എന്തൊക്കെ ചെയ്തിട്ടും മാറാത്ത പ്രശ്‌നമാണ് വീട്ടിലെ കൊതുകുശല്യം. മഴക്കാലത്ത് തൊടിയിലും ചിരട്ടകളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് പെട്ടെന്ന് വളരും. അതുകൊണ്ട് വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. വീടും പരിസരവും എപ്പഴും വൃത്തിയായി സൂക്ഷിക്കുകയും വേണം. വീടിനടുത്തുള്ള ചെറിയ വെള്ളക്കെട്ടുകളിൽ ഇത്തിരി മണ്ണെണ്ണയൊഴിച്ചു കൊടുത്താൽ, അതിൽ വളരുന്ന കൂത്താടികൾ നശിക്കും.
വീടിനുള്ളിൽ സ്ഥിരമായി കുന്തിരിക്കം പുകയ്ക്കുന്നത് നല്ലതാണ്. ഇത് കൊതുകിന്റെ ശല്യം ഒരു പരിധി വരെ കുറയ്ക്കും. ചെറുനാരങ്ങയിൽ മൂന്നോ നാലോ ഗ്രാമ്പൂ കുത്തിവെച്ച് മുറികളിൽ വെയ്ക്കുന്നതും നല്ലതാണ്. കൊതുകിന്റെ ശല്യം കുറയും. ചെറുനാരങ്ങയ്ക്ക് പകരം ഓറഞ്ചും ഉപയോഗിക്കാം. വീടിനകം മുഴുവൻ നല്ല സുഗന്ധമുണ്ടാവുകയും ചെയ്യും. വേപ്പെണ്ണ അല്പം വെള്ളത്തിൽ നേർപ്പിച്ച് ഒരു സ്‌പ്രേ ബോട്ടിലിൽ നിറയ്ക്കുക. ഇത് വീടുമുഴുവൻ സ്‌പ്രേ ചെയ്യുന്നതും ഈ പ്രശ്‌നത്തിനൊരു പരിഹാരമാണ്.
ലാവണ്ടർ ഓയിൽ, യൂക്കാലിപ്റ്റസ് തൈലം എന്നിവ അല്പം വെള്ളത്തിൽ നേർപ്പിച്ച് വീടിനകം മുഴുവൻ സ്‌പ്രേ ചെയ്യുന്നതും നല്ലതുതന്നെ. പച്ച കർപ്പൂരവും കൊതുകിനെ അകറ്റാനുള്ളൊരു മാർഗമാണ്. ആറോ ഏഴോ ചെറിയ കർപ്പൂരക്കട്ടികൾ ഒരു ചെറിയ പാത്രത്തിലിട്ട്, വീട്ടിലെ മേശയിലോ മറ്റോ വെക്കുക. കൊതുക് വരില്ല. പ്രശ്‌നം രൂക്ഷമാണെങ്കിൽ, കുറച്ച് കർപ്പൂരമെടുത്ത് കത്തിക്കുന്നതും നല്ലതാണ്.
വെള്ളുത്തുള്ളിയാണ് മറ്റൊരു ജൈവമാർഗം. കുറച്ച് വെളുത്തുള്ളിയല്ലികൾ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ തണുക്കാൻ വെക്കുക. ഈ വെള്ളം ഒരു സ്‌പ്രേ ബോട്ടിലിലൊഴിച്ച്, വീടിനുള്ളിൽ സ്‌പ്രേ ചെയ്തുകൊടുത്താൽ മതി.
ലാവണ്ടർ ഓയിൽ അല്പം വെള്ളിച്ചെണ്ണയിലോ, ആൽമണ്ട് ഓയിലിലോ യോജിപ്പിച്ച് ദേഹത്ത് പുരട്ടുന്നത്, കൊതുക് കടിക്കാതിരിക്കാൻ ഉപകരിക്കും. കാപ്പിപ്പൊടി ഒരു ബൗളിലിട്ട് വീടിനുള്ളിൽ വെക്കുന്നതും, കൊതുകിനെ അകറ്റും.
വീടിന്റെ ജനാലകളും എയർഹോളുകളും മറ്റും നെറ്റ് ഉപയോഗിച്ച് മറയ്ക്കുകയും വേണം. കൊതുക് വീടിനുള്ളിൽ കയറാനുള്ള എല്ലാ മാർഗങ്ങളും ഇങ്ങനെ അടയ്ക്കാം.
Content Highlights: effective home remedies to get rid of mosquitoes
Published: 15 Jun 2025, 02:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented