വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി (കിഴക്ക്) എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുകയാണ് നടൻ വിജയ്. തനിക്ക് 603 കോടി രൂപയുടെ ആസ്തികളുണ്ടെന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ അക്കൗണ്ടുകളിലായി 213 കോടി രൂപയിലധികം വരുന്ന ബാങ്ക് നിക്ഷേപങ്ങളും ഇതിലുൾപ്പെടും.

ബിഎംഡബ്ല്യു 530, ടൊയോട്ട ലക്സസ്, ടൊയോട്ട വെൽഫയർ, ബിഎംഡബ്ല്യു i7 തുടങ്ങിയ ആഡംബര കാറുകൾ സ്വന്തമായുണ്ട്. അതേസമയം, ഭാര്യ സംഗീതയ്ക്ക് 15.76 കോടി രൂപയുടെ പ്രത്യേക ആസ്തികളുണ്ട്. ഇതിൽ 15.51 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 25 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു. അതേസമയം, സംഗീത വിജയ്‌യിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്.

വിജയ്‌യുടെ സ്വത്തുക്കൾ
404.58 കോടി രൂപയുടെ ജംഗമസ്വത്തുക്കളും 198.62 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളുമാണ് (movable and immovable property) വിജയ്‌ക്കുള്ളത്. കൊടൈക്കനാലിലെ കൃഷിഭൂമിയും ചെന്നൈയിലെ വാണിജ്യ, താമസ കെട്ടിടങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. കൈവശം 2 ലക്ഷം രൂപ പണമായുണ്ട്. 883 ഗ്രാം സ്വർണ്ണം, 15 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ എന്നിവയും സ്വന്തമായുണ്ട്. 2024-25 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണുകളിൽ 184.53 കോടി രൂപയുടെ മൊത്തം വരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങൾ സ്വയംതൊഴിൽ, പലിശ വരുമാനം, വസ്തുവിൽ നിന്നുള്ള വാടക എന്നിവയാണ്.

വായ്പകൾ
ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ കുടിശ്ശികകളോ തീർപ്പാക്കാത്ത ബാധ്യതകളോ ഇല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, പലർക്കും പൈസ കടംകൊടുത്തിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ജനറൽ സെക്രട്ടറി എൻ. ആനന്ദിന് 3 കോടി രൂപ വായ്പ നൽകി. ഭാര്യ സംഗീതയ്ക്ക് 12.60 കോടി രൂപയും, അച്ഛനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിന് 3.02 കോടി രൂപയും, അമ്മ ശോഭ ശേഖറിന് 8.71 ലക്ഷം രൂപയും, മകൻ ജേസൺ സഞ്ജയ്ക്ക് 8.78 ലക്ഷം രൂപയും, മകൾ ദിവ്യയ്ക്ക് 4.60 ലക്ഷം രൂപയും വായ്പ നൽകിയതായി അദ്ദേഹം പറയുന്നു. 

തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നും നിലവിലില്ലെന്നും, ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും വിജയ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 52 വയസ്സുള്ള നടൻ, യഥാക്രമം 1989-ലും 1991-ലും സ്വകാര്യ വിദ്യാഭ്യാസത്തിലൂടെ 10, 12 ക്ലാസുകൾ പൂർത്തിയാക്കി. 1992-ൽ ചെന്നൈയിലെ ലൊയോള കോളേജിൽ ബി.എസ്.സി. ബിരുദം നേടാൻ ചേർന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi