
നല്ലൊരു വീട് നിര്‍മ്മിക്കാന്‍ ഒരുപാട് സാധ്യതകള്‍ മുന്നിലുണ്ട്. കയ്യില്‍ പണമുണ്ടെങ്കില്‍ ഏറ്റവും നല്ല ഡിസൈനറേയും എക്സ്പീരിയന്‍സ് ഉള്ള കോണ്ട്രാക്ടറേയും കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ മറ്റൊരാള്‍ നിര്‍മ്മിച്ച വീട് വാങ്ങാന്‍ പോകുന്നവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒരുപാട് കടമ്പകളാണ് അവര്‍ക്ക് മുന്നില്‍. ഇതില്‍ ഏറ്റവും വലിയ പ്രതിസന്ധി വാങ്ങാന്‍ പോകുന്ന വീടിന്റെ നിലവാരം തന്നെയാണ്. വില്‍പ്പന മാത്രം ഉദ്ദേശിച്ചുണ്ടാക്കുന്ന ചില വീടുകള്‍ നല്ലത് ആകണമെന്നില്ല. ഈയൊരു പേടി പലരെയും ഏറെ വിഷമിപ്പിക്കുന്നതാണ്.
പുതിയതോ മറ്റൊരാള്‍ ഉപയോഗിച്ചതോ ആയ വീട് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
- ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനം റോഡ് സൗകര്യം തന്നെയാണ്. നാല് ചക്രവാഹന സൗകര്യം ഉള്ള വഴി ആയിരിക്കണം. വാങ്ങുന്ന ആള്‍ക്ക് ഇപ്പോള്‍ കാര്‍ ഇല്ലെങ്കിലും പിന്നീട് ഉണ്ടാകും എന്ന് അറിയുക. സന്ദര്‍ശകര്‍ വലിയ വാഹനത്തില്‍ വരുമ്പോള്‍ ചെറിയ വഴി ബുദ്ധിമുട്ട് ഉണ്ടാക്കും. വീതിയുള്ള നല്ല വഴി ഇല്ലെങ്കില്‍ പിന്നീട് ഈ വീട് വില്‍പ്പന നടത്താനും പ്രയാസമാണ്.
- വീടിന്റെ നിലവാരമറിയാന്‍ വിദഗ്ധനായ ഒരു എഞ്ചിനീയറുടെ സേവനം സ്വീകരിക്കാം
- കൂടുതല്‍ പഴക്കമുള്ള വീടുകള്‍ക്ക് ബാങ്ക് ലോണ്‍ സൗകര്യം പ്രയാസമാണ് എന്നറിഞ്ഞു മാത്രം അഡ്വാന്‍സ് കൊടുക്കുക. പിന്നീട് ബാങ്കില്‍ ലോണ്‍ ആവശ്യത്തിന് പോകുമ്പോള്‍ ഈ വീടിനു ലോണ്‍ കിട്ടില്ല എന്നറിയുമ്പോളുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം.
- നിലവിലുള്ള സൗകര്യം പോരാ എന്നുണ്ടെങ്കിലും ബാക്കി എല്ലാം ഒത്തുവന്നാല്‍ മോഡിഫിക്കേഷന് സാധ്യമാണെങ്കില്‍ വീട് വാങ്ങാവുന്നതാണ്. ഇക്കാര്യത്തില്‍ തീരുമാനം ഒരു എഞ്ചിനീയര്‍ക്ക് വിടാം. അദ്ദേഹത്തിന്റെ എക്സ്പീരിയന്‍സ് ഗുണം ചെയ്യും.
- മഴക്കാലത്തു പറമ്പില്‍ വെള്ളം കയറുമോ, വേനലില്‍ കിണര്‍ വറ്റുമോ, കിണര്‍ വെള്ളം നല്ലതാണോ എന്നൊക്കെ പരിസരവാസികളോട് ചോദിച്ചറിയാം.
- ബേസ്മെന്റ് 45 cm ഇല്ലാത്ത പഴയ വീടുകള്‍ ആണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. ചിലപ്പോള്‍ അവിടെ പ്ലോട്ടില്‍ വെള്ളം കയറിയത് കാരണം മണ്ണിട്ട് ഉയര്‍ത്തിയത് ആകാനുള്ള സാധ്യതയുണ്ട്. ഇത് ചുമരില്‍ ഈര്‍പ്പം ഉണ്ടാക്കും.
- ഡോക്യുമെന്റ്സ് പരിശോധിക്കാന്‍ നല്ലൊരു വക്കീലിനെ തന്നെ ഏല്‍പ്പിക്കുക. പലരും ആധാരം എഴുതാന്‍ മാത്രം എഴുത്തുകാരെ ഏല്പിക്കുന്നത് കണ്ടിട്ടുണ്ട്. ഇതുമൂലം സ്വത്തുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ അറിയാതെ പോകും.
- വാങ്ങുന്ന സ്ഥലം നിലമാണോ, പറമ്പാണോ എന്നൊക്കെ നോക്കി മാത്രം വീട് വാങ്ങുക. ഒരുനില മാത്രമുള്ള ചെറിയ വീടാണെങ്കില്‍ പിന്നീട് ഒന്നാം നില എടുക്കാം എന്നൊക്കെ പ്ലാന്‍ ചെയ്തു വാങ്ങിയ വീട്, നിലം ആയത് കാരണം കൂട്ടിയെടുക്കാന്‍ കഴിയാതെ വരും.
- നല്ല സ്ട്രക്ച്ചര്‍ ഉള്ള പഴയ വീടാണെങ്കില്‍ ചിലപ്പോള്‍ സ്ഥലത്തിന്റെ വിലയ്ക്ക് കിട്ടാറുണ്ട്. ഇങ്ങനെയുള്ള വീടുകളില്‍ വലിയൊരു മാറ്റം വരുത്തി പുതിയ വീടിന്റെ സൗകര്യവും ഭംഗിയും ഉണ്ടാക്കിയെടുക്കാം.
- കെട്ടിട നമ്പര്‍ ഇടാത്ത പുതിയ വീടാണെങ്കില്‍ നമ്പര്‍ ഇട്ടതിനു ശേഷം മാത്രം പ്രോപ്പര്‍ട്ടി രജിസ്ട്രേഷന് ചെയ്യുന്നതാണ് നല്ലത്. മാത്രമല്ല നഗരസഭ അപ്രൂവല്‍ നല്കിയ അനുമതി പത്രം, പ്ലാന്‍ എല്ലാം വാങ്ങി നോക്കണം. നിര്‍മാണം പാസ്സായ പ്ലാന്‍ പ്രകാരമാണോ എല്ലാം നടന്നത് എന്നുകൂടി ഉറപ്പ് വരുത്തുന്നത് നല്ലതാണ്.
Content Highlights: things to consider before buying an old house
Published: 02 Aug 2024, 10:36 am IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented