നിതിലന്‍ സ്വാമിനാഥന്‍ സംവിധാനവും രചനയും ചെയ്ത് 2024 പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലറാണ് മഹാരാജ. വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രം കൂടിയായ മഹാരാജയിൽ അനുരാഗ് കശ്യപാണ് വില്ലന്‍ വേഷത്തില്‍ എത്തിയത്. 2024 ജൂൺ 14 ന് തിയറ്റേറുകളിലും ജൂലെെ 12 ന് നെറ്റ്ഫ്‌ളിക്‌സിലും റിലീസായ ചിത്രം അഭിനയമികവിനും ഗുണനിലവാരത്തിനും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ക്രൂരമായ അക്രമരംഗങ്ങളുടെ പേരില്‍ സിനിമയ്ക്ക് വന്‍വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നെങ്കിലും ചിത്രം വൻവിജയമായിരുന്നു. ഇപ്പോഴിതാ അക്രമരംഗങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിട്ട സമീപകാല ചിത്രങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് അനുരാഗ് കശ്യപ്.

അടുത്തിടെ പുറത്തിറങ്ങിയ 'കില്‍' എന്ന തന്റെ തമിഴ് ചിത്രത്തിലെ അക്രമരംഗങ്ങള്‍ക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. പക്ഷേ അതൊന്നും താന്‍ കാര്യമാക്കുന്നില്ല, ചില സിനിമകളില്‍ അക്രമം തീര്‍ത്തും യാഥാര്‍ഥവും തീവ്രവുമായി കാണപ്പെടണമെന്ന് വിശ്വസിക്കുന്നു, കാരണം അതിലൂടെ അത്തരം ക്രൂരതകള്‍ ചെയ്യുന്ന ആളുകളെ തടയാന്‍ സഹായിക്കുമെന്നും കശ്യപ് അഭിപ്രായപ്പെട്ടു. 

ആഷിക് അബുവിന്റെ  'റൈഫിള്‍ ക്ലബ്ബി'ലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന അനുരാഗ് കശ്യപ് പ്രാദേശിക സിനിമകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ''മലയാള സിനിമകളിലെ കഥപറച്ചില്‍ രീതി മതിപ്പുളവാക്കുന്നതാണ്. മലയാള സിനിമ ഓരോ വ്യക്തിക്കും അനുയോജ്യമായ യഥാര്‍ഥ കഥകള്‍ പറയുന്നു. കച്ചവടത്തേക്കാള്‍ അവര്‍ തങ്ങളെത്തന്നെയാണ് സൃഷ്ടിക്കുന്നത്. 'ഭ്രമയുഗം' പോലൊരു സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മറ്റൊരു ഇന്‍ഡസ്ട്രിയിലും ഉണ്ടാകില്ല. ഒട്ടനവധി പ്രാദേശിക സിനിമകള്‍ അതിരുകള്‍ക്കപ്പുറത്തേക്ക് പോകുന്നുണ്ടെന്നും മലയാളത്തിൽ വാണിജ്യ സിനിമകള്‍ പോലും യാഥാർഥ വിനോദമാണ്. 'ആവേശം' പോലൊരു സിനിമയില്‍, മൂന്ന് സോഷ്യല്‍മീഡിയാ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിക്കാന്‍ പോലും  മടി കാണിച്ചില്ല'' -അനുരാഗ് പറഞ്ഞു.

വീട് കൊള്ളയടിക്കാൻ വന്ന മോഷ്ടാക്കൾക്കെതിരെ പ്രതികാരം ചെയ്യുന്ന ഒരു ബാര്‍ബറെ ചുറ്റിപ്പറ്റിയുള്ള കഥയാണ് മഹാരാജയുടെ ഇതിവൃത്തം. തന്റെ 'ലക്ഷ്മി'യെ കാണാനില്ലെന്ന്  പോലീസിനോട് പറയുകയും  'ലക്ഷ്മി'യെ വീണ്ടെടുക്കാനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട തുടർന്നുണ്ടാകുന്ന അന്വേഷണവും നായകന്റെയും വില്ലന്റെയും മുൻകാല കഥയുമായാണ് സിനിമ മുന്നോട്ട് പോകുന്നത്.  മഹാരാജയെ കൂടാതെ , ഡിസ്‌നി+ ഹോട്ട്സ്റ്റാറിന്റെ 'ബാഡ് കോപ്പിലും' അനുരാഗ് കശ്യപ് അഭിനയിച്ചിരുന്നു. എട്ട് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലര്‍ ആദിത്യ ദത്ത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.