രക്തരൂക്ഷിതമായ പോര്‍നിലങ്ങള്‍ക്കുമീതെ മഷിക്കറുപ്പുള്ള ആകാശത്ത്, നാസിപ്പടയുടെ ലുഫ്റ്റ്വാഫെ പോര്‍വിമാനങ്ങളുടെ ഇരമ്പല്‍ ഓരോ സൈനികന്റെയും പേടിസ്വപ്നങ്ങളെ വേട്ടയാടിയിരുന്ന സമയമുണ്ടായിരുന്നു ചരിത്രത്തില്‍. അതിനെവരെ കവച്ചുവെച്ചുകൊണ്ടാണ് കാറ്റില്‍ ചൂലിന്റെ നാരുകള്‍ ഉരസുന്ന ശബ്ദം പോലെ ഒരു പുതിയ ഭീകരത രാത്രിയിലൂടെ മന്ത്രിച്ചു തുടങ്ങിയത്. അവരായിരുന്നു നിശാ മന്ത്രവാദിനികള്‍. സോവിയറ്റ് 588-ാമത് നൈറ്റ് ബോംബര്‍ റെജിമെന്റിലെ, കൗമാരം കഷ്ടിച്ച് പിന്നിട്ട ധീരരായ യുവതികള്‍.
യുദ്ധകാല ധീരതയുടെ ചരിത്രരേഖകളില്‍ തങ്ങളുടെ ഇതിഹാസം അവര്‍ കൊത്തിവെച്ചു. രാത്രിയിൽ നാസി സൈനികനിരകൾക്ക് മുകളിലൂടെ അവർ നിശ്ശബ്ദമായി ആക്രമണം അഴിച്ചുവിട്ടു. അതിനുമുകളിലെത്തുമ്പോൾ ബോംബർ വിമാനങ്ങളുടെ എഞ്ചിൻ നിശ്ശബ്ദമാക്കി, കാറ്റിൽ ചൂലിന്റെ നാരുകൾ ഉരസുന്ന ശബ്ദം മാത്രം അവശേഷിപ്പിച്ചുകൊണ്ട് കൃത്യമായ ഉഗ്രതയോടെ നാശം വിതച്ചു.
കരുണയില്ലാതെ പ്രഹരിക്കുന്ന അവരുടെ പ്രേതസമാനമായ ആക്രമണങ്ങള്‍ കാരണം ഭയന്നുവിറച്ച ജര്‍മ്മന്‍ സൈനികരാണ് അവര്‍ക്ക് ആ പേര് നല്‍കിയത്. 'നാച്ച്ഹെക്‌സന്‍' അഥവാ 'നിശാ മന്ത്രവാദിനികള്‍'. വിദേശീയരുടെ മന്ത്രവാദിനി സങ്കല്പങ്ങളില്‍ ചൂലിന്റെ പ്രാധാന്യം ഏറെയായിരുന്നല്ലോ. സോവിയറ്റുകാര്‍ ഈ സ്ത്രീകള്‍ക്ക് പൂച്ചയുടെ രാത്രിക്കാഴ്ച നല്‍കുന്ന ഗുളികകളും ചികിത്സകളും നല്‍കുന്നുണ്ടെന്ന് വരെ ജര്‍മ്മന്‍കാര്‍ക്കിടയില്‍ കിംവദന്തികള്‍ പരക്കാന്‍ തുടങ്ങി. അവരുടെ കഥയാണിത്.
1941 ജൂണില്‍, യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ അധിനിവേശ സേനയെ ഉപയോഗിച്ച് നാസി ജര്‍മനി സോവിയറ്റ് യൂണിയനിലേക്ക് കടന്നുകയറി. കുപ്രസിദ്ധമായ ആ ഓപ്പറേഷന്‍ ബാര്‍ബറോസയില്‍ ഏകദേശം നാല് ദശലക്ഷം സൈനികരാണ് പടിഞ്ഞാറ് നിന്ന് റഷ്യയിലേക്ക് പ്രവേശിച്ചത്. റഷ്യന്‍ ജനതയ്ക്കെതിരെ എണ്ണമറ്റ അതിക്രമങ്ങള്‍ നടന്ന, രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ സൈനിക നടപടികളില്‍ ഒന്നായിരുന്നു ഈ ആക്രമണം.
അന്ന് സോവിയറ്റ് പൈലറ്റായിരുന്നു കേണല്‍ മരീന റാസ്‌കോവ. 'റഷ്യന്‍ അമേലിയ ഇയര്‍ഹാര്‍ട്ട്' എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. അമേരിക്കയിലെ ഏറെ പ്രശസ്തയായ ആദ്യ വനിതാ പൈലറ്റായിരുന്നു അമേലിയ ഇയര്‍ഹാര്‍ട്ട്. അവരുടെ പേരുകൂടി ചേര്‍ത്താണ് മരീന റാസ്‌കോവയ്ക്ക് ഇങ്ങനെയൊരു വിശേഷണം ലഭിച്ചത്.
യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. യുദ്ധത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന റഷ്യയിലെമ്പാടുമുള്ള സാധാരണ സ്ത്രീകളില്‍ നിന്ന് റാസ്‌കോവയ്ക്ക് കത്തുകള്‍ ലഭിക്കാന്‍ തുടങ്ങി. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയാണ് ആ സ്ത്രീകൾ യുദ്ധക്കളത്തിലേക്കിറങ്ങാന്‍ ആഗ്രഹിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രതികാരദാഹമാണ് ഓരോ കത്തുകള്‍ക്കു പിന്നിലും.
സൈനികര്‍ക്ക് പിന്തുണ നല്‍കുന്ന ജോലികളില്‍ അക്കാലത്ത് പല സ്ത്രീകളും സേവനമനുഷ്ടിക്കുന്നുണ്ടെങ്കിലും മുഖ്യധാരാ സൈനികപ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ അവര്‍ക്കൊന്നും സാധിച്ചിരുന്നില്ല. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ വെറും പിന്തുണാറോളുകളിൽ മാത്രം ഒതുങ്ങിയിരുന്നു അന്നത്തെ സ്ത്രീകൾ. അവര്‍ക്ക് യുദ്ധത്തില്‍ കൂടുതല്‍ സജീവമായ പങ്ക് വഹിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ റാസ്‌കോവ സമ്മര്‍ദ്ദം ചെലുത്തി. ആ ശ്രമങ്ങളില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇത് സ്ത്രീകളെ സൈനിക സേവനത്തിന് യോഗ്യരാക്കുകയും, പൂര്‍ണ്ണമായും വനിതകള്‍ അടങ്ങുന്ന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഉത്തരവ് നൽകുകയും ചെയ്തു.
പൈലറ്റുമാര്‍ മുതല്‍ കമാന്‍ഡര്‍മാരും മെക്കാനിക്കുകളും വരെ എല്ലാവരും സ്ത്രീകളായിരുന്ന 588-ാമത് നൈറ്റ് ബോംബര്‍ റെജിമെന്റ് എന്ന രാത്രി ബോംബര്‍ സംഘം പൂര്‍ണ്ണമായും വനിതകളുടേതായി അന്ന് രൂപീകരിക്കപ്പെട്ടു. 17-നും 26-നും ഇടയില്‍ പ്രായമുള്ള യുവതികള്‍ വിമാനം പറത്താനുള്ള പരിശീലനം ആരംഭിക്കുന്നതിനായി എംഗല്‍സ് എന്ന ചെറിയ പട്ടണത്തിലേക്ക് മാറി. യുദ്ധകാലാടിസ്ഥാനത്തില്‍ അവര്‍ക്ക് പരിശീലനവും നല്‍കി. പുരുഷ സൈനികര്‍ക്കായി നിര്‍മ്മിച്ച, പാകമല്ലാത്ത സൈനിക യൂണിഫോമുകള്‍ മുതല്‍ ബൂട്ടുകള്‍ വരെ ഒട്ടും സുഖകരമല്ലാത്ത സൗകര്യങ്ങള്‍ മാത്രമാണ് അന്ന് അവര്‍ക്ക് ലഭിച്ചത്.
എന്തിനു പറയുന്നു അന്നത്തെ ഏറ്റവും ഗുണനിലവാരം കുറഞ്ഞ പോളികാര്‍പോവ് പിഒ-2 വിമാനങ്ങളായിരുന്നു അവര്‍ക്ക് പറത്താനുണ്ടായിരുന്നത്. രണ്ട് സീറ്റുകളുള്ള, തുറന്ന കോക്ക്പിറ്റുള്ള, അന്നത്തെ നിലവാരമനുസരിച്ച് പോലും കാലഹരണപ്പെട്ട ബൈപ്ലെയിനുകള്‍. പ്ലൈവുഡ് ചട്ടക്കൂടില്‍ ക്യാന്‍വാസ് വലിച്ചുകെട്ടി നിര്‍മ്മിച്ച ഈ വിമാനങ്ങള്‍ ഭാരം കുറഞ്ഞതും വേഗത കുറഞ്ഞതുമായിരുന്നു. ഉര്‍വശീശാപം ഉപകാരമെന്ന പോലെ സാധാരണ ജര്‍മ്മന്‍ യുദ്ധവിമാനങ്ങളേക്കാള്‍ കുറഞ്ഞ സ്പീഡ് ശത്രുക്കള്‍ക്ക് അവയെ ലക്ഷ്യമിടാന്‍ പ്രയാസമുള്ളതാക്കി. കൂടാതെ എവിടെനിന്നും പറന്നുയരാനും ഇറങ്ങാനും അവയ്ക്ക് കഴിഞ്ഞിരുന്നു.
എന്നിരുന്നാലും ഒരൊറ്റ ചെറിയ വെടിയുണ്ട മതിയായിരുന്നു ആ വിമാനങ്ങള്‍ തീഗോളങ്ങളായി മാറാന്‍. അതുകൊണ്ടുതന്നെ ജീവന്‍ കയ്യില്‍വെച്ചുള്ള ഞാണിന്മേല്‍ കളിയായിരുന്നു ആ സ്ത്രീകൾക്കത്. എന്നാല്‍ ഇതൊന്നും 588-ാമത് റെജിമെന്റിലെ സ്ത്രീകളെ നിരുത്സാഹപ്പെടുത്തിയില്ല. 1942 ജൂണ്‍ 8-ന് ആദ്യത്തെ ബോംബിങ് ആക്രമണത്തോടെ ആരംഭിച്ച്, യുദ്ധം അവസാനിക്കുന്നതുവരെ ഈ വനിതാ സ്‌ക്വാഡ്രണ്‍ രാത്രികാല ബോംബിങ് ആക്രമണങ്ങളിലൂടെ നാസി സേനയെ നിരന്തരം ശല്യപ്പെടുത്തി. രണ്ടംഗങ്ങളുള്ള 40-ഓളം സംഘങ്ങള്‍ റെജിമെന്റില്‍ ഉണ്ടായിരുന്നു. അത്രയും പേരാണ് ഒറ്റത്തവണ ആക്രമണം നടത്തുക.
വ്യക്തമായ കഴിവുകള്‍ ഉണ്ടായിരുന്നിട്ടും, സോവിയറ്റ് സൈന്യത്തിലെ പലര്‍ക്കും സ്ത്രീകള്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നത് പരിഹാസ്യമായ ആശയമായി തോന്നി. അതുകൊണ്ടുതന്നെയാണ് കാലഹരണപ്പെട്ട സൗകര്യങ്ങളില്‍ ഒതുങ്ങിക്കൂടി അവര്‍ക്ക് കഴിവുകള്‍ തെളിയിക്കേണ്ടി വന്നതും.
യുദ്ധം അവസാനിക്കുമ്പോഴേക്കും, 'നൈറ്റ് വിച്ചസ്' ഏകദേശം 30,000 ബോംബിങ് റെയ്ഡുകള്‍ നടത്തുകയും, ഏകദേശം 23,000 ടണ്‍ വെടിക്കോപ്പുകള്‍ നാസികള്‍ക്ക് മേല്‍ വര്‍ഷിക്കുകയും ചെയ്തിരുന്നു. പോരാട്ടത്തിനിടയില്‍ 588-ാമത് റെജിമെന്റിന് വെറും 30 പൈലറ്റുമാരെ മാത്രമേ നഷ്ടമായുള്ളൂ എന്ന വസ്തുതയും അവരുടെ കഴിവിനെ എടുത്തുകാട്ടുന്ന ഒന്നാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: discover the heroic tale of the 588th night bomber regiment, the all-female soviet pilots who terrorized the nazis in wwII.
Published: 01 Oct 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented