മുതിര്‍ന്നവരാണെങ്കിലും കുട്ടികളാണെങ്കിലും സാമൂഹികമാധ്യമങ്ങളുമായി ഇഴുകിച്ചേര്‍ന്നു ജീവിക്കുന്നവരാണ് ഇന്നത്തെയാളുകള്‍. നിത്യജീവിതം മെച്ചപ്പെടുത്താന്‍ പല ആനുകൂല്യങ്ങളും സോഷ്യല്‍ മീഡിയ നല്‍കുന്നുണ്ടെങ്കിലും അമിതമായ ഉത്കണ്ഠയും സമ്മര്‍ദ്ദവും അതിനൊപ്പം വരുന്ന ദോഷവശമാണ്. അമിതമായ സോഷ്യല്‍ മീഡിയാ ഉപയോഗം മൂലം കുട്ടികള്‍ ഫോണുകളിലേക്ക് ഒതുങ്ങുന്നത് നിയന്ത്രിക്കാനാവാതെ രക്ഷിതാക്കള്‍ കുഴങ്ങാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പെട്ടെന്നൊരുദിവസം അത് നിരോധിച്ചാല്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയും ചെയ്യും.  

ഭാവിതലമുറയുടെ മാനസികാരോഗ്യം മുന്നില്‍ കണ്ട് ഓസ്‌ട്രേലിയ രാജ്യത്തെ 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള ആലോചനയിലാണിപ്പോള്‍. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ സാമൂഹികമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതികൂലഘടകങ്ങള്‍ക്ക് അറുതി വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്തയാഴ്ച നിര്‍ദേശം പാര്‍ലമെന്റിലെത്തുമെന്നാണ് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് അറിയിച്ചിരിക്കുന്നത്. 

ഓണ്‍ലൈനില്‍ കുട്ടികള്‍ സുരക്ഷിതരാണോയെന്ന് ആശങ്കപ്പെടുന്ന തന്നെപ്പോലെയുള്ള മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് പുതിയ നിയമനിര്‍മാണമെന്നും അദ്ദേഹം പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിലവില്‍ സജീവമായ വ്യക്തികളെ നിരോധനം ബാധിച്ചേക്കില്ല. നിയമനിര്‍മാണത്തിന്റെ മറ്റു വശങ്ങള്‍ വ്യക്തമാവുന്നേയുള്ളൂ.

കുട്ടികളില്‍ ഉത്കണ്ഠ
സാമൂഹികമാധ്യമങ്ങള്‍ കുട്ടികളില്‍ ഉത്കണ്ഠയ്ക്കും വിഷാദത്തിനും ആത്മനിന്ദയ്ക്കുമെല്ലാം കാരണമാവാറുണ്ട്. പ്രധാനമായും പുതിയ തലമുറക്കാരില്‍. മറ്റുള്ളവരുമായി തങ്ങളെ സ്വയം താരതമ്യം ചെയ്യുന്നതും എപ്പോഴും അതൃപ്തരായിരിക്കുന്നതും കൈയിലൊതുങ്ങാത്തത് എത്തിപ്പിടിക്കാനുള്ള ശ്രമത്തിനിടെ സമ്മര്‍ദ്ദത്തിലകപ്പെടുന്നതുമൊക്കെ ദോഷവശങ്ങളാണ്. സൈബര്‍ ബുള്ളിയിങ് ആണ് മറ്റൊരു അപകടം. സോഷ്യല്‍ മീഡിയ കുട്ടികളില്‍ നിരോധിക്കുന്നതിലൂടെ സമ്മര്‍ദ്ദങ്ങളില്ലാതെ സ്വയം തിരിച്ചറിവിലെത്താന്‍ അവര്‍ക്ക് അവസരം ലഭിക്കുമെന്നാണ് ഭരണകൂടം കരുതുന്നത്. 

ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള കാര്യങ്ങള്‍ മാത്രം പങ്കുവെക്കുന്നയിടമാണ് ഒരര്‍ഥത്തില്‍ സാമൂഹികമാധ്യമങ്ങള്‍. അതും അല്പം പൊലിപ്പിക്കല്‍കൂടി ചേര്‍ത്ത്. ഓരോ വ്യക്തിയും തങ്ങള്‍ കടന്നുപോയ പരാജയങ്ങളും ബുദ്ധിമുട്ടുകളും പരമാവധി മറച്ചുവെക്കാന്‍ ശ്രമിക്കും. മറ്റുള്ളവരുടെ ഏറ്റവും പെര്‍ഫെക്റ്റായ കാര്യങ്ങള്‍ മാത്രം കാണുമ്പോള്‍ ബാക്കിയുള്ളവരില്‍ അസ്വസ്ഥതയുണ്ടാവും. ഒന്നിലും തൃപ്തി വരാതിരിക്കുകയും ചെയ്യും. 

കൂടുതല്‍ സമയം സ്‌ക്രീന്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ സ്‌കൂളിലെ പഠനനിലവാരത്തെ ബാധിക്കുകയും സാമൂഹികവത്കരണത്തിന് തടസ്സം നില്‍ക്കുകയും ചെയ്യും.  

അതേസമയം, പുതിയ കാലത്തെ ഡിജിറ്റല്‍ ലിറ്ററസി പരിചയപ്പെടുന്നതില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പൂര്‍ണമായും അവരെ അതില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ അവര്‍ പുറകിലാവും. ഡിജിറ്റല്‍ സാമൂഹിക ബന്ധവും ഇന്നത്തെ കാലത്ത് അനിവാര്യമാണ്. ഇതിനൊക്കെ പുറമെ, പൂര്‍ണമായും നിരോധിച്ചാല്‍ കുട്ടികള്‍ അത് രഹസ്യമായി ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്.