
വീട്ടില്‍ അരുമയായി വളര്‍ത്തുന്ന പൂച്ചകള്‍ക്ക് മാരകമായ പല സാംക്രമികരോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതയുണ്ട്. പൂച്ചകളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള വാക്‌സിനുകള്‍ കൃത്യസമയത്ത് നല്‍കുകയാണ് ഏറ്റവും പ്രധാനം. ഒരു വെറ്ററിനറി ഡോക്ടറുടെ സഹായം ഇതിനായി തേടാം. പൂച്ചകളെ ബാധിക്കുന്ന പ്രധാന സാംക്രമികരോഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ഫെലൈന്‍ പാന്‍ലൂക്കോപീനിയ (Feline Panleukopenia)
പൂച്ചകളെ ബാധിക്കുന്ന മാരകമായ ഒരു വൈറല്‍ പകര്‍ച്ചവ്യാധിയാണിത്. ശക്തിയായ പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണുണ്ടാവുക. ഈ രോഗത്തിന്റെ അണുക്കള്‍ ശരീരത്തിലെ ഏതവയവത്തെയും ബാധിക്കാം. വായിലും തൊണ്ടയിലും ഉണ്ടാകുന്ന വ്രണങ്ങള്‍മൂലം പൂച്ചയ്ക്ക് ആഹാരവും വെള്ളവും കഴിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. രോഗം ബാധിച്ച പൂച്ചകളുടെ ഗര്‍ഭം അലസാനും സാധ്യതയുണ്ട്. രോഗം വരാതിരിക്കാന്‍ പ്രതിരോധകുത്തിവെയ്പ് ലഭ്യമാണ്.
Also Read
ഫെലൈന്‍ റൈനോട്രകിയേറ്റസ് (Feline Rhinotracheatis)
ശ്വാസകോശ സംബന്ധമായ ഈ രോഗം ബാധിച്ചാല്‍ പനി, കണ്ണുകളില്‍ പഴുപ്പ്, മൂക്കില്‍നിന്ന് കട്ടിയായ സ്രവം, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. ഉമിനീര്‍ വായില്‍നിന്നും ഒലിച്ചിറങ്ങുന്നതായി കാണാം. ക്രമേണ ന്യൂമോണിയയായി മാറുന്നു. ഈ രോഗം പൂച്ചയുടെ മരണത്തില്‍ കലാശിക്കുന്നു. പ്രതിരോധ കുത്തിവെയ്പ് കുട്ടിക്കാലത്ത് നല്‍കി രോഗംവരാതെ നോക്കാം. ചികിത്സ ഫലപ്രദമല്ല.
കാല്‍സി വൈറസ് ഇന്‍ഫെക്ഷന്‍ (Calci Virus Infection)
പനി, തുമ്മല്‍, മൂക്കൊലിപ്പ്, വായില്‍നിന്ന് ഉമിനീര്‍ നൂലുപോലെ ഒലിച്ചിറങ്ങുക തുടങ്ങിയ ലക്ഷണങ്ങളാണുണ്ടാവുക. മൂക്കിലും വായിലും പ്രത്യക്ഷപ്പെടുന്ന കുമിളുകള്‍ പൊട്ടി വ്രണമായി മാറുന്നു. കണ്ണുകളെയും ഈ രോഗാണുക്കള്‍ ബാധിക്കാറുണ്ട്. കാല്‍സിവൈറസ് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്.
ടോക്സോപ്ലാസ്മോസിസ് (Toxoplasmosis)
പ്രോട്ടോസോവല്‍ അണുക്കളാണ് രോഗഹേതു. ഈ അണുക്കളെ വഹിക്കുന്ന മാംസം വേവിക്കാതെ കഴിക്കുമ്പോഴും ഉരഗജീവികളെയും ചെറുകിളികളെയും ഭക്ഷണമാക്കുമ്പോഴും ഇവ പൂച്ചയുടെ കുടലില്‍ എത്തുന്നു. വലിയ പൂച്ചകളില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണ്ടെന്നുവരില്ല. ചിലപ്പോള്‍ ചെറിയ വയറിളക്കവും പനിയും ക്ഷീണവും കാണിച്ചേക്കാം. ചെറിയ പൂച്ചക്കുട്ടികളില്‍ ടോക്സോപ്ലാസ്മ അണുക്കള്‍ ശ്വാസതടസ്സമുണ്ടാക്കുന്നു. അവ മരിക്കാനും സാധ്യതയുണ്ട്. അസുഖം ബാധിച്ച പൂച്ചകളുടെ കാഷ്ഠത്തിലൂടെ രോഗാണുക്കള്‍ പുറത്തുവരുന്നു. മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള രോഗമാണിത്. അതുകൊണ്ട് പ്രത്യേകം സൂക്ഷിക്കണം. പൂച്ചകളിടുന്ന കാഷ്ഠം പഴകിത്തുടങ്ങുമ്പോഴാണ് അത് രോഗം പടര്‍ത്താനുള്ള കഴിവ് നേടുന്നത്. ഉദ്യാനങ്ങളും പരിസരവും വൃത്തിയാക്കുമ്പോള്‍ പൂച്ചയുടെ പഴകിയ കാഷ്ഠം ശ്രദ്ധയോടെ നീക്കം ചെയ്യുകയും കൈകള്‍ വൃത്തിയാക്കുകയും വേണം.
ഫെലൈന്‍ ഇന്‍ഫെക്ഷ്യസ് പെരിട്ടൊണൈറ്റിസ് (Feline Infectiouus peritonitis)
ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന ഈ രോഗം പൂച്ചകളെ ഇഞ്ചിഞ്ചായി കൊല്ലുന്നു. വിശപ്പില്ലായ്മ, ക്ഷീണം, ദഹനസംബന്ധമായ തകരാറുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ തുടക്കത്തില്‍ പ്രകടമാകുന്നു. ക്രമേണ പൂച്ചയുടെ വയര്‍ വീര്‍ത്തുവരുന്നു. മാരകമായ ഈ രോഗവും വൈറസ് മൂലമാണ് ഉണ്ടാകുന്നത്.
പേവിഷബാധ (Rabies)
പേവിഷബാധയുള്ള നായയുടെ കടിയിലൂടെയാണ് സാധാരണ പൂച്ചകള്‍ക്ക് ഈ രോഗം ബാധിക്കുന്നത്. രോഗം രണ്ടുരീതിയിലാണ് കാണപ്പെടുന്നത്. ക്രുദ്ധ രൂപം (Furious form) എന്ന ആക്രമണസ്വഭാവമുള്ള രീതിയും, മൂകരൂപം (Dump form) എന്ന തളര്‍ച്ച കാണിക്കുന്ന രീതിയും. ആദ്യ രീതിയില്‍ പൂച്ച അലഞ്ഞുനടക്കുക, അനുസരണയില്ലായ്മ കാണിക്കുക, ആക്രമണസ്വഭാവം, കരച്ചിലിന്റെ ശബ്ദത്തിലുള്ള വ്യത്യാസം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. രണ്ടാമത്തെ തരമായ മൂകരൂപത്തില്‍ കീഴ്ത്താടിക്കും നാവിനും തളര്‍വാതം പിടിപെട്ട്, ഉമിനീര്‍ ധാരാളമായി ഒഴുകുന്ന രീതിയില്‍ കാണപ്പെടും. ഈ രണ്ടു രീതിയിലും രോഗലക്ഷണം പ്രകടമാക്കിയ പൂച്ച മൂന്ന്-നാല് ദിവസത്തിനുള്ളില്‍ മരിക്കുന്നു. പേയുള്ള പൂച്ചയുടെ കടിയിലൂടെ മനുഷ്യര്‍ക്കും ഈ രോഗം ബാധിക്കാം. പൂച്ചയ്ക്ക് മൂന്നുമാസം പ്രായമാകുമ്പോള്‍ ആദ്യ ഡോസും തുടര്‍ന്ന് എല്ലാ വര്‍ഷവും പ്രതിരോധ കുത്തിവയ്പും നല്‍കിക്കൊണ്ട് ഈ രോഗം തടയാവുന്നതാണ്.
പൂച്ചകളിലെ രോഗപ്രതിരോധ കുത്തിവെയ്പുകള്‍
പൂച്ചകള്‍ക്ക് എട്ട്-പത്ത് ആഴ്ച പ്രായമാകുമ്പോള്‍ പാന്‍ലൂക്കോപീനിയ, കാല്‍സിവൈറസ്, റൈനോട്രകിയേറ്റസ് എന്നീ രോഗങ്ങള്‍ക്കെതിരെ പ്രതിരോധം നല്‍കുന്ന മള്‍ട്ടി കമ്പോണന്റ് വാക്സിന്‍ (MCV) ആദ്യ ഡോസ് നല്‍കുക. പന്ത്രണ്ട്-പതിനാല് ആഴ്ച പ്രായമാകുമ്പോള്‍ ഇതേ വാക്‌സിന്റെ രണ്ടാം ഡോസും നല്‍കണം. പൂച്ചയ്ക്ക് പതിനാല്-പതിനാറ് ആഴ്ച പ്രായമാകുമ്പോള്‍ ആന്റിറാബിസ് വാക്സിന്റെ ആദ്യ ഡോസും പതിനാറ്-ഇരുപത് ആഴ്ച പ്രായമാകുമ്പോള്‍ രണ്ടാം ഡോസും നല്‍കാന്‍ മറക്കരുത്. ഓരോ വര്‍ഷവും ബൂസ്റ്റര്‍ വാക്‌സിനേഷനും നല്‍കുക.
Content Highlights: ways to keep your pet cats disease free
Published: 17 Oct 2023, 11:09 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented