
വീട്ടുകാരുടെ അശ്രദ്ധയും അറിവില്ലായ്മയും കാരണം വളര്‍ത്തുമൃഗങ്ങള്‍ക്ക് നിരവധി അപകടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പക്ഷികള്‍ക്കും വിഷബാധയേല്‍ക്കാന്‍ സാധ്യതയുള്ള ഭക്ഷണം, മരുന്നുകള്‍ എന്നിവയെക്കുറിച്ചുള്ള അറിവും മുന്‍കരുതലുമുണ്ടാകണം. ചെറുപ്രായത്തില്‍ത്തന്നെ നായ്ക്കുട്ടികള്‍ എല്ലായിടത്തും പോകാനും തൊട്ടുരസിക്കാനും ആകാംഷയുള്ളവരായിരിക്കും. കണ്ണുതെറ്റിയാല്‍ വൈദ്യുതിയും വെള്ളവും വിഷവും തിരിച്ചറിയാതെ ഇവര്‍ എത്തിപ്പെടുക അപകടങ്ങളിലേക്കും മരണത്തിലേക്കുമായിരിക്കും. അപകട സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി കരുതലുകളെടുക്കാം.
വൈദ്യുതി വയറുകളും ഉപകരണങ്ങളും കിട്ടിയാല്‍ കടിച്ചുപൊട്ടിച്ച് ചവച്ചരയ്ക്കാന്‍ തീര്‍ച്ചയായും നായ്ക്കുഞ്ഞുങ്ങള്‍ ശ്രമിക്കും. അതിനാല്‍ ഇലക്ട്രിക് ഉപകരണങ്ങളും വയറുകളും വളര്‍ത്തുമൃഗങ്ങളുടെ അടുത്തു നിന്നും മാറ്റിവെക്കുക. നിലത്തുനിന്നോ ആഷ്ട്രേയില്‍ നിന്നോ കിട്ടുന്ന സിഗരറ്റിന്റെയും ബീഡിയുടേയും അവശിഷ്ടങ്ങള്‍ ഉള്ളിലാക്കിയാല്‍ നിക്കോട്ടിന്‍ വിഷബാധയുണ്ടാകും. മരുന്നുകള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയും കൈപ്പിടിയിലാകാതെ നോക്കണം. കത്തിച്ച മെഴുകുതിരികള്‍, പൊട്ടിയതോ അല്ലാത്തതുമായ ഗ്ലാസ് കഷ്ണങ്ങള്‍, സേഫ്റ്റിപിന്നുകള്‍, സൂചി എന്നിവയും അപകടകരമാകും.
ടോയിലറ്റ് വൃത്തിയാക്കാനുപയോഗിക്കുന്ന ക്ഷാരരസമുള്ള ഡിറ്റര്‍ജന്റുകള്‍ രുചിക്കാന്‍ കിട്ടുന്ന അവസരം നായ്ക്കുഞ്ഞുങ്ങള്‍ മുതലാക്കാം. അതിനാല്‍ ടോയ്ലറ്റിലെ മൂടാത്ത ക്ലോസറ്റ് അപകടമുണ്ടാക്കും. എവിടെയും മണത്തും, തിരഞ്ഞുമെത്തുന്ന നായ്ക്കുഞ്ഞുങ്ങള്‍ തുറന്നു കിടക്കുന്ന അലമാരകളിലും മറ്റും കയറിക്കൂടി, അവിടെ വിശ്രമിക്കുകയും, ഉടമ അലമാര പൂട്ടി സ്ഥലം വിടുന്നതും വലിയ സാധ്യതയാണ്. പട്ടുണ്ണി, ചെള്ള്, പേന്‍ മുതലായ ബാഹ്യപരാദങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്ളില്‍ച്ചെല്ലുന്നത് വലിയ അപകടമുണ്ടാകും. എല്ലും, മീനിന്റെ മുള്ളും തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സമുണ്ടായി മരണം സംഭവിക്കാം. വീടിനുള്ളിലും പുറത്തും വളര്‍ത്തുന്ന പല പൂച്ചെടികളിലും വിഷാംശമുണ്ടാമെന്ന് മനസ്സിലാക്കുക. ഇവ നായ്ക്കുഞ്ഞുങ്ങള്‍ക്ക് അപ്രാപ്യമായി സൂക്ഷിക്കുക. പാര്‍ക്കു ചെയ്തിരിക്കുന്ന വണ്ടിയുടെ അടിയില്‍ വിശ്രമിക്കുന്ന നായ്ക്കുഞ്ഞുങ്ങളേയും പലപ്പോഴും കാത്തിരിക്കുന്നത് വലിയ അപകടമായിരിക്കും.
മനുഷ്യന്‍ ഉപയോഗിക്കുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളും നായ്ക്കള്‍ക്ക് നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീന്‍, അന്നജം, കൊഴുപ്പ്, വെള്ളം, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവയാണ് സമീകൃത തീറ്റയില്‍ ഉണ്ടാവേണ്ടത്. ഇവയിലോരോന്നും കുറയുന്നതും, കൂടുന്നതും പ്രശ്നമുണ്ടാക്കാം. അതിനാല്‍ പ്രായം, ശരീരഭാരം, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്ത് തീറ്റയുടെ അളവും, തവണയും തീരുമാനിക്കണം. മിശ്രഭുക്കുകളായ നായ്ക്കള്‍ക്ക് മാംസം, മത്സ്യം, പച്ചക്കറി, പഴം, ധാന്യങ്ങള്‍ എന്നിവ നല്‍കാം. പ്രോട്ടീന്‍പോലും അധികമായാല്‍ വൃക്കകള്‍ക്ക് തകരാറുണ്ടാക്കുമെന്ന് മനസ്സിലാക്കുക. വിപണിയില്‍ നിന്ന് ലഭിക്കുന്ന നായ്ത്തീറ്റകള്‍ സമീകൃതമാണെങ്കിലും അമിതമായാല്‍ അനാരോഗ്യം തന്നെ ഫലം.
ചോക്ലേറ്റാണ് നായ്ക്കള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിലെ പ്രധാന വില്ലന്‍. സ്നേഹക്കൂടുതല്‍കൊണ്ട് നല്‍കുന്ന ചോക്ലേറ്റില്‍ അടങ്ങിയ തിയോബ്രോമിന്‍ എന്ന രാസപദാര്‍ത്ഥം നായ്ക്കളില്‍ വിഷബാധയ്ക്ക് കാരണമാകും. ഛര്‍ദി, വയറിളക്കം, അസിഡിറ്റി, അപസ്മാരം, ബോധക്ഷയം എന്നിവ പ്രധാന ലക്ഷണങ്ങള്‍. നായ്ക്കളുടെ ഹൃദയമിടിപ്പ് കൂട്ടുന്ന വിഷബാധ വൃക്കളേയും അപകടത്തിലാക്കാം. മദ്യം കലര്‍ന്ന പാനീയങ്ങള്‍, വിഷബാധ, പക്ഷാഘാതം, മരണം എന്നിവയ്ക്ക് കാരണമാകും. കാപ്പി, ചായ എന്നിവയിലടങ്ങിയിരിക്കുന്ന കഫീന്‍ ഹൃദയത്തേയും നാഡീവ്യൂഹത്തേയും അമിതമായി ഉത്തേജിപ്പിച്ച് ഛര്‍ദ്ദി, അസ്വസ്ഥത തുടങ്ങിയവ ഉണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു. അമിതമായി നല്‍കുന്ന പാലുത്പന്നങ്ങള്‍ വയറിളക്കം, പാന്‍ക്രിയാസ് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. മുട്ടയുടെ വെള്ള കഴിക്കുന്നതുമൂലം മൃഗങ്ങള്‍ക്ക് ബയോട്ടിന്‍ എന്ന വിറ്റമിന്റെ കുറവുണ്ടാക്കി രോമം പൊഴിയല്‍, ശരീരം മെലിയല്‍ എന്നിവയുണ്ടാക്കാം. കരള്‍ കൂടുതല്‍ അളവില്‍ നല്‍കുന്നത് വിറ്റമിന്‍ എ യുടെ കുറവുണ്ടാക്കാം. അതിമധുരമുള്ള ഭക്ഷണങ്ങള്‍ അമിതവണ്ണം, ദന്തക്ഷയം, പ്രമേഹം എന്നിവയുണ്ടാക്കാം. മീന്‍ അമിതമായി നല്‍കിയാല്‍ വിറ്റമിന്‍ ബി യുടെ കുറവുണ്ടാകാം. ചില കൂണുകളില്‍ വിഷാംശം ഉണ്ടാകാമെന്നതിനാല്‍ ശ്രദ്ധിക്കണം. വീട്ടിലുള്ളവര്‍ ഉപയോഗിക്കുന്ന ഇരുമ്പു കലര്‍ന്ന വിറ്റമിന്‍ മിശ്രിതങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കും.
ഉണക്കമുന്തിരിയാണ് നായ്ക്കളെ അപകടത്തിലാക്കുന്ന മറ്റൊരു വില്ലന്‍. വായില്‍ നിന്നും നുരയും പതയും, ഛര്‍ദ്ദി, വയറുവേദന, വിശപ്പില്ലായ്മ, വയറിളക്കം, ക്ഷീണം എന്നിവ ഉണ്ടാകുകയും ക്രമേണ വൃക്കയും തകരാറിലാകും. സവാള, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ പച്ചയായോ, വേവിച്ചോ കഴിച്ചാല്‍ രക്തത്തിലെ ചുവന്ന കോശങ്ങള്‍ നശിക്കുകയും വിളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും. അധികമായാല്‍ മഞ്ഞപ്പിത്തതിന് കാരണമാകും. ഗാര്‍ലിക് ചിക്കന്‍ നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും സൂക്ഷിച്ച് നല്‍കുക. പുല്ല് ഭക്ഷിക്കുന്നത് നായ്ക്കളുടേയും, പൂച്ചകളുടേയും സ്വഭാവമാണ്. എന്നാല്‍ ഫ്‌ളാറ്റുകളിലും, വില്ലകളിലും അകത്തളങ്ങളിലെ മണിപ്ലാന്റോ, അലങ്കാര ചേമ്പോ, ചുവന്ന കായ്കളോ മറ്റോ ആയിരിക്കും. കാത്സ്യം ഓക്സലേറ്റ് അധികമുള്ള ഇവ പ്രശ്നമുണ്ടാക്കുന്നതാണ്.
പൂച്ചകളുടെ വലിയ ശത്രുവാണ് പാരസെറ്റാമോള്‍ ഗുളികകള്‍. പൂച്ചയ്ക്ക് പനി വന്നാല്‍ ചികിത്സിക്കാന്‍ പാരസെറ്റാമോള്‍ ഗുളിക നല്‍കുന്നത് സ്വയം ചികിത്സ ചെയ്യുന്നവരുടെ ശീലമാണ്. എന്നാല്‍ ശരീരഭാരത്തില്‍ ഓരോ കിലോഗ്രാമിനും പത്ത് മില്ലിഗ്രാം അളവില്‍ ഇത് പൂച്ചകളില്‍ വിഷബാധയുണ്ടാക്കും.പാരസെറ്റാമോള്‍ വിശപ്പില്ലായ്മ, ശ്വാസതടസ്സം, രക്തം കലര്‍ന്ന മൂത്രം, മുഖത്തെ നീര് എന്നീ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. രോഗകാരണം മനസ്സിലാക്കി ഉടന്‍തന്നെ പ്രതിമരുന്ന് നല്‍കിയാല്‍ രക്ഷപ്പെടുത്താനാകും.
Content Highlights: pets care medication and awareness
Published: 03 Oct 2023, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented