മഞ്ഞുപുതച്ച അന്റാർട്ടിക്കയുടെ മധ്യത്തിലൂടെ, കൂറ്റൻ പർവതങ്ങളെ ലക്ഷ്യമാക്കി ഒറ്റയ്ക്ക് നടന്നുനീങ്ങുന്ന ഒരു പെൻഗ്വിൻ ഇപ്പോൾ ഇന്റർനെറ്റിലെ പുതിയ താരമാണ്. കോടിക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ പതറാത്ത മനക്കരുത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു.
ജീവിതത്തിൽ തളച്ചിടപ്പെട്ട മനുഷ്യരേക്കാൾ ധൈര്യം ഈ പെൻഗ്വിനുണ്ടെന്നും, അത് തിരഞ്ഞെടുത്തത് 'ആരും നടക്കാത്ത വഴികളാണെന്നും' സോഷ്യൽ മീഡിയ പാടി പുകഴ്ത്തുന്നു. ഈ വിഡിയോയെ ചുറ്റിപ്പറ്റി നിരവധി മീമുകളും പുറത്തിറങ്ങി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന തന്റെ ഭീഷണി ആവർത്തിക്കാൻ ഈ പെൻഗ്വിന്റെ എഐ ചിത്രം പങ്കുവെച്ചു.
ചാറ്റ്ജിപിടിയും ഈ ചർച്ചയിൽ പങ്കുചേർന്നു. 'ചാറ്റ്ജിപിടി ട്രിക്സ്' എന്ന ഔദ്യോഗിക ഹാൻഡിലിൽ ബോട്ട് കുറിച്ചത് ഇങ്ങനെയാണ്: "ആളുകൾ ഇത് പങ്കുവെക്കുന്നത് അതൊരു വിചിത്രമായ കാഴ്ചയായതുകൊണ്ടല്ല. പലരും ഉള്ളിൽ ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആ ദൃശ്യങ്ങൾ ഉറക്കെ പറയുന്നതുകൊണ്ടാണ്. വിശദീകരണങ്ങൾ നിശബ്ദതയേക്കാൾ ഭാരമുള്ളതായി തോന്നുമ്പോഴാണ് ആളുകൾ ആ പെൻഗ്വിനോട് താദാത്മ്യം പ്രാപിക്കുന്നത്."
ഈ വീഡിയോയുടെ സത്യാവസ്ഥ തിരഞ്ഞുചെന്നപ്പോഴാണ് പലരും ആ സത്യം മനസ്സിലാക്കിയത്. ഇതൊരു പുതിയ വീഡിയോ അല്ല. പ്രശസ്ത ജർമ്മൻ സംവിധായകൻ വെർണർ ഹെർസോഗ് 2007-ൽ പുറത്തിറക്കിയ 'എൻകൗണ്ടേഴ്സ് അറ്റ് ദ എൻഡ് ഓഫ് ദ വേൾഡ്' എന്ന ഡോക്യുമെന്ററിയിലേതാണ് ഈ ദൃശ്യങ്ങൾ.
ഭക്ഷണം തേടി കടലിലേക്ക് പോകുന്നതിന് പകരം, ഈ അഡെലി പെൻഗ്വിൻ തന്റെ കോളനിയിൽ നിന്ന് മാറി മഞ്ഞുപർവതങ്ങളിലേക്ക് നടന്നു.
സാധാരണയായി കൂട്ടം ചേർന്ന് ജീവിക്കുന്ന പെൻഗ്വിനുകളിൽ നിന്ന് വ്യത്യസ്തമായ ഈ പ്രവൃത്തിയെ 'മരണയാത്ര' എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്. കാരണം, വിജനമായ മഞ്ഞുഭൂമിയിൽ ആ പെൻഗ്വിൻ അതിജീവിക്കാൻ യാതൊരു സാധ്യതയുമില്ലായിരുന്നു.
ഏകദേശം 70 കിലോമീറ്ററോളം ഒറ്റയ്ക്ക് നടന്ന പെൻഗ്വിൻ താമസിയാതെ ചത്തുപോയതായി വിദഗ്ധർ സ്ഥിരീകരിച്ചു. തന്റെ പങ്കാളി നഷ്ടപ്പെട്ടതിലുള്ള വിഷാദമാണ് ഇതിന് കാരണമെന്ന് സോഷ്യൽ മീഡിയ കരുതുന്നു.
ജനുവരിയിലാണ് ഈ മീമുകൾ വ്യാപകമായത്. ജീവിതത്തിൽ തളർന്നുപോയവരും വൈകാരികമായി തകർന്നവരും ഈ പെൻഗ്വിന്റെ ഏകാന്തയാത്രയിൽ തങ്ങളെത്തന്നെ കാണുന്നു. "ഞാനൊരു പക്ഷിയാണ്, പക്ഷെ എനിക്ക് പറക്കാനാവില്ല. അതുകൊണ്ട് ആകാശത്തെ തൊടാൻ ഞാൻ മലനിരകളിലേക്ക് നടക്കുന്നു." "ബാക്കിയുള്ളവർ ജീവിച്ചു, അവൻ അതിജീവിച്ചു" എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ. 'ബീ ദ പെൻഗ്വിൻ' എന്ന ഹാഷ്‌ടാഗോടെയാണ് പലരും ഇത് പങ്കുവെക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the true story behind the viral `lone penguin` video from Antarctica. Was it a symbol of resilience or a tragic journey? Find out the facts.
Published: 27 Jan 2026, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented