മഴക്കാലമാകുന്നതോടെ പാമ്പിന്റെ ശല്യം കൂടുന്നത് സ്ഥിരമാണ്. പാമ്പുകള്‍ നമ്മളെ അക്രമിക്കണമെന്ന് ഉദ്ദേശത്തോടെ വരുന്നതല്ല. അബദ്ധത്തില്‍ അവയെ ചവിട്ടുകയോ ഏതെങ്കിലും തരത്തില്‍ പേടിപ്പിക്കുകയോ ചെയ്യുമ്പോഴാണ് പാമ്പുകള്‍ ആക്രമിക്കുന്നത്. ചില മുന്‍കരുതലുകള്‍ കൈക്കൊണ്ടാല്‍ വീടിനുള്ളിലേക്ക് പാമ്പ് വരുന്നത് തടയാം.

To advertise here,
  1. മഴക്കാലത്തിനു മുന്‍പ് തന്നെ വീടിനടുത്തുള്ള കാടുകള്‍ വെട്ടിത്തളിക്കാം. കരിയില കൂടിക്കിടക്കുന്നതും വൃത്തിയാക്കണം. ഇവിടങ്ങളാണ് പാമ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങള്‍.
  2. വീടിനോട് ചേര്‍ന്ന് വിറക് കൂട്ടിയിടരുത്. പാമ്പ് ഇതിനുള്ളില്‍ ചുരുണ്ടുകൂടാന്‍ സാധ്യതയുണ്ട്. കൃത്യമായി നെറ്റ് ഇട്ട സ്ഥലത്ത് വിറക് സൂക്ഷിക്കുക. അല്ലെങ്കില്‍ വലയിട്ടോ കവറിട്ടോ മൂടിവെക്കണം.
  3. മുറ്റത്തുള്ള ചെടിച്ചട്ടികള്‍ക്കിടയില്‍ അകലം ഉണ്ടാകുന്ന രീതിയില്‍ ക്രമീകരിക്കണം. അടുപ്പിച്ചു ചട്ടികള്‍ വെച്ചാല്‍ പാമ്പ് വന്നാല്‍ കാണാനാകില്ല. ജനലിനോട് ചേര്‍ന്ന് ചട്ടികള്‍ വെക്കുന്നതും ഒഴിവാക്കണം.
  4. വീടിന് മുകളിലേക്ക് പടര്‍ന്ന വള്ളിച്ചെടികള്‍ വെട്ടിക്കൊടുക്കണം. വീട്ടിലേക്ക് നീളുന്ന മരക്കൊമ്പുകളും ഇത്തരത്തില്‍ വെട്ടി നിര്‍ത്തണം.
  5. എയര്‍ഹോളുകള്‍, എക്‌സ്‌ഹോസ്റ്റ് ഹോളുകള്‍ എന്നിവയ്ക്ക് മുകളില്‍ നെറ്റടിക്കാം. ഇഴജന്തുക്കളെയും പേടിക്കണ്ട, കൊതുകും കയറില്ല.
  6. വാതിലുകള്‍ക്കിടയില്‍ പഴുതുകള്‍ ഇല്ല എന്നുറപ്പ് വരുത്തണം. അടുക്കളയിലുള്ള ഗ്രില്ലുകള്‍ക്ക് മുകളില്‍ നെറ്റ് വെക്കാം.
  7. വെളുത്തുള്ളി, കായം, മണ്ണെണ്ണ എന്നിവയുടെ മിശ്രിതം വീടിനു ചുറ്റും തളിച്ചാലും പാമ്പ് വരില്ല.
  8. മുറ്റത്തെ ഇന്റര്‍ലോക്കിനിടയിലോ കോണ്‍ക്രീറ്റിനിടയിലോ വിടവുകളോ വിള്ളലുകളോ ഇല്ല എന്നുറപ്പ് വരുത്തണം.
  9. വീട്ടിനുള്ളില്‍ ഇടയ്ക്കിടെ കുന്തിരിക്കം പുകയ്ക്കുന്നതും നല്ലതാണ്. ഇത് കൊതുകില്‍ നിന്നും ആശ്വാസം തരും.
  10. വീടിനുചുറ്റും അമോണിയ സ്‌പ്രേ ചെയ്യുന്നതും നല്ലൊരു പോംവഴിയാണ്. പക്ഷേ അമോണിയയുടെ അളവ് കൂടുന്നത് മണ്ണിന് ദോഷമാണ് എന്നോര്‍ക്കണം.
  11. വീടിനോട് ചേര്‍ന്ന് ചെടി വളര്‍ത്തുന്ന അലങ്കാരക്കുളങ്ങള്‍ ഇപ്പോള്‍ സാധാരണമാണ്. അല്പം വിനാഗിരി കുളത്തിലെ വെള്ളത്തില്‍ തളിച്ചാല്‍ പാമ്പ് ശല്യം ഒഴിവാക്കാം.
  12. പാമ്പ് വരുന്നത് പ്രരിരോധിക്കാനുള്ള ഏറ്റവും ചിലവ് കുറഞ്ഞ കെമിക്കലാണ് നാഫ്തലീന്‍. വീടിന് ചുറ്റും പാമ്പുശല്യം ഉണ്ടാകുമെന്ന് സംശയിക്കുന്ന ഇടങ്ങളിലും നാഫ്തലീന്‍ വിതറാം.