പെന്‍ഷനെക്കുറിച്ചുള്ള ടെന്‍ഷന്‍ പുരുഷന്മാര്‍ക്ക് മാത്രമായിരുന്ന കാലം ഉണ്ടായിരുന്നു പണ്ട്. എന്നാല്‍ സ്വന്തം കാലില്‍നിന്ന് ജീവിക്കാന്‍ ആഗ്രഹിക്കുന്ന, ജീവിച്ചുകൊണ്ടിരിക്കുന്ന പുതുതലമുറ സ്ത്രീകള്‍ ഇന്നേറെയാണ്. ചിലര്‍ക്ക് സ്ഥിരജോലിയുണ്ടാവും. മറ്റുചിലര്‍ അസംഘടിത മേഖലയില്‍ ജോലിചെയ്യുന്നവരാകാം. ചിലര്‍ക്കാകട്ടെ ബിസിനസോ സംരംഭമോ ഉണ്ടാകാം. പ്രവര്‍ത്തന മേഖല ഏതായാലും എല്ലാക്കാലവും ഇതുപോലെ ജോലിചെയ്തുകൊണ്ട് വരുമാനമുണ്ടാക്കി ജീവിക്കാന്‍ കഴിയണമെന്നില്ല. ഒരു നാള്‍ ജോലിയില്‍നിന്ന് വിരമിക്കേണ്ടിവരും. പലരും അങ്ങനെ ജോലിചെയ്യാനാവാത്ത അവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാകും പിന്നീടുള്ള കാലത്തെക്കുറിച്ച് ചിന്തിക്കുക.

ജോലിയില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ പിന്നെ എങ്ങനെ ജീവിക്കും. റിട്ടയര്‍ചെയ്താലും സ്ഥിരവരുമാനം തരുന്ന ഏതെങ്കിലും മാര്‍ഗങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? ഭൂരിഭാഗം പേരുടെയും ഉത്തരം ഇല്ല എന്നുതന്നെയാകും. പലരുടെയും ഏറ്റവും വലിയ സമ്പാദ്യം മക്കളായിരിക്കും. അവര്‍ വളര്‍ന്നുവലുതായാല്‍ വയസാം കാലത്ത് തങ്ങളെനോക്കിക്കൊള്ളുമെന്നാണ് പരമ്പരാഗത സങ്കല്‍പ്പം. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഈ വിശ്വാസത്തിന് ഇന്ന് ഉലച്ചില്‍ തട്ടിയിരിക്കുന്നു. സ്വന്തം കുടുംബം നോക്കുന്നതിനൊപ്പം മാതാപിതാക്കളെയും നോക്കാന്‍ ഇന്ന് പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും കഴിയാറില്ല. അടുത്ത തലമുറ ആകുമ്പോഴേക്ക് ഈ ആഗ്രഹമേ ഇല്ലാതാവാം. ഇപ്പോള്‍ പ്രായം 30കളില്‍ ഉള്ളവര്‍ തങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതത്തിനായി ഇപ്പോഴേ പ്ലാന്‍ ചെയ്തില്ലെങ്കില്‍ പ്രായമാകുമ്പോഴുള്ള ജീവിതം ദുരിതപൂര്‍ണമായിരിക്കും. 

ഇപ്പോള്‍ 30 വയസ് പ്രായമുള്ള ഒരാള്‍ക്ക് മുന്നില്‍ റിട്ടയര്‍മെന്റിനുശേഷമുള്ള ജീവിതത്തിനുള്ള ഫണ്ട് സ്വരുക്കൂട്ടാന്‍ 30 വര്‍ഷം ലഭിക്കും. ഇപ്പോള്‍ മുതല്‍ മാസം തോറും തുശ്ചമായ തുക മാറ്റിവെച്ചാല്‍ വയസാം കാലത്തും പരസഹായമില്ലാതെ അന്തസായി ജീവിക്കാനുള്ള വരുമാനം നേടാം. മാസം 500 രൂപവീതം പ്രതിവര്‍ഷം 20 ശതമാനം ലാഭം തരാന്‍ ശേഷിയുള്ള ഒരു മാര്‍ഗത്തില്‍ തുടര്‍ച്ചയായി നി്‌ക്ഷേപിച്ചാല്‍ 30 വര്‍ഷം കഴിയുമ്പോള്‍ ഒരു കോടിയോളം രൂപ നേടാം. ഈ നിക്ഷേപം പ്രതിവര്‍ഷം തുടര്‍ച്ചയായി 15 ശതമാനം ലാഭം തരുന്നയിടത്ത് നിക്ഷേപിച്ചാല്‍ 33.98 ലക്ഷവും 12 ശതമാനം ലാഭം തരുന്നിയിടത്ത് നിക്ഷേപിച്ചാല്‍ 17.36 ലക്ഷവും 8 ശതമാനം ലാഭം ലഭിക്കുന്നിയടത്ത് നിക്ഷേപിച്ചാല്‍ 7.47 ലക്ഷം രൂപയും ലഭിക്കും. 

മാസം 5000 രൂപവീതം  പ്രതിവര്‍ഷം 20 ശതമാനം ലാഭം തുടര്‍ച്ചയായി 30 വര്‍ഷം ലഭിക്കുന്ന മാര്‍ഗത്തില്‍ നിക്ഷേപിച്ചാല്‍ കാലാവധി എത്തുമ്പോള്‍ ലഭിക്കുക 10.92 കോടി രൂപയാണ്. പ്രതിവര്‍ഷം 20 ശതമാനം വീതം ലാഭം തുടര്‍ച്ചയായി നല്‍കുന്ന നിക്ഷേപ മാര്‍ഗങ്ങളൊന്നും ഇപ്പോള്‍ നിലവിലില്ല. എന്നാല്‍ ഓഹരിയില്‍ നിക്ഷേപിച്ചാല്‍ നഷ്ടസാധ്യതയ്ക്ക് വിധേയമായി 30 വര്‍ഷം കൊണ്ട് ഇതിന്റെ ഇരട്ടി ലാഭത്തിനുവരെ സാധ്യതയുണ്ട്. പ്രതിവര്‍ഷം കഴിഞ്ഞ 20 വര്‍ഷത്തിലേറെക്കാലമായി 12-15 ശതമാനം ലാഭം നിക്ഷേപകര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന നിരവധി മ്യൂച്വല്‍ ഫണ്ടുകളുണ്ട്. ചിലവര്‍ഷങ്ങളില്‍ ഇവയുടെ ലാഭ നിരക്ക് കുറഞ്ഞുപോയേക്കാമെങ്കിലും മറ്റുവര്‍ഷങ്ങളില്‍ വളരെ വലിയ നേട്ടവും നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. 

നിക്ഷേപ മാര്‍ഗം ഏതായാലും ചിട്ടയായി ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമാണ് റിട്ടയര്‍മെന്റിനുശേഷമുള്ള ജീവിതം ആഹ്‌ളാദകരമാക്കാന്‍ വേണ്ടത്. ജോലിയില്‍ കയറി സെറ്റില്‍ഡ് ആയാല്‍ ചെറിയ ഒരു തുക റിട്ടയര്‍മെന്റിനായി മാറ്റിവെക്കണം. 60 വയസാകുമ്പോള്‍ നല്ല ഒരു തുക സമാഹരിക്കാവുന്ന രീതിയിലാണ് നിക്ഷേപം നടത്തേണ്ടത്. 60 വയസാകുമ്പോള്‍ ആ സമയത്ത് ലഭ്യമായ പെന്‍ഷന്‍ പ്ലാനില്‍ നിക്ഷേപിച്ച് മാസാമാസം പെന്‍ഷന്‍ നേടാം. റിട്ടയര്‍മെന്റിനായി നിരവധി നിക്ഷേപ അവസരങ്ങള്‍ ഇന്ന് ലഭ്യമാണ്. അവയെക്കുറിച്ച് അടുത്ത ഭാഗങ്ങളില്‍.

(ഈ വിഷയത്തെക്കുറിച്ചുള്ള സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍ 9447667716. jayakumarkk8@gmail.com )