അമേരിക്കയില്‍ പ്രസിഡന്റ് ട്രംപ് എടുത്ത ചില അപ്രതീക്ഷിത തീരുമാനങ്ങളാണ് നിലവില്‍ വലിയ കുതിപ്പിലേക്ക് സ്വര്‍ണത്തെ നയിച്ചത്. എന്നാല്‍ സ്വര്‍ണത്തിന് ഇനി വലിയ തോതില്‍ വില ഇടിയാനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വില കുറയുന്ന സാഹചര്യമുണ്ടായാലും ചെറിയ രീതിയിലുള്ള കുറവ് മാത്രമേ വിലയില്‍ പ്രതിഫലിക്കൂ എന്നും അവര്‍ പറയുന്നു. ലോകത്ത് സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് തിരിയുന്നു. ഇത് സ്വര്‍ണ്ണത്തിന്റെ വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
അതിനാല്‍ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക് തിരിയുകയും സ്വര്‍ണ്ണവില ചെറിയ തോതില്‍ കുറയുകയും ചെയ്യും. അതുപോലെ തന്നെ സ്വര്‍ണ്ണം പ്രധാനമായും ഡോളറിലാണ് വ്യാപാരം ചെയ്യുന്നത്. അതിനാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം പഴയ പ്രതാപത്തിലേക്ക് തിരിച്ചുകയറിയാല്‍ മാത്രം സ്വര്‍ണ വിലയില്‍ കുറവുണ്ടാകുകയുള്ളൂ.
അമേരിക്കയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറയുക, പശ്ചിമേഷ്യയിലും യുക്രൈനിലും സമാധാന ഉടമ്പടികള്‍ നിലവില്‍ വരിക എന്നിവ പോലുള്ള ഘടകങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കും. കൂടാതെ മറ്റ് ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ഭയങ്ങള്‍ ഇല്ലാതാകുകയുമൊക്കെ ചെയ്താല്‍ സ്വര്‍ണ വിലയെ അത് സ്വാധീനിക്കും. എന്നാല്‍ നിലവിലെ ലോകസാഹചര്യത്തില്‍ സ്വര്‍ണ വില കുറയാന്‍ വേണ്ട അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നതാണ് സത്യം. ട്രംപ് എടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുകയും ലോകരാജ്യങ്ങള്‍ കൂടുതലായി സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ പരിഹരിക്കാന്‍ കൈക്കോര്‍ക്കുകയും ചെയ്താല്‍ മാത്രമേ സ്വര്‍ണ വില കുറയുന്നതില്‍ പ്രതീക്ഷ അര്‍പ്പിക്കാനാകൂ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Analyze the current gold price surge, its causes like USD to INR fall & US interest rates, and expert predictions. Is it a good investment now?
Published: 27 Sept 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented