സ്വന്തം വീട്ടകത്തിരിക്കുന്നതിന്റെ അത്ര സന്തോഷവും സമാധാനവും സുരക്ഷിതത്വവും ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും കിട്ടില്ലെന്ന് നമ്മള്‍ പറയാറില്ലേ. ദൈനംദിനത്തിരക്കുകളില്‍ നിന്നൊക്കെ ഊര്‍ന്നിറങ്ങി വീട്ടിലെ ലിവിങ് ഏരിയയിലെ സോഫയില്‍ ചാഞ്ഞിരിക്കുന്നതിന്റെ സുഖം അതൊന്നു വേറെത്തന്നെയാണ്. വീട്ടിലെ ഓരോ ഇടങ്ങളും നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. അകത്തളങ്ങളിലെ ഏറെ പ്രധാനപ്പെട്ട ഒരിടം സ്വീകരണമുറി തന്നെയാണ്. വീട്ടുകാരെയും അതിഥികളെയും ഒരുപോലെ വരവേല്‍ക്കുന്ന, ബന്ധങ്ങളിലെ ഊഷ്മളത തുറന്നുകാട്ടുന്ന ഇടം. ഇവിടെ സമാധാനത്തോടെ, സൗകര്യത്തോടെ ചെലവഴിക്കാനാവണം. സ്വീകരണമുറിക്ക് സന്തോഷത്തിന്റെ നിറങ്ങള്‍ പകരാം. ചുവരുകളില്‍ ധാരാളം ചിത്രങ്ങള്‍ തൂക്കുന്നതും അംഗീകാരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുമുള്ള ഇടമല്ല സ്വീകരണമുറിയെന്ന് ആദ്യമേ ഉറപ്പിക്കണം. മിനിമലിസം നിലനിര്‍ത്തിക്കൊണ്ട് മനസ്സിനിണങ്ങുന്ന തരത്തില്‍ സ്വീകരണമുറി ഒരുക്കാന്‍ ചില വഴികളുണ്ട്. 

To advertise here,

ഡിസൈനുകള്‍ ശ്രദ്ധയോടെ

  • സ്വീകരണമുറിയെ ഭംഗിയാക്കുന്നതില്‍ നിറങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇളം നിറങ്ങള്‍ മുറിയെ കൂളാക്കും. ലൈറ്റിങ്ങും ഫര്‍ണിച്ചറുമാണ് സ്വീകരണമുറിയെ ഏറ്റവും മനോഹരമാക്കുന്ന മറ്റ് ഘടകങ്ങള്‍.
  • സ്വകാര്യത കുറഞ്ഞ ഇടമായതിനാല്‍ തന്നെ അല്പം ഫോര്‍മലായാലും കുഴപ്പമില്ല. വാള്‍ കവറിങ്ങുകളും ടെക്‌സ്ചര്‍ പെയിന്റിങ്ങുകളുമൊക്കെ നല്‍കുന്നത് ഭംഗിയേകും. 
  • ബ്രൗണ്‍ ടോണോടുകൂടി വുഡ് പാനലിങ് നല്‍കുന്നത് ക്ലാസിക് ലുക്ക് നല്‍കും. 
  • സ്റ്റൈലിഷും നടക്കാന്‍ സുഖമുള്ളതും എന്നാല്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്നതുമായ ഫ്‌ളോര്‍ കവറിങ്ങുകളും റഗ്ഗുകളും മാത്രം തിരഞ്ഞെടുക്കുക. 
  • മിക്കവാറും വീടുകളില്‍ സ്വീകരണമുറിയുടെ പ്രധാനഭാഗത്ത് എല്‍സിഡിയാവും ആദ്യം ഇടംപിടിക്കുന്നത്. അതുകാരണം നല്ല ചിത്രങ്ങളും പ്രതിമകളും ഫര്‍ണിച്ചറുകളും കാഴ്ചകളും നമുക്ക് മിസ്സാവാറുണ്ട്. അതുകൊണ്ട് ഓരോന്നിന്റെയും സ്ഥാനം ആദ്യമേ ഉറപ്പിക്കുന്നത് നന്നാവും. വേറൊരു ലിവിങ് ഏരിയ ഡിസൈന്‍ ചെയ്യുകയാണെങ്കില്‍ എല്‍സിഡിക്ക് ഇവിടെ ഇടംപിടിക്കാം.
  • കൊച്ചുവര്‍ത്തമാനങ്ങളും ചര്‍ച്ചകളും നടക്കുന്നയിടമായതിനാല്‍ മുഖത്തോടുമുഖം നോക്കി സംവദിക്കാന്‍ കഴിയുന്ന വിധത്തില്‍ ഫര്‍ണിച്ചറുകള്‍ ഇടാം. ചുവരില്‍ നിന്നും അല്പം അകലംവിട്ട് ഇടുന്നതാവും നല്ലത്. 
  • വിശാലമായ, അല്പം ആഡംബരം തോന്നുന്ന തരത്തില്‍ മുറി ഒരുക്കാന്‍ ജനലുകള്‍ തിരഞ്ഞെടുക്കുന്നതിലും വേണം ശ്രദ്ധ. ധാരാളം വെളിച്ചം ഉള്ളിലേക്ക് വരുന്നരീതിയില്‍ ഡിസൈന്‍ ക്രമീകരിക്കാം. പ്ലാനിങ് ഘട്ടത്തില്‍ തന്നെ ഇത് തീരുമാനിക്കാം. വാം ലൈറ്റാവും ഇവിടെ നല്ലത്. 
  • ഇളം നിറത്തിലുള്ള കര്‍ട്ടനുകള്‍ ഭംഗി നല്‍കുമെങ്കിലും പെട്ടെന്ന് അഴുക്ക് പുരളാനും സ്വകാര്യത കുറയ്ക്കുമെന്നതിനാലും ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. മുറിയുടെ മൊത്തം മൂഡിനനുസരിച്ചുള്ള കര്‍ട്ടനുകള്‍ക്ക് മുന്‍ഗണന നല്‍കാം. 
  • കഴിവതും പെയിന്റിങ്ങുകളും ആക്‌സസറീസുകളും കുത്തിനിറയ്ക്കാതിരിക്കുക. ചിത്രങ്ങള്‍ ഒത്തിരി മുകളിലല്ലാതെ ഐ ലെവലിനനുസരിച്ച് ചുവരുകളില്‍ പതിപ്പിക്കുക. പ്രത്യേകതയുള്ള ആക്‌സസറീസുകള്‍ വെക്കാന്‍ ആദ്യമേ സ്ഥലം നിശ്ചയിക്കാം. ഷെല്‍ഫുകളില്‍ പോട്ടുകളും ഇന്‍ഡോര്‍ പ്ലാന്റുകളും മറ്റും ക്രമീകരിക്കുന്നതും സ്വീകരണമുറിയുടെ അഴക് കൂട്ടും.  
  • സ്ഥലപരിമിതി മനസ്സിലാക്കാം
  • 10*12 അടിയാണ് ഏറ്റവും ചെറിയ സ്വീകരണമുറിയുടെ അളവ്. ഓരോ അളവനുസരിച്ച് സ്വീകരണമുറി ഡിസൈന്‍ ചെയ്യാം.  
  • ചതുരാകൃതിയിലുള്ള മുറിക്ക് ഏറ്റവും കുറഞ്ഞ പരിപാലനം മതിയാവും. 
  • എതിര്‍വശത്തുള്ള രണ്ട് ചുവരുകള്‍ക്ക് ഇളം നിറങ്ങള്‍ നല്‍കാം. മുറിക്ക് വലുപ്പം തോന്നിക്കും. മറ്റുവശങ്ങളില്‍ അല്പം ഡാര്‍ക്ക് ഷെയ്ഡുകളോ ക്ലാഡിങ്ങുകളോ വോള്‍ ടെക്‌സ്ചറുകളോ മറ്റോ നല്‍കിയാല്‍ എടുത്തുനില്‍ക്കും. 
  • സ്വീകരണമുറിയുടെ നീളത്തിനനുസരിച്ച്, എന്നാല്‍ വീതി കുറഞ്ഞ റഗ് തന്നെ തറയില്‍ വിരിക്കാം. 
  • ഫര്‍ണിച്ചറുകളും സമചതുരാകൃതിയില്‍ സെറ്റ് ചെയ്യാം. 
  • ദീര്‍ഘചതുരാകൃതിയിലുള്ള മുറിയാണെങ്കില്‍ ഏറ്റവും എളുപ്പത്തില്‍ ഫര്‍ണിച്ചറുകളും മറ്റും സെറ്റ് ചെയ്യാവുന്നതാണ്. എല്ലാ ഡിസൈനുകളും ഇവിടെ ചേരുമെന്നതാണ് പ്രത്യേകത. 
  • വീതി കുറഞ്ഞ നീളത്തിലുള്ള ചെറിയ സ്ഥലമാണെങ്കില്‍ മിനിമം ഫര്‍ണിച്ചറുകളും മറ്റു ഡിസൈനുകളാവും നല്ലത്.  
  •  ഐ-ഷെയ്പ്പ് മുറികളില്‍ ലിവിങ്ങും ഡൈനിങ്ങും ഒന്നിച്ചാവാം. രണ്ട് തരത്തിലുള്ള റഗ്ഗുകള്‍ വിരിച്ചും വളരെ കുറഞ്ഞ ഫര്‍ണിച്ചറുകള്‍ അടുക്കിക്കൊണ്ടും ഇടങ്ങള്‍ വേര്‍തിരിക്കാം. ആഡംബരമില്ലാത്ത കണ്ടംപററി ഫര്‍ണിച്ചറുകളാവും ചെറിയ മുറികള്‍ക്ക് ഇണങ്ങുക.  


കടപ്പാട്
സോണിയ ലിജേഷ്
ഇന്റീരിയര്‍ ഡിസൈനര്‍
സി.ഇ.ഒ. ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശ്ശൂര്‍