കടല്‍ത്തട്ടിലെ പവിഴങ്ങള്‍ പോലെ ക്രിസ്റ്റലുകള്‍ കൊരുത്ത വിളക്കുകള്‍. പുരാതന ദേവാലയങ്ങളുടെ, പ്രാചീനമായ മഹാനിര്‍മിതകളുടെ, വമ്പന്‍ കൊട്ടാരങ്ങളുടെ മട്ടുപ്പാവുകളെയും മേല്‍ക്കൂരകളെയും അലങ്കരിക്കുന്ന ശില്പവിളക്കുകള്‍ തുര്‍ക്കിയില്‍ നിന്നുള്ളവയാണ്. നൂറ്റാണ്ടുകള്‍ കടന്ന് ഈ നവലോകത്തും ടര്‍ക്കിഷ് വിളക്കുകള്‍ പ്രതാപികളായി നിലനില്‍ക്കുകയാണ്.
ടര്‍ക്കിഷ് വിളക്കുകളുടെ ചരിത്രത്തിന് ആയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഓട്ടോമന്‍ ചരിത്രത്തിന്റെ ഏടുകള്‍ക്ക് ടര്‍ക്കിഷ് വിളക്കുകളുടെ വെളിച്ചം അലങ്കാരമാണ്. ഓട്ടോമന്‍ സംസ്‌കാരത്തില്‍ ഇഴചേര്‍ന്ന വര്‍ണവൈവിധ്യമാണ് ടര്‍ക്കിഷ് ലൈറ്റുകളുടെ പ്രത്യേകത. പല നിറത്തിലുള്ള ക്രിസ്റ്റലുകള്‍ ചേര്‍ത്തുനിര്‍മിക്കുന്ന വിളക്കുകള്‍ പൂക്കള്‍ പോലെ മനോഹരമാണ്.
പരമ്പരാഗത ടര്‍ക്കിഷ് വിളക്കുകള്‍ പൂര്‍ണമായും കൈകള്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. വിളക്കു നിര്‍മാണത്തിന്റെ തുടക്കകാലത്ത് സെറാമിക്കും ലോഹങ്ങളുമായിരുന്നു നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉത്പന്നങ്ങള്‍. ക്രിസ്റ്റലുകള്‍ പകരക്കാരായത് പിന്നീടാണ്. ഓരോ വിളക്കുകളും മെഡിറ്ററേനിയന്‍ രത്‌നങ്ങളുടെ മനംമയക്കുന്ന വര്‍ണഭംഗിയിലാണ് വിപണിയിലെത്തുക. ശില്പകലപോലെ സൂക്ഷ്മമായ ശ്രദ്ധ ആവശ്യമുള്ള കലയാണ് ഈ വിളക്കുനിര്‍മാണവും. ഇസ്താംബൂളിലെ മികവുറ്റ കലാകാരന്മാരുടെ കൈകളിലാണ് ഇവ പിറക്കുന്നത്. ചില്ലിന്റെ ചെറുമുത്തുകള്‍ പ്ലാസ്റ്റര്‍ കൊണ്ട് യോജിപ്പിച്ചാണ് പരമ്പരാഗതമായി ഇവ ഉണ്ടാക്കിയിരുന്നത്. വളരെയധികം അധ്വാനം ആവശ്യമുള്ളൊരു കൈത്തൊഴില്‍ കൂടിയാണിത്. ചില്ലുപാളികള്‍ കൈകള്‍ കൊണ്ട് മുറിച്ച് കലാപരമായി അടുക്കി ഘട്ടങ്ങളായാണ് നിര്‍മാണം. ഗ്രനേഡയിലെയും അറേബ്യയിലെയും പൈതൃക വിളക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തുര്‍ക്കിയിലെ കലാകാരന്മാര്‍ ഇവയ്ക്ക് ജന്മംകൊടുത്തത്. ബൈസാന്റിയന്‍ പേര്‍ഷ്യന്‍ ശില്പകലയുടെ സ്വാധീനം പ്രകടമാണ്. ചെക്ക് ബൊഹീമിയന്‍ കരവേലകളോടും വെനീഷ്യന്‍ ഗ്ലാസ് ഐസ് നിര്‍മാണമാതൃകകളോടും ഇവയ്ക്ക് കടപ്പാടുണ്ട്.

മൊസൈക്ക് രൂപത്തില്‍ ക്രിസ്റ്റല്‍ പാളികള്‍ ചേര്‍ത്തു നിര്‍മിച്ച ടര്‍ക്കിഷ് വിളക്കുകള്‍ അകത്തളത്തിന് ഭംഗികൂട്ടുന്നു. നിര്‍മാണത്തിന്റെ പ്രത്യേക കാരണം ഓരോ വിളക്കും കാഴ്ചയില്‍ വ്യത്യസ്തമായിരിക്കും. ഈ വൈവിധ്യം തന്നെയാണ് അലങ്കാരവിപണിയില്‍ ഇവയെ മുന്‍നിരക്കാരാക്കുന്നതും. സീലിങ് ലാമ്പുകളായും വാള്‍ലാമ്പുകളായും ഫ്‌ളോര്‍ ലാമ്പുകളായും ടേബിള്‍ ലാമ്പുകളായും ഷാന്‍ഡ്‌ലിയറുകളായുമൊക്കെ ഇവ ഉപയോഗിക്കുന്നു. ക്രിസ്റ്റലുകളിലെ വര്‍ണവ്യത്യാസം മുറികള്‍ക്ക് ആകര്‍ഷകമായ വെളിച്ചം നല്‍കുന്നു. ഗുണമേന്മയുള്ള മൊസൈക്ക് ക്രിസ്റ്റലുകളില്‍ പണിതീര്‍ത്ത തനത് ടര്‍ക്കിഷ് വിളക്കുകള്‍ക്ക് ലോകവിപണിയില്‍ ആവശ്യക്കാരേറെ. ഒരേ സമയം പഴമയുടെ ഭംഗിയും രാജകീയതയും പകരുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. ദൗര്‍ഭാഗ്യത്തെയും നെഗറ്റീവ് എനര്‍ജിയെയും ഇവ പുറത്തുകളയും എന്നൊരു വിശ്വാസവും ഉണ്ട്. വെറും വിളക്കുകള്‍ എന്നതിലുപരി മഹത്തായ പൈതൃകത്തിന്റെയും വിശാലമായ സംസ്‌കാരത്തിന്റെയും ശേഷിപ്പുകളായാണ് ഇവയെ ലോകം കാണുന്നത്. ഇസ്താംബൂളിലെ പ്രാചീന ദേവാലയമായ ഗേഹിയ സോഫിയയുടെ ശില്പചാരുതയില്‍ ഈ വിളക്കുകള്‍ക്കുള്ള സ്ഥാനം ചെറുതല്ല.
Content Highlights: story of Turkish lamps
Published: 22 Mar 2025, 11:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented