ഒരു യാത്രയ്ക്കുളള തയ്യാറെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പാക്കിങ്. ആവശ്യമുളളതും അല്ലാത്തുമായ സാധനങ്ങള്‍ കുത്തി നിറച്ച് അവസാനനിമിഷം ബാഗ് പാക്കുചെയ്യാന്‍ ഓടി നടക്കുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇങ്ങനെ വെപ്രാളപ്പെട്ട് കുത്തിനിറച്ച ബാഗിനുള്ളില്‍, പലതും കണ്ടുപിടിക്കാനും പ്രയാസമാണ്. മൊബൈല്‍ ചാര്‍ജര്‍, ടൂത്ത് ബ്രഷ്, തുടങ്ങിയ സാധനങ്ങള്‍ പലപ്പോഴും ബാഗില്‍ വെയ്ക്കാന്‍ മറന്നുപോകാറുമുണ്ട്. ഇങ്ങനെ എടുക്കാന്‍ മറന്ന വസ്തുക്കള്‍ യാത്രയുടെ സന്തോഷം തന്നെ നഷ്ടപ്പെടുത്തും. ആ നഷ്ടബോധം ഒഴിവാക്കാന്‍ മുന്‍കൂട്ടി ആലോചിച്ച് കൃത്യമായി ചെയ്യുന്ന പാക്കിങ് യാത്രാസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പഠനങ്ങള്‍ വരെ തെളിയിച്ചിട്ടുണ്ട്.

1. കുറഞ്ഞ ലഗേജ്

ആവശ്യത്തിലധികം വസ്ത്രങ്ങള്‍ കുത്തിനിറച്ച പെട്ടിയുമായി യാത്ര ചെയ്യുന്നവരാണ് ഇന്ന് കൂടുതലും. പക്ഷേ, യഥാര്‍ത്ഥത്തില്‍ സമ്മര്‍ദ്ദമില്ലാതെ യാത്ര ചെയ്യുന്നതിനുളള എളുപ്പവഴി ലഗേജ് കുറയ്ക്കുക എന്നതാണ്. യാത്രയില്‍ ഉപയോഗിക്കാന്‍ കരുതുന്നതിന്റെ പകുതി വസ്ത്രങ്ങള്‍ മാത്രം എടുത്താല്‍ മതി. പകരം കൈയ്യില്‍ പണം കരുതുക. ഇങ്ങനെ ചെയ്യുമ്പോള്‍ ബാഗിന്റെ ഭാരം കുറയുന്നതോടൊപ്പം, യാത്ര പോകുന്നിടത്തുനിന്നുളള ഷോപ്പിങ്ങ് ചെയ്ത സാധനങ്ങളും ബാഗില്‍ വയ്ക്കാം. എപ്പോഴും ഉപയോഗിക്കാന്‍ കഴിയുന്ന, അധികം ചുളിവു വരാത്ത വസ്ത്രങ്ങള്‍ അവിടെ നിന്ന് വാങ്ങിക്കുകയും ചെയ്യാം.

2. പാക്കിങ് ഓര്‍ഗനൈസറുകള്‍ ഉപയോഗിക്കുക

വസ്ത്രങ്ങള്‍ അലമാരയില്‍ വെയ്ക്കുമ്പോഴും, ബാഗുകളില്‍ വെയ്ക്കുമ്പോഴും പാക്കിങ് ഓര്‍ഗനൈസറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. മനശ്ശാസ്ത്ര പഠനങ്ങള്‍ പറയുന്നത് പോലെ, ഇങ്ങനെ ഓര്‍ഗനൈസ് ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. അതുപോലെ, പാക്കിംഗ് ക്യൂബുകള്‍ ബാഗിനുള്ളില്‍ കൂടുതല്‍ സ്ഥലം ഉണ്ടാക്കുകയും ആവശ്യവസ്തുക്കള്‍ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും.

3. ട്രാവല്‍-സൈസ് ടോയ്‌ലട്രികള്‍ മാത്രം കരുതുക

വലിയ ടിന്നിലുളള ഷാംപൂ, ലോഷന്‍, ക്രീം എന്നിവ യാത്രകളില്‍ കൊണ്ടുപോകേണ്ട ആവശ്യമില്ല. ചെറുയ റിഫില്ലബിള്‍ ബോട്ടിലുകളില്‍ ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങള്‍ കരുതുക. ഇത് ഭാരം കുറയ്ക്കുന്നതോടൊപ്പം, ചോര്‍ച്ചയും ഒഴിവാക്കും. കൂടാതെ, വിമാന കമ്പനികളുടെ 'ലിക്വിഡ്-റൂളുകള്‍' പാലിക്കുന്നതിനും സഹായിക്കും.

4. ഹാന്‍ഡ്ബാഗുകള്‍

യാത്രയില്‍ എല്ലായിടത്തും വലിയ ബാഗുകളോ,പോട്ടിയോ കൊണ്ടുപോകാനാവില്ല. അതിനാല്‍ അത്യാവശ്യംവേണ്ട രേഖകള്‍, മരുന്നുകള്‍, ഒരു സെറ്റ് വസ്ത്രം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ചാര്‍ജര്‍, ലഘു ഭക്ഷണങ്ങള്‍ എന്നിവ അടങ്ങിയ ഒരു ഹാന്‍ഡ്ബാഗ് നിര്‍ബന്ധമായും കരുതുക. അന്തര്‍ദേശീയ യാത്രകളില്‍ പാസ്‌പോര്‍ട്ട്, വിസ, ഇന്‍ഷുറന്‍സ് ഡോക്യുമെന്റുകള്‍ എന്നിവ എപ്പോഴും കൈവശം വെയ്ക്കണം.

5. ചെക്ക്‌ലിസ്റ്റ് തയ്യാറാക്കുക

ചെക്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത് പലപ്പോഴും അനാവശ്യമായി തോന്നാം. എന്നാല്‍ അവസാന നിമിഷത്തിലെ പിഴവുകളില്‍ നിന്ന് ഇത് രക്ഷിക്കും. പലപ്പോഴും മറക്കുന്ന ചെറിയ സാധനങ്ങള്‍ അടക്കം മറക്കാതിരിക്കാനായി ചെക്കലിസ്റ്റ് സഹായിക്കും. വസ്ത്രങ്ങള്‍, ടോയ്‌ലട്രികള്‍, ഇലക്ട്രോണിക്‌സ്, എന്നിങ്ങനെ വിഭാഗങ്ങളാക്കി ലിസ്റ്റ് ഉണ്ടാക്കുക. ഓവര്‍പാക്കിങ് ഒഴിവാക്കാനും പ്രധാനപ്പെട്ട വസ്തുക്കള്‍ വിട്ടുപോകാതിരിക്കാനും ഇതു സഹായിക്കും. കൂടുതല്‍ സൗകര്യത്തിന്, ഒരു ഡിജിറ്റല്‍ കോപ്പി മൊബൈലില്‍ സൂക്ഷിക്കാം.

ഈ ടിപ്പുകള്‍ ഒന്നു പരീക്ഷിച്ചു നോക്കു. ഇത് നിങ്ങളുടെ അടുത്ത യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi