ഭീതിയുടെ നിഴലിൽ ലോകം കഴിഞ്ഞ രണ്ടാംലോകയുദ്ധക്കാലത്ത് ആയിരത്തോളം ജാപ്പനീസ് സൈനികരെ മുതലകൾ ആക്രമിച്ചുവെന്നൊരു കഥയുണ്ട്. മനുഷ്യനും മുതലകളും തമ്മിൽ നടന്ന ഏറ്റവും വലിയ സംഘട്ടനമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവമാണിത്. മനുഷ്യരെ വേട്ടയാടുന്നതിൽ എന്നും മുമ്പിലുള്ള ഉപ്പുവെള്ള മുതലകളാണ് ഇവിടെ പ്രതിസ്ഥാനത്ത്.
1945-ൽ ജാപ്പനീസ് സൈന്യത്തിൽനിന്ന് ബർമയിലെ റംഗൂൺ (യാങ്കോൺ) തിരിച്ചുപിടിക്കാനായി ബ്രിട്ടീഷ്, ഇന്ത്യൻ സൈന്യം സംയുക്തമായി ശ്രമം നടത്തി. റാംരി ദ്വീപ് ആക്രമിച്ച് ജാപ്പനീസ് സൈന്യത്തെ വളഞ്ഞു. ദ്വീപിനെ പ്രതിരോധിച്ച ജപ്പാൻപടയിൽ ഏകദേശം ആയിരത്തോളം പേരുണ്ടായിരുന്നു, ബർമയുടെ മെയിൻലാൻഡിനെ റാംരിയിൽ നിന്ന് വേർതിരിക്കുന്ന വിശാലമായ കണ്ടൽചതുപ്പുകളിലേക്ക് പിൻവാങ്ങാൻ ഇതോടെയവർ നിർബന്ധിതരായി. മെയിൻലാൻഡിൽ പ്രവേശിച്ച് പ്രധാനസേനയിൽ വീണ്ടും ചേരാനായിരുന്നു സംഘത്തിന്റെ പദ്ധതി. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. ഉപ്പുവെള്ളം നിറഞ്ഞ നദികളും കണ്ടൽക്കാടുകളും നിറഞ്ഞ മേഖലയിൽ മുതലകൾ ധാരാളമുണ്ടായിരുന്നു. ചതുപ്പിൽ പ്രവേശിച്ച ജാപ്പനീസ് സൈന്യം അവിടെ കുടുങ്ങി. ഇവിടെവെച്ച് സൈന്യത്തെ കൂട്ടമായി മുതല പിടിച്ചുവെന്നാണ് കഥ.
ജപ്പാൻപട അന്നേവരെ അനുഭവിച്ചതിൽ ഏറ്റവും ഭയാനകമായ രാത്രിയായിരുന്നു അതെന്ന് പിന്നീട് പലരുമെഴുതി. കറുത്ത ചതുപ്പിൽ കുടുങ്ങിയവർക്കുനേരെ വെടിവയ്പ്പുകൾ നടന്നു, ചതുപ്പിൽ റോന്തുചുറ്റിയ മുതലകൾ സൈനികരെ ആക്രമിച്ചു. മുറിവേറ്റവർ ഉറക്കെ നിലവിളിച്ചു. പുലർച്ചെ മുതലകൾ അവശേഷിപ്പിച്ച ശരീരഭാഗങ്ങൾക്കായി കഴുകന്മാരെത്തി എന്നെല്ലാമാണ് എഴുത്തുകളിൽ വന്നത്. റാംരിയുടെ ചതുപ്പുനിലങ്ങളിൽ നിന്ന് ഇരുപതോളം പേരെ മാത്രമേ പിന്നീട് ജീവനോടെ കണ്ടെത്തിയുള്ളൂവെന്ന് ചില പുസ്തകങ്ങൾ. അവർ കീഴടങ്ങുകയായിരുന്നുവെന്നും.
മുതലകൾ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ നരനായാട്ടായിട്ടാണ് സിഎഡബ്ല്യു ഗുഗ്ഗിസ്ബർഗ് എന്ന സുവോളജിസ്റ്റ് ഇതിനെ രേഖപ്പെടുത്തിയത്. ചില ജാപ്പനീസ് പട്ടാളക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു, മറ്റുള്ളവർ മുങ്ങിമരിച്ചു, പക്ഷേ കൂടുതൽ പേരെയും മുതലകൾ ഭക്ഷിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. അതേസമയം വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ഇക്കാര്യം സംശയാസ്പദമായിരുന്നു.
തിരുത്ത്
ബ്രിട്ടീഷ് സേനയിൽ സേവനമനുഷ്ഠിച്ചിരുന്ന കനേഡിയൻ ജീവശാസ്ത്രജ്ഞനായ ബ്രൂസ് റൈറ്റ് (1962) നൽകിയ വിവരണമാണ് സംഭവത്തിന്റെ യാഥാർഥവിശദീകരണമായി കണക്കാക്കുന്നത്. കൂട്ടക്കൊലയ്ക്ക് താൻ സാക്ഷ്യംവഹിച്ചതായി അദ്ദേഹം എവിടെയും പറയുന്നില്ല. മരണങ്ങളിൽ ഭൂരിഭാഗവും മുതല വേട്ടയുമായി ബന്ധപ്പെട്ടതാണെന്നും റൈറ്റ് ആരോപിക്കുന്നില്ല. അതേസമയം, ജാപ്പനീസ് സൈന്യം കീഴടങ്ങാൻ കാണിച്ച വിമുഖതയെപ്പറ്റിയും സഖ്യകക്ഷികളുടെ തീവ്രമായ ബോംബാക്രമണങ്ങളെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്. അവർ നേരിട്ട നിരവധി പ്രതിസന്ധികളിൽ ഒന്നുമാത്രമായിരുന്നു മുതലയാക്രമണമെന്നും. മാത്രമല്ല, ജാപ്പനീസ് സൈന്യത്തെ മുതലകൾ കൂട്ടക്കൊല ചെയ്തെന്ന് സ്ഥാപിക്കുന്നതിന് സൈനിക വിവരണങ്ങളിൽ വളരെക്കുറച്ച് തെളിവുകളേ ഉള്ളൂ.
കുറച്ചു സൈനികരെ മാത്രമേ മുതലകൾ പിടിച്ചിട്ടുള്ളൂ, അതായത് പത്തോ പതിനഞ്ചോ പേരെ. കുറേപ്പേർ ചതുപ്പുനിലങ്ങളിൽ മുങ്ങി മരിക്കുകയായിരുന്നു. രോഗം ബാധിച്ചും പട്ടിണി മൂലവും നൂറുകണക്കിനുപേർ മരിച്ചു. ശുദ്ധജലം ലഭ്യമായിരുന്നില്ല, ഉപ്പുവെള്ളം കുടിച്ചത് നിർജലീകരണത്തിന് കാരണമായി. ചിലർ ആത്മഹത്യ ചെയ്തു.
പിന്നീട് നടത്തിയ പഠനങ്ങളിലും ഈ അനുമാനത്തിലാണ് എത്തിയത്.
മുതലകളുടെ കൂട്ടക്കുരുതി
മേഖലയിലെ മുതലകളുടെ ജീവിതം പിൽക്കാലത്ത് പ്രതിസന്ധിയിലായി. 20-ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ റാംരി ദ്വീപിലെ കണ്ടൽക്കാടുകളിൽ നിന്ന് (റാഖൈൻ സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്നും) ഉപ്പുവെള്ള മുതലകളെ ഉന്മൂലനം ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The story of the Battle of Ramree Island, where thousands of Japanese soldiers were supposedly attacked by crocodiles. Explore the history and truth behind this event.
Published: 23 Aug 2025, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented