ഉറുമ്പുകളെയും പാറ്റകളെയും തുരത്താന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല-മിക്ക വീട്ടുകാരുടെയും പരാതിയാണിത്. എന്നാല്‍, ചെറിയ ചില വിദ്യകളിലൂടെ ഇവയെ ഒക്കെ അകറ്റാവുന്നതേയുള്ളൂ. 

വെള്ളത്തില്‍ ഒന്നോ രണ്ടോ ചെറുനാരങ്ങയുടെ നീര് കൂടി ചേര്‍ക്കുക. ഇതുപയോഗിച്ച് തറ തുടച്ചാല്‍, പാറ്റകളുടെ ശല്യമുണ്ടാവില്ല. മാത്രമല്ല, വീടിനുള്‍വശം നല്ല മണമുണ്ടാവുകയും ചെയ്യും. ചെറുനാരങ്ങാനീരിനു പകരം അല്പം ലെമണ്‍ ഓയില്‍ ചേര്‍ത്താലും മതി.

ആര്യവേപ്പും ഉറുമ്പിനെയും പാറ്റകളെയും അകറ്റാന്‍ നല്ലതാണ്. കുറച്ച് ആര്യവേപ്പിന്റെ ഇല നന്നായി അരച്ച് അല്പം വെള്ളത്തില്‍ ചേര്‍ക്കുക. ഇതൊരു സ്‌പ്രേ ബോട്ടിലില്‍ നിറച്ച്, ആവശ്യമുള്ള സ്ഥലങ്ങളില്‍ സ്‌പ്രേ ചെയ്യുക. അതല്ലെങ്കില്‍ അല്പം ആര്യവേപ്പിന്റെ ഓയില്‍ (നീം ഓയില്‍) വെള്ളത്തിലൊഴിച്ച് നന്നായി യോജിപ്പിക്കുക. എന്നിട്ട് വീട്ടിനുള്ളില്‍ തളിച്ചുകൊടുത്താല്‍ മതി. 

പഞ്ചസാരയും ബേക്കിങ് സോഡയും പാറ്റകളെ തുരത്താന്‍ നല്ലതാണ്. നന്നായി പൊടിച്ച പഞ്ചസാരയും ബേക്കിങ് സോഡയും യോജിപ്പിക്കുക. എന്നിട്ട് പാറ്റ സ്ഥിരമായുണ്ടാവുന്ന സ്ഥലങ്ങളില്‍ വിതറിയാല്‍ മതി.

വീടിന്റെ വാതില്‍, ജനാല, സിങ്കിന് താഴെ തുടങ്ങിയ സ്ഥലങ്ങളില്‍ കറുവയില വെയ്ക്കുക. പാറ്റയെ തുരത്താന്‍ ഇത് നല്ലതാണ്. വിനാഗിരിയും നല്ലതാണ്. 

ഇതിനൊപ്പം വീട് എപ്പോഴും നന്നായി സൂക്ഷിക്കുകയും വേണം. ബാക്കിവരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ മറക്കരുത്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് സിങ്കില്‍ പാത്രങ്ങള്‍ കൂട്ടിയിടാതിരിക്കുക. ഭക്ഷണാവശിഷ്ടങ്ങളെല്ലാം കളഞ്ഞ്, എല്ലാം വൃത്തിയായി കഴുകിവെക്കണം.