തമിഴ് നടൻ വിജയ്ക്ക് കുറച്ചുനാളുകളായി മോശം കാലമാണ്. ഭാര്യ നൽകിയ വിവാഹമോചനഹർജി, 'ജനനായകൻ' (Jana Nayagan)സിനിമ റിലീസാവാതെ നീളുന്നു...പ്രശ്‌നങ്ങളേറെയാണ്. സ്വകാര്യജീവിതത്തിന്റെ കാര്യത്തിൽ ഇതുവരെ വിജയ് ഒരു പരസ്യപ്രസ്താവനയും നടത്തിയിരുന്നില്ല.

അതിനിടെയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താരം തഞ്ചാവൂരിലെത്തിയത്. അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധനയും ചെയ്തു വിജയ്. തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയ വിജയ്, തനിക്കൊരു അവസരം നൽകണമെന്ന് വോട്ടർമാരോട് അഭ്യർഥിക്കുകയും ചെയ്തു.

തിരുച്ചിറിപ്പള്ളിയിലെ തന്റെ പ്രസംഗത്തിലെ ചില വാചകങ്ങൾ അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. 'വിജയ് എന്നാൽ തമിഴ്നാടും തമിഴകത്തിന്റെ വിജയും എന്ന വാചകമാണ് വീണ്ടും പറഞ്ഞത്.

'ജനനായകൻ' എന്ന സിനിമയുടെ റിലീസ് നീളുന്നതിനെക്കുറിച്ചും വിജയ് സംസാരിച്ചു. ''ജനനായകൻ എന്ന സിനിമ റിലീസ് നീണ്ടപ്പോൾ, നിരവധി പേർ പിന്തുണയുമായെത്തി. നമ്മുടെ മുഖ്യമന്ത്രി പോലും പിന്തുണ പ്രഖ്യാപിച്ചു. അതിന് ഞാൻ അവരോട് നന്ദി പറയുന്നു. മുഖ്യമന്ത്രി, നിങ്ങൾക്ക് എന്നെ നിശബ്ദനാക്കാൻ ശ്രമിക്കാം. പക്ഷേ എല്ലാ വീട്ടിലെയും എല്ലാ വിജയ്യെയും നിശബ്ദരാക്കാൻ കഴിയില്ല. അവർ ഇതിനകം തന്നെ അവരുടെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു''.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കരൂരിൽ വിജയ് പങ്കെടുത്ത റാലിയിലുണ്ടായ തിക്കിലും തിരക്കിലും 9 കുട്ടികൾ ഉൾപ്പെടെ 41 പേരാണ് മരിച്ചത്. അതിനുപിന്നാലെ വിജയ്‌യുടെ അവസാനചിത്രമായ 'ജനനായകൻ' റിലീസ് അനന്തമായി നീളുകയും ചെയ്തു. നേരത്തെ ജനുവരി 9-നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ റിലീസിനോടനുബന്ധിച്ച് വീണ്ടും തീയതി നീട്ടുകയായിരുന്നു. രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്ന താരത്തിന്റെ വിടവാങ്ങൽ ചിത്രമാണ് 'ജനനായകൻ,' അതുകൊണ്ടുതന്നെ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi