ചെടിച്ചട്ടിയിലും മണ്ണിലും ചെടി നടുന്നതിനുപകരം കുറച്ചുകൂടി വ്യത്യസ്തമായ ചിലത് പരീക്ഷിച്ചാലോ? പഴയ ഷൂസ്, ഗ്ലൗസ്, ബാഗുകള്‍, കുപ്പികള്‍, ഉരല്‍, ഫ്‌ളാസ്‌ക്, മിക്‌സിയുടെ ബൗള്‍, വെള്ളമൊഴിക്കുന്ന ജഗ്ഗ്...അങ്ങനെ എന്തിലും ചെടി നടാം. ആരും ശ്രദ്ധിക്കുമെന്ന് മാത്രമല്ല, റീസൈക്ലിങ് കൂടിയാണിത്. 

To advertise here,

പഴയ ടയറും ഉപയോഗിക്കാം. ടയര്‍ മുഴുവനായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ പെട്ടെന്ന് വളര്‍ന്നുപന്തലിക്കുന്ന തരം ചെടികള്‍ നടുന്നതായിരിക്കും നല്ലത്. ടയറിനുള്ളില്‍ പച്ചക്കറിയും കൃഷി ചെയ്യാം. ടയര്‍ പകുതിയായി മുറിച്ചും ഉപയോഗിക്കാന്‍ പറ്റും. താഴേക്ക് വീണുകിടക്കുന്ന വള്ളിച്ചെടികളും പെട്ടെന്നുണ്ടാവുന്ന വള്ളിപ്പൂക്കളുമൊക്കെയാണ് ഇതില്‍ നടാന്‍ നല്ലത്. എന്നിട്ട് ടയറിന്റെ രണ്ടുവശങ്ങളിലും കയര്‍ കൊണ്ട് കെട്ടി, പൂന്തോട്ടത്തില്‍ എവിടെയെങ്കിലും തൂക്കിയിടാം. ടയറില്‍ പെയിന്റടിക്കുകയും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുകയുമൊക്കെ ചെയ്താല്‍ കൂടുതല്‍ ഭംഗിയായിരിക്കും.  

placeholder

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, ഫൈബര്‍, സ്റ്റീല്‍ തുടങ്ങിയ പാത്രങ്ങള്‍ വൃത്തിയാക്കി ഇഷ്ടമനുസരിച്ച് പെയിന്റ് ചെയ്‌തോ ചിത്രങ്ങള്‍ വരച്ചോ മനോഹരമാക്കിയെടുക്കുക. എന്നിട്ടതില്‍ ചെടികള്‍ നട്ടുപിടിപ്പിക്കാം. ബാക്കിവന്ന പെയിന്റ് ടിന്നുകള്‍ കഴുകിത്തുടച്ച് പെയിന്റ് അടിച്ചെടുത്താല്‍, അതിലും ചെടികള്‍ നടാം.

പഴയ ജീന്‍സിലും ചെടി വെച്ചുപിടിപ്പിക്കാം. അതിനായി ആദ്യം തന്നെ ജീന്‍സിന്റെ അടിഭാഗം ആവശ്യത്തിനനുസരിച്ച് മുറിക്കുക. എന്നിട്ട് ആ ഭാഗം നന്നായി കെട്ടിവെക്കുകയോ തുന്നുകയോ വേണം. മണ്ണ് പുറത്തുപോകാതിരിക്കാനാണിത്. വളര്‍ന്നുപന്തലിക്കാത്തതും വെള്ളം അധികം ആവശ്യമില്ലാത്തതുമായ ചെടികള്‍ ഇതില്‍ നടുന്നതാണ് ഉചിതം. മഴ കൊള്ളാത്തിടത്തുവേണം ഈ ജീന്‍സ് പൂച്ചെടികള്‍ വെക്കാന്‍.

placeholder

വീട്ടില്‍ ആവശ്യമില്ലാത്ത ചെറിയ മരക്കഷണങ്ങളുണ്ടെങ്കില്‍ അതുപയോഗിച്ച് പൂന്തോട്ടത്തില്‍ കുഞ്ഞ് ഗോവണിയുണ്ടാക്കാം. അതില്‍ ചെറിയ ചെടികള്‍ പടര്‍ത്തിക്കൊടുക്കുകയും ചെയ്യാം.