മാര്‍ച്ച് മാസം ആയതേയുള്ളൂ, വീട്ടില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥ, അത്രയ്ക്കും ചൂട്. കാറിലും ഓഫീസിലും എ.സി.യിലിരുന്നിട്ട് വീട്ടിലെത്തുമ്പോഴേക്കും ചൂട് തീരെ സഹിക്കാന്‍ പറ്റുന്നില്ല. മുഴുവന്‍ സമയവും ഫാനും എ.സി.യുമിട്ട് വീട്ടിലിരുന്നാല്‍ പണിപാളും. ഇപ്പോള്‍ തന്നെ കറണ്ട് ബില്ല് കൂടുതലാണ്. വീടിനകത്തെ ചൂട് കുറയ്ക്കാന്‍ എന്താണൊരു പ്രതിവിധി?

To advertise here,

കോണ്‍ക്രീറ്റ് വീടുകള്‍ തന്നെയാണ് വില്ലന്‍. നഗരത്തിലാണെങ്കില്‍ മൂന്ന്-നാല് സെന്റുകളില്‍ ആണ് നിര്‍മ്മാണം. ചുട്ടുപഴുത്ത് കിടക്കുന്ന റോഡിനോട് ചേര്‍ന്ന് വീടുകള്‍. വീട്ടുമുറ്റത്ത് മരങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. ചൂടിനെ അതിജീവിക്കാന്‍ 'സോളാര്‍' ആശ്രയിക്കുന്ന തിരക്കിലാണ് എല്ലാവരും. വീട് നിര്‍മ്മാണത്തില്‍ പ്ലാനിങ് സമയം മുതല്‍ ചൂടിനെ പ്രതിരോധിക്കാനുള്ള ശ്രദ്ധ ആവശ്യമാണ്.

* ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ വീടിനുള്ളില്‍ അനാവശ്യ ചുമരുകള്‍ ഒഴിവാക്കി ക്രോസ്സ് വെന്റിലേഷന്‍ ഉറപ്പു വരുത്തുക. ആവശ്യത്തിനുള്ള ജനലുകള്‍ ചൂട് കുറയ്ക്കാന്‍ അത്യാവശ്യമാണ്. വടക്ക്, തെക്ക് ഭാഗങ്ങളില്‍ വലിയ ജനലുകള്‍ വെക്കാം. ഈ ഭാഗങ്ങളില്‍ വെയില്‍ കുറവായിരിക്കും. വീടിനുള്ളിലെ ജനലുകള്‍ രാവിലെയും വൈകുന്നേരവും തുറന്നിടുക.
* ചെറിയ വീടുകള്‍ ആണെങ്കില്‍ പോലും നടുമുറ്റങ്ങള്‍ ഉണ്ടാക്കുക വഴി വീടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താന്‍ കഴിയും.
* പ്രധാനമുറിയുടെ ഭിത്തിയോട് ചേര്‍ന്ന് വരാന്തകള്‍ ഉണ്ടാക്കുക വഴി ചൂട് കുറയ്ക്കാം.
* നിലത്ത് വിരിക്കുന്ന ടൈലുകള്‍ ചൂട് കൂട്ടും. നാച്ചുറല്‍ സ്റ്റോണുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.


* ഭിത്തിക്ക് സിമന്റ് കട്ടകള്‍ ഒഴിവാക്കി വെട്ടുകല്ല് ഉപയോഗിക്കാം.
* ചെരിഞ്ഞ മേല്‍ക്കൂരകള്‍ ചെയ്ത് അതിന് മുകളില്‍ ഓട് പാകുന്നത് ഫ്‌ളാറ്റ് റൂഫിനെക്കാള്‍ ചൂട് കുറയ്ക്കും. ഇനി ഫ്‌ളാറ്റ് റൂഫ് ആണ് ചെയ്യുന്നതെങ്കില്‍ അതിന് മുകളില്‍ ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് ചെയ്ത് ഓട് പാകി ചൂട് കുറയ്ക്കാനും ആ ഏരിയ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും സാധിക്കും.
* ഫ്‌ളാറ്റ് റൂഫ് ആണെങ്കില്‍ റൂഫ് ടോപ് ഗാര്‍ഡന്‍, വെജിറ്റബിള്‍ ഗാര്‍ഡന്‍ എന്നിവ പന്തലോടുകൂടി ചെയ്യാം. ഈ ഗ്രീന്‍ റൂഫിങ് വഴി ചൂട് കുറയ്ക്കാനാവും.
* ടെറസിന് മുകളില്‍ ഹീറ്റ് റിഫ്ളക്റ്റിങ് കോട്ടിങ് ഉപയോഗിക്കുക വഴി നാലോ അഞ്ചോ വര്‍ഷം ചൂട് കുറയ്ക്കാന്‍ സാധിക്കും.
* അകത്തളങ്ങള്‍ക്ക് ഇളം നിറങ്ങള്‍ നല്‍കാം. 
* കിഴക്ക് പടിഞ്ഞാറ് ദിശകളില്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കുക. വീടിനോട് ചേര്‍ന്ന് ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമായി വള്ളിച്ചെടികള്‍ ധാരാളം നട്ടുപിടിപ്പിക്കുക. വീടിനകത്തും ചെടികള്‍ പിടിപ്പിക്കാവുന്നതാണ്.
* മുറ്റത്ത് സിമന്റ്, ഇന്റര്‍ലോക്കുകള്‍ ഒഴിവാക്കി കരിങ്കല്ല്, താന്തൂര്‍ സ്റ്റോണ്‍ എന്നിവ പതിപ്പിച്ച് ഇടയ്ക്ക് പുല്ല് വെച്ച് പാകാവുന്നതാണ്.