സോഷ്യൽമീഡിയ സ്റ്റാറും അമേരിക്കയിലെ സെലിബ്രിറ്റി ന്യായാധിപനുമായ ഫ്രാങ്ക് കാപ്രിയോ ഓർമയായി. പാൻക്രിയാസിൽ അർബുദം ബാധിച്ച അദ്ദേഹം, ദീർഘനാളത്തെ പോരാട്ടത്തിനുശേഷമാണ് മരണത്തിന് കീഴടങ്ങിയത്. റോഡ് ഐലൻഡിൽ പ്രൊവിഡൻസ് മുൻസിപ്പൽ കോടതിയിലെ ചീഫ് ജഡ്ജിയായിരുന്നു കാപ്രിയോ. 1985 മുതൽ 2023 വരെ അദ്ദേഹം അവിടെ സേവനമനുഷ്ഠിച്ചു.

അതിനുശേഷം അവതരിപ്പിച്ച ഷോയിലൂടെയാണ് അദ്ദേഹം പ്രശസ്തനാവുന്നത്. 'കോട്ട് ഇൻ പ്രൊവിഡൻസ്' എന്നായിരുന്നു ആ ഷോയുടെ പേര്. കോടതിമുറിയിലായിരുന്നു അത് ചിത്രീകരിച്ചിരുന്നത്. നർമം കലർന്ന അദ്ദേഹത്തിന്റെ സംഭാഷണം ആളുകളെ പൊട്ടിച്ചിരിപ്പിച്ചു. ആ സഹാനുഭൂതി അവരുടെ മനസ്സ് നിറച്ചു. ഏറ്റവും കൂടുതൽ സഹാനുഭൂതിയുള്ള ന്യായാധിപൻ എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്.

ഷോയുടെ ചെറിയ ക്ലിപ്പുകൾ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചു. അപ്പോഴാണ് ആ ന്യായാധിപനെപ്പറ്റി കൂടുതൽ ആളുകളറിയുന്നത്. അദ്ദേഹത്തെക്കുറിച്ച് അറിയാത്തവർ പോലും ആ സംഭാഷണശൈലിയിലൂടെ കാപ്രിയോയുടെ ആരാധകരായി. കോടതിയിലിരുന്ന് ആളുകളെ ക്ഷമയോടെ കേൾക്കുന്ന കാപ്രിയോയുടെ മുഖം ആർക്കും പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല.

''നീതിന്യായം എല്ലാവർക്കും ലഭ്യമാകണം'', ഒരു വീഡിയോയിൽ അദ്ദേഹം പറഞ്ഞതിങ്ങനെ. ''എന്നാൽ സത്യമങ്ങനെയല്ല. അമേരിക്കയിലെ താഴ്ന്ന വരുമാനമുള്ള 90 ശതമാനത്തിലേറെ പേരും ആരോഗ്യം, അന്യായമായ കുടിയൊഴിപ്പിക്കൽ, ഗതാഗത നിയമലംഘനങ്ങൾ പോലുള്ള പ്രശ്‌നങ്ങളോട് വർഷങ്ങളായി ഒറ്റയ്ക്ക് പോരാടുന്നവരാണ്''. ആ വിടവ് നികത്താൻ അദ്ദേഹം എപ്പോഴും ശ്രമിക്കുകയും ചെയ്തു.

ചിലപ്പോഴൊക്കെ, മാതാപിതാക്കളെക്കുറിച്ച് വിധി പറയാൻ കുട്ടികളെ ബെഞ്ചിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട് അദ്ദേഹം. ഒരു മേലങ്കി ധരിച്ച്, ദയാലുവായ അമ്മാവൻ ഇരിക്കുന്നതുപോലെയായിരുന്നു കുട്ടികൾക്ക് കാപ്രിയോ. അത്തരം വീഡിയോകളാണ് ആളുകളെ കൂടുതൽ ആകർഷിച്ചതും. പലതും ബില്യൺ കണക്കിന് ആളുകളാണ് കണ്ടത്.

2023-ലാണ് അർബുദം ബാധിച്ച കാര്യമറിയുന്നത്. അതിനുശേഷം ചികിത്സയിലായിരുന്നു. മരിക്കുന്നതിന് 24 മണിക്കൂർ മുമ്പ് അദ്ദേഹം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ''പോരാട്ടം തുടരുകയാണ്, പ്രാർഥനയിൽ ഉൾപ്പെടുത്തണം'' എന്നാണ് അദ്ദേഹം ആ വീഡിയോയിൽ പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതൽ മോശമാവുകയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi