
'എല്ലാം ഞാന്‍ നന്നായി പഠിപ്പിച്ചതാണ് ഡോക്ടറേ. ചോദിച്ചപ്പോള്‍ ഉത്തരങ്ങളെല്ലാം കൃത്യമായി പറഞ്ഞതുമാണ്. പക്ഷേ പരീക്ഷയ്ക്ക് എത്തുമ്പോൾ മറക്കുന്നു. ഇവന്റെ ഓര്‍മകൂട്ടാന്‍ എന്താണൊരു വഴി?'- അഞ്ചാംക്ലാസില്‍ പഠിക്കുന്ന മകനുമായി ചൈല്‍ഡ് ഗൈഡന്‍സ് ക്ലിനിക്കിലെത്തിയ അമ്മയുടെ പരാതിയാണിത്.
ഓര്‍മ നില്‍ക്കുന്നില്ലേ?
പഠിച്ച കാര്യങ്ങള്‍ കൃത്യമായി ഓര്‍ക്കാന്‍ കഴിയാത്തത് പലകുട്ടികള്‍ക്കും പ്രശ്‌നമാണ്. രക്ഷിതാക്കളുടെ സമ്മര്‍ദവും പഠനത്തിരക്കുകളും കൂടിയാകുമ്പോള്‍ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പതിന്മടങ്ങാകും. കുട്ടികളുടെ ബുദ്ധിവളര്‍ച്ചയില്‍ ആദ്യത്തെ അഞ്ചുവര്‍ഷങ്ങള്‍ നിര്‍ണായകമാണ്.
- രണ്ടുമാസം-നാം ചിരിക്കുമ്പോള്‍ കുഞ്ഞ് നമ്മുടെ മുഖത്തുനോക്കി ചിരിക്കുന്നു
- നാലുമാസം-കുഞ്ഞിന്റെ കഴുത്ത് ഉറയ്ക്കുന്നു.
- എട്ടുമാസം-മറ്റുള്ളവരുടെ സഹായംകൂടാതെ ഇരിക്കുന്നു.
- ഒരുവയസ്സ്-കുട്ടി പരസഹായം കൂടാതെ നില്‍ക്കുന്നു, സംസാരിക്കാന്‍ തുടങ്ങുന്നു.
- ഒന്നരവയസ്സ്-അര്‍ഥമുള്ള ഇരുപതോളം വാക്കുകള്‍ സംസാരിക്കുന്നു.
- രണ്ടുവയസ്സ്- ഇരുന്നൂറോളം വാക്കുകള്‍ സംസാരിക്കുന്നു.
- മൂന്നുവയസ്സ്-ഏകദേശം ആയിരം വാക്കുകള്‍ പറയാനുള്ള കഴിവ് കുട്ടിക്കുണ്ടാകും. സംഭവങ്ങളും അനുഭവങ്ങളും ഓര്‍ത്തെടുത്ത് പറയാന്‍ തുടങ്ങുന്നു.
വളര്‍ച്ചയുടെ ഈ നാഴികക്കല്ലുകളില്‍ എന്തെങ്കിലും പ്രയാസം ഉണ്ടെങ്കില്‍ കൃത്യമായി കണ്ടുപിടിക്കുകയും ചികിത്സ തേടുകയും ചെയ്യണം. ഇവയിലുണ്ടാകുന്ന വൈകല്യങ്ങളാണ് ഭാവിയില്‍ പഠനപ്രശ്‌നങ്ങളിലേക്കും ഓര്‍മക്കുറവിലേക്കും നയിക്കുന്നത്. 
അച്ഛനമ്മമാരും അധ്യാപകരും അറിയേണ്ടത്
- ഏതുകാര്യത്തിലാണ് കുട്ടിക്ക് ടെന്‍ഷന്‍ എന്ന് ആദ്യമേ തിരിച്ചറിയണം.
- പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നമെങ്കില്‍ അധ്യാപകരുമായി ബന്ധപ്പെട്ട് പരിഹാരം കാണാം.
- സമ്മര്‍ദമുണ്ടാക്കുന്ന ആളുകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും മാറിനടക്കാന്‍ കുട്ടിയെ സഹായിക്കാം.
- വീട്ടിലെ പ്രശ്‌നങ്ങള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
- കുട്ടിക്ക് നല്ല ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. 17 വയസ്സുവരെയുള്ള കുട്ടികള്‍ എട്ടുമണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം.
- കുട്ടികളുടെ പഠനസമയം ക്രമീകരിക്കണം. നിശ്ചിതസമയത്ത്, നിശ്ചിതസ്ഥലത്ത് ഇരുന്നാണ് പഠിക്കേണ്ടത്. വിനോദത്തിനും മറ്റും ഈ സ്ഥലം ഉപയോഗിക്കരുത്.
- ഹോംവര്‍ക്ക് ഒരു ശിക്ഷയായി ഉപയോഗിക്കരുത്.
- കുട്ടികള്‍ക്ക് എല്ലാ വിഷയവും ഒരേ താത്പര്യത്തോടെയും മിടുക്കോടെയും പഠിക്കാന്‍ കഴിയണമെന്നില്ല.
- കുട്ടികളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കുക.
മറക്കാതിരിക്കാനുള്ള പൊടിക്കൈകള്‍
- ഉത്കണ്ഠയും ടെന്‍ഷനുമില്ലാതെ പഠനം തുടങ്ങണം.
- പഠിച്ചതെല്ലാം ഓര്‍മിക്കണം എന്ന വാശിയോടെ പഠിക്കാം.
- പാഠഭാഗം വായിച്ച് പ്രധാനകാര്യങ്ങള്‍ എഴുതിവയ്ക്കാം.
- ദിവസവും പഠിപ്പിക്കുന്നത് അന്നുതന്നെ പഠിച്ച്, വൈകീട്ട് വീട്ടിലെത്തി വിശകലനം ചെയ്യണം.
- സങ്കല്പിച്ച് പഠിക്കാം: പഠനഭാഗങ്ങള്‍ ചിത്രങ്ങളാക്കി സങ്കല്‍പ്പിച്ചുനോക്കൂ. അവ ഓര്‍ത്തെടുക്കാന്‍ എളുപ്പമാകും.
- വിഭജിക്കാം, കൂട്ടങ്ങളാക്കാം: പഠിക്കേണ്ട വിഷയം പലഭാഗങ്ങളാക്കുന്നത് ഓര്‍മയില്‍ നില്‍ക്കാന്‍ സഹായിക്കും. ഉദാഹരണത്തിന് എട്ടോ പത്തോ അക്കങ്ങള്‍ ക്രമമായി ഓര്‍ക്കുന്നതിന് പകരം രണ്ടോ മൂന്നോ അക്കങ്ങളുടെ കൂട്ടമായി തിരിക്കാം.
- എളുപ്പവഴികള്‍ മനസ്സിലാക്കി പഠിക്കുന്നത് ഓര്‍മയില്‍ നില്‍ക്കും. മഴവില്ലിലെ നിറങ്ങളെ VIBGYOR എന്ന് മനസ്സിലാക്കി പഠിച്ചത് ഇപ്പോഴും നമ്മള്‍ ഓര്‍ക്കുന്നില്ലേ!
- പഠിച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് മറവി തടയും.
Content Highlights: how to solve learning disabilities among children
Published: 29 Jul 2024, 04:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented