എഐ അഭിനേതാക്കൾക്ക് എങ്ങനെ ദോഷകരമാകും എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അഭിഷേക് ബച്ചൻ. എക്കണോമിക്സ് ടൈംസ് നൗ ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2026-ൽ സംസാരിക്കവെ, അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കി. എഐ തന്നെ ഭയപ്പെടുത്തുന്നുവെന്നും അതിൽ താൻ അത്ര തൃപ്തനല്ലെന്നും അഭിഷേക് പറഞ്ഞു.

To advertise here,

"എഐ എന്നെ ഭയപ്പെടുത്തുന്നു. അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം. അത് ഓരോ നടനെയും ഭയപ്പെടുത്തേണ്ട ഒന്നാണ്. സർഗ്ഗാത്മക മേഖലയിൽ എഐ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചില്ലെങ്കിൽ അത് അഭിനേതാക്കൾക്ക് തിരിച്ചടിയാകും. എന്നാൽ അണിയറയിൽ ആനിമേഷനും സ്പെഷ്യൽ ഇഫക്റ്റുകൾക്കും ഇത് ഗുണകരമാണ്. ഇത് നമ്മുടെ ജോലിഭാരവും നിർമ്മാണച്ചെലവും കുറയ്ക്കാൻ സഹായിക്കും. സർഗ്ഗാത്മകമായ കാഴ്ചപ്പാടിൽ നോക്കിയാൽ, എഐ നിർമ്മിച്ച നിരവധി ആശയങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അവ അതിശയിപ്പിക്കുന്നവയാണ്, പക്ഷേ അവയ്ക്ക് 'ആത്മാവ്' ഇല്ല. മനുഷ്യസഹജമായ അപൂർണ്ണതയാണ് കലയുടെ ഭംഗി," അഭിഷേക് വ്യക്തമാക്കി.

എഐ പല മേഖലകളെയും ബാധിക്കുമെന്ന് നടൻ കൂട്ടിച്ചേർത്തു. "മെഡിക്കൽ, നിയമം എന്നീ മേഖലകളിൽ എഐ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ കരുതുന്നു. സിനിമയുടെയും സർഗ്ഗാത്മകതയുടെയും കാര്യത്തിൽ ഇത് ഗുണകരമാണോ എന്ന് പറയാറായിട്ടില്ല. എനിക്ക് എഐ-യെ കുറിച്ച് പൂർണ്ണമായ ധാരണയില്ലാത്തതിനാൽ അതിൽ പൂർണ്ണ തൃപ്തനല്ല. എങ്കിലും അതിനെക്കുറിച്ച് കൂടുതൽ വായിക്കാനും പഠിക്കാനും ഞാൻ ശ്രമിക്കുന്നുണ്ട്."

കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ ധാരാളം എഐ നിർമ്മിത ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഡോക്ടർ ഇൻസെയ്‌നിന്റെ 'ജസ്റ്റ് എ ബോയ്' എന്ന പാട്ടിന് അഭിഷേകിന്റെ ആരാധകർ എഐ അവതാറുകൾ നിർമ്മിച്ചിരുന്നു. ഇതിൽ ഗുരു, ബ്ലഫ് മാസ്റ്റർ, ദസ്വി, ധൂം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥാപാത്രങ്ങളെ ആനിമേഷൻ രൂപത്തിൽ അവതരിപ്പിച്ചിരുന്നു.

മധുമിത സംവിധാനം ചെയ്ത 'കാളിധർ ലാപത' എന്ന ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ഷാരൂഖ് ഖാൻ, സുഹാന ഖാൻ, ജാക്കി ഷ്രോഫ്, അനിൽ കപൂർ, അർഷാദ് വാർസി, റാണി മുഖർജി, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം റെഡ് ചില്ലീസ് എന്റർടൈൻമെന്റാണ് നിർമ്മിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi