ടിവി താരവും നാടകനടനുമെല്ലാമാണ് ആസിഫ് ഷെയ്ഖ്. ദൂരദർശനിലെ ആദ്യത്തെ സീരിയലായ 'ഹം ലോഗി'ൽ ആസിഫ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിനേക്കാൾ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് 'ഭാഭിജി ഘർ പർ ഹെ' എന്ന സീരിയലിലെ കഥാപാത്രങ്ങളുടെ പേരിലാണ്.
2014-ലാണ് ഈ സീരിയൽ സംപ്രേഷണം തുടങ്ങിയത്. ഇതുവരെ 2500-ലേറെ എപ്പിസോഡുകൾ കഴിഞ്ഞു. ഒരുസമയത്ത് ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള ടിവി പരിപാടി കൂടിയായിരുന്നുവിത്.
സീരിയലിൽ വിഭൂതി നാരായൺ മിശ്ര എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. 2021-ൽ അദ്ദേഹം വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിലിടം പിടിച്ചു. 'ഭാഭിജി ഘർ പർ ഹെ' എന്ന സീരിയലിൽ 350 വ്യത്യസ്തകഥാപാത്രങ്ങൾ അവതരിപ്പിച്ചതിന്റെ പേരിലാണത്. അതിൽ 35 എണ്ണം സ്ത്രീകഥാപാത്രങ്ങളും. 21 മുതൽ 80 വയസ്സ് വരെ പ്രായത്തിനിടയ്ക്കുള്ള കഥാപാത്രങ്ങളെയാണ് ആസിഫ് സീരിയലിൽ അഭിനയിച്ചുഫലിപ്പിച്ചത്.
''സീരിയൽ തുടങ്ങുമ്പോൾ ആറുമാസത്തിൽ കൂടുതൽ അതോടുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. എന്നാൽ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതോടെ എനിക്കായി പുതിയ കഥാപാത്രങ്ങളുണ്ടാക്കുന്ന തിരക്കിലായി അണിയറപ്രവർത്തകർ. ഓരോ കഥാപാത്രത്തെയും ആളുകൾ സ്‌നേഹത്തോടെ എതിരേറ്റു'', ആസിഫ് പറയുന്നു.
ആ കഥാപാത്രങ്ങൾക്കായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് തുറന്നുപറയുകയാണ് ആസിഫ് ഇപ്പോൾ. ''എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു കഥാപാത്രം മാത്രമാണ്, അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. ആദ്യം ഓരോ കഥാപാത്രത്തെയും കുറിച്ച് ഒരു ഐഡിയയുണ്ടാക്കും പ്രൊഡക്ഷൻ ടീം. അതുകഴിഞ്ഞ് കോസ്റ്റ്യൂം ട്രയലും മേക്കപ്പ് ടെസ്റ്റും നടത്തും. ലുക്ക് ഓകെ ആയിക്കഴിഞ്ഞാൽ ശബ്ദം, ബോഡി ലാംഗ്വേജ് എന്നീ കാര്യങ്ങൾ നോക്കും. ഓരോ കഥാപാത്രത്തിനായും തയ്യാറെടുക്കുമ്പോൾ രണ്ടര മണിക്കൂർ സമയമെടുക്കും''.
എല്ലാം കഥാപാത്രങ്ങളാണെങ്കിലും സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കൂടുതൽ ശ്രദ്ധയാവശ്യമാണെന്നും അതിന് ബുദ്ധിമുട്ടുകളേറെയുണ്ടെന്നും അദ്ദേഹം പറയുന്നു. ''സ്ത്രീ വേഷം ചെയ്യാൻ കൂടുതൽ പരിശ്രമം ആവശ്യമാണെന്നത് ശരിതന്നെയാണ്. വസ്ത്രങ്ങൾ മുതൽ മേക്കപ്പ് വരെയുള്ള ഓരോന്നിനും മണിക്കൂറുകൾ എടുത്തേക്കാം. ഈ ഗെറ്റപ്പുകൾക്ക് ക്ഷമ വളരെ ആവശ്യമാണ്, പ്രത്യേകിച്ച് ഷൂട്ടിങ് ദിവസങ്ങളോളം തുടരുമ്പോൾ. പക്ഷേ ഞാനത് ശരിക്കും ആസ്വദിക്കുന്നു''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Actor Aasif Sheikh broke a record by playing over 350 distinct characters, including 35 female roles, in the popular TV serial
Published: 28 Sept 2025, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented