പല കാരണങ്ങള്‍ കൊണ്ടാണ് വായ്‌നാറ്റമുണ്ടാവുന്നത്. അസുഖങ്ങള്‍, അണുബാധകള്‍ മുതല്‍ കഴിക്കുന്ന ചില ഭക്ഷണം വരെ ഇതിലുള്‍പ്പെടും. അതൊന്നുമല്ലാതെയും വായ്‌നാറ്റമുണ്ടാവാം.

വായ ഡ്രൈ ആവുന്നതും വായ്‌നാറ്റത്തിന് ഒരു പ്രധാനകാരണമാണ്. അതുകൊണ്ടാണ് രാത്രിയില്‍ ഈ പ്രശ്‌നം രൂക്ഷമാവുന്നത്. അതുകൊണ്ട് ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരിക്കുക. കാപ്പി, ചായ എന്നിവയല്ല, പകരം നല്ല ശുദ്ധമായ വെള്ളമാണ് വേണ്ടത്. 

വായ്‌നാറ്റമകറ്റാന്‍ വീട്ടില്‍ത്തന്നെ ചില വഴികളുണ്ട്. പുതിനയില നല്ലതാണ്. കുറച്ച് പുതിനയിലയെടുത്ത് വായിലിട്ട് ചവച്ചുനോക്കൂ. വായ്‌നാറ്റം അകലും. നല്ല സുഗന്ധമുണ്ടാവുകയും ചെയ്യും.മല്ലിയിലയാണ് മറ്റൊന്ന്. മല്ലിയില ചവയ്ക്കുന്നതും ഈ പ്രശ്‌നം പരിഹരിക്കും.

ചെറുനാരങ്ങയും നല്ലതാണ്. ഒരു ചെറുനാരങ്ങയുടെ നീരെടുത്ത് അതില്‍ അല്പം വെള്ളംചേര്‍ക്കുക. ഇത് വായിലൊഴിച്ച് കുറച്ചുനേരം വെച്ചശേഷം കളയാം. എന്നാല്‍, ഇത് അധികമാകാതെ നോക്കണം. ഓറഞ്ചിന്റെ നീരും ഇങ്ങനെ ചെയ്യാം. തണുത്ത ഗ്രീന്‍ടീ വായിലൊഴിച്ച് കുറച്ചുനേരം വെക്കുന്നതും വായ്‌നാറ്റത്തിന് പരിഹാരമാണെന്ന് പഠനങ്ങള്‍ പറയുന്നു. 

ജീരകം വായിലിട്ട് കുറേനേരം ചവച്ചരയ്ക്കുന്നതും വായ്‌നാറ്റത്തെ അകറ്റും. ഏലയ്ക്കയും നല്ലതാണ്. ഇത് നല്ല സുഗന്ധം നല്‍കുകയും ചെയ്യും. ഏലയ്ക്ക വെറുതെ ചവച്ചരയ്ക്കുകയോ അതല്ലെങ്കില്‍ ഏലയ്ക്ക പൊടിച്ചത് അല്പം വെള്ളത്തിലിട്ടും ഉപയോഗിക്കാം. 

തുളസിയും ഈ പ്രശ്‌നത്തിന് നല്ലൊരു പരിഹാരമാണ്. നാലഞ്ച് തുളസിയില വായിലിട്ട് ചവച്ചരയ്ക്കുകയാണ് വേണ്ടത്. ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റുമെന്ന് മാത്രമല്ല, മോണയ്ക്കും നല്ലതാണ്.