അടുക്കളകളിലെ ഒരു പ്രധാന വിഭവമാണ് നെയ്യ്. ശുദ്ധമായ നെയ്യിന് തുളച്ചുകയറുന്ന ഗന്ധവും രുചിയുമുണ്ട്. എന്നാൽ പലപ്പോഴും നാം കടയിൽ നിന്നുവാങ്ങുന്ന നെയ്യിൽ മായം കലരാൻ സാധ്യതയുണ്ട്. മായം കലർന്ന നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വ്യാജ നെയ്യിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ദഹനപ്രക്രിയയെ മോശമാക്കുകയും, കൊളസ്ട്രോളിൻ്റെ അളവ് വർധിപ്പിക്കുകയും, ഹൃദ്രോഗസാധ്യത കൂട്ടുകയും ചെയ്യും. അതിനാൽ, ശുദ്ധമായ നെയ്യും വ്യാജ നെയ്യും തമ്മിൽ തിരിച്ചറിയേണ്ടത് പ്രധാനമാണ്. നിങ്ങൾ ഉപയോഗിക്കുന്ന നെയ്യ് മായം കലരാത്തതാണോ എന്ന്  എങ്ങനെ തിരിച്ചറിയാനാകും. ചില പൊടിക്കെകൾ പരിശോധിക്കാം. 

To advertise here,
  • നെയ്യിന് പരിശുദ്ധി കുറവാണെന്ന് സംശയമുണ്ടെങ്കിൽ, മൂന്നോ നാലോ മണിക്കൂർ നേരത്തേക്ക് അത് ഫ്രിഡ്ജിൽ വെക്കുക. യഥാർഥ നെയ്യ് ഒരേപോലെ കട്ടിയാകും, എന്നാൽ മായം കലർന്ന നെയ്യ് പല പാളികളായി വേർതിരിയും.
  • ഒരു സ്പൂൺ നെയ്യ് വെള്ളത്തിലിട്ട് നോക്കുന്നതാണ് മറ്റൊരു  മാർഗം. അത് പൊങ്ങിക്കിടക്കുകയാണെങ്കിൽ ശുദ്ധമാണ്, മായം കലർന്നതാണെങ്കിൽ താഴ്ന്നുപോകും.
  • ഒരു ചെറിയ സ്പൂൺ നെയ്യ് എടുത്ത് നിങ്ങളുടെ ഉള്ളംകയ്യിൽ വയ്ക്കുക. അത് എത്ര വേഗത്തിൽ ഉരുകുന്നു എന്ന് നിരീക്ഷിക്കുക. ശുദ്ധമായ നെയ്യ് അതിലെ സ്വാഭാവിക കൊഴുപ്പുകൾ കാരണം പെട്ടെന്ന് ഉരുകുന്നു. ഉരുകാതിരിക്കുകയോ കട്ടിയായി തുടരുകയോ ചെയ്താൽ മായം കലർന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.
  • ഒരു ടീസ്പൂൺ ഉരുക്കിയ പശുവിൻ നെയ്യിലേക്ക് 2-3 തുള്ളി അയഡിൻ ടിങ്ചർ ചേർക്കുക. ശുദ്ധമായ നെയ്യാണെങ്കിൽ നിറത്തിൽ മാറ്റം ഉണ്ടാകില്ല.
    മായം ചേർത്തതാണെങ്കിൽ  മിശ്രിതം നീലയോ പർപ്പിൾ നിറമോ ആയി മാറും. 
  • ഒരു സ്പൂൺ നെയ്യ്, ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ചേർക്കുക. പതുക്കെ ഇളക്കി നിരീക്ഷിക്കുക.
    ശുദ്ധമായ നെയ്യ് വെള്ളത്തിന് മുകളിൽ  പൊങ്ങിക്കിടക്കും.
    മായം ചേർത്ത നെയ്യ്, വെള്ളത്തിൽ അലിയുകയോ, താഴുകയോ, അല്ലെങ്കിൽ കലങ്ങിപോകുകയോ ചെയ്യും.
  • ശുദ്ധമായ നെയ്യിന്റെ രുചി പരിശോധിക്കുന്നതിനായി, അൽപം നെയ്യെടുത്ത് നേരിട്ട് രുചിക്കുകയോ ചപ്പാത്തി, ചോറ് തുടങ്ങിയ ഭക്ഷണത്തിൽ പുരട്ടി കഴിക്കുകയോ ചെയ്യുക. ശുദ്ധമായ പശുവിൻ നെയ്യിന് ചെറുതായി കാരമലൈസ് ചെയ്ത രുചിയും സുഗന്ധവും ഉണ്ടായിരിക്കും. മായം ചേർത്ത നെയ്യിൽ കൊഴുപ്പിന്റെ രുചിയായിരിക്കും കൂടുതൽ.
  • ഒരു തുള്ളി നെയ്യ് ഒരു വെളുത്ത പേപ്പറിലോ ബ്ലോട്ടിംഗ് പേപ്പറിലോ ഒഴിച്ച് 10-15 മിനിറ്റ് വയ്ക്കുക.ശുദ്ധമായ നാടൻ നെയ്യ് സുതാര്യവും നേർത്തതുമായ ഒരു എണ്ണവലയം ഉണ്ടാക്കുകയും അത് പിന്നീട് മാഞ്ഞുപോകുകയും ചെയ്യും. മായം ചേർത്ത നെയ്യാണെങ്കിൽ, കറുത്തതും, കട്ടിയുള്ളതും, മായാത്തതുമായ എണ്ണക്കറ അവശേഷിപ്പിക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi