ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സുസ്മിത സെന്നും ഒപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളെക്കുറിച്ച് അടുത്തിടെ നടി അമൃത റാവു തുറന്നു പറഞ്ഞിരുന്നു. രണ്‍വീര്‍ അല്ലാബാഡിയയുടെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് അമൃതയുടെ വെളിപ്പെടുത്തല്‍. 'മേം ഹൂം നാ' എന്ന ജനപ്രിയസിനിമയിൽ പ്രധാന വേഷം ചെയ്തിട്ടുള്ള നടിയാണിവര്‍. സുസ്മിതയോടൊപ്പം അഭിനയിക്കുന്നതിന് മുമ്പ്, ഒരു പാര്‍ട്ടിയില്‍ വെച്ച് അവരെ കണ്ട കാര്യം അമൃത ഓര്‍ത്തെടുത്തു.

സുസ്മിത ആളുകളെ അഭിനന്ദിക്കുന്ന രീതി കണ്ട് താന്‍ വളരെ ആകൃഷ്ടയായതായി അമൃത പറഞ്ഞു. 'പാര്‍ട്ടിക്ക് ശേഷം, സുസ്മിത എന്നെ വീട്ടില്‍ വിടാമെന്ന് വാഗ്ദാനം ചെയ്തു. ഞങ്ങള്‍ എത്തിയപ്പോള്‍, 'ഞാന്‍ വീട്ടിലേക്ക് വരാം' എന്ന് അവര്‍ പറഞ്ഞു. പുലര്‍ച്ചെ 2 മണി ആയിരുന്നു, എന്റെ സോഫയില്‍ മിസ് യൂണിവേഴ്‌സ് ഇരിക്കുന്നു. എനിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

പാര്‍ട്ടിയിലെ എല്ലാ പെണ്‍കുട്ടികളിലും വെച്ച്, അവര്‍ എന്നെ ശ്രദ്ധിച്ചുവെന്ന് അവര്‍ എന്റെ അമ്മയോട് പറഞ്ഞു. 'എന്റെ മകള്‍ റെനി വളരുമ്പോള്‍, അവള്‍ നിങ്ങളെപ്പോലെയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് പോലും സുസ്മിത പറഞ്ഞു. ഞാന്‍ എപ്പോഴും ആദരവോടെ നോക്കിയിരുന്ന ഒരാളില്‍ നിന്നുള്ള ഹൃദയംഗമമായ അഭിനന്ദനമായിരുന്നു അത്.' അമൃത പറയുന്നു.

ഷാരൂഖ് ഖാന്റെ കൂടെയുള്ള അനുഭവങ്ങളും അമൃത പങ്കുവെച്ചു. സെക്കന്‍ഡ് ടേക്കുകളില്‍ വളരെ അപൂര്‍വമായി മാത്രം വിശ്വസിച്ചിരുന്ന നടനാണ് അദ്ദേഹം എന്ന് അമൃത പറഞ്ഞു. 'നല്ല തമാശക്കാരനായിരുന്നു ഷാരൂഖ്. ചെയ്യുന്ന കഥാപാത്രത്തോട് അത്രത്തോളം താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.' നടി കൂട്ടിച്ചേര്‍ത്തു. ഷാരൂഖില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പുതുമുഖങ്ങളെ അദ്ദേഹം നിരീക്ഷിക്കുന്ന രീതിയാണെന്നും അമൃത പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi