നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പലരും പറയാറുണ്ട്. പക്ഷേ, ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള നെയ്യ് മിതമായി കഴിച്ചാൽ ഗുണങ്ങളേറെയുണ്ടെന്നതാണ് യാഥാർഥ്യം. നെയ്യ് സ്ഥിരമായി തങ്ങളുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിനെപ്പറ്റി ബോളിവുഡ് താരങ്ങൾ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ തന്റെ ഏറ്റവും പുതിയ വീഡിയോയിൽ നെയ്യിന്റെ ഗുണമേന്മയെപ്പറ്റി വിശദമാക്കുകയാണിപ്പോൾ. ഇന്ത്യൻ വിഭവങ്ങളിലെ ഈ പ്രധാന ഘടകം നമ്മുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നുവെന്ന് അവർ പറയുന്നു.

To advertise here,

"ചിലപ്പോൾ നമ്മൾ ഭയക്കാൻ ശീലിച്ച ഭക്ഷണങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടവയാണ്. ശരിയായ അളവിൽ, നെയ്യ് പോലുള്ള പരമ്പരാഗത ചേരുവകൾക്ക് നമ്മെ മനോഹരമായ രീതികളിൽ പോഷിപ്പിക്കാൻ കഴിയും. ഇതൊരിക്കലും അമിതമായ ഒന്നല്ല, മറിച്ച് നിങ്ങളെ കൂടുതൽ ശക്തരാക്കാനുള്ള ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പുകളാണ്"-ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് സുനൈന അടിക്കുറുപ്പ് നൽകി.

"നെയ്യ് അനാരോഗ്യകരമാണെന്ന് ആളുകൾ പറയുന്നത് സത്യമല്ല. മിതമായ അളവിൽ കഴിക്കുമ്പോൾ, നെയ്യ് നിങ്ങളുടെ ശരീരത്തിൽ അത്ഭുതങ്ങൾ ചെയ്യും. ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കുന്നു, നിങ്ങളുടെ കുടലിനെ ആരോഗ്യത്തോടെ നിലനിർത്തുന്നു, പ്രതിരോധശേഷി വർധിപ്പിക്കുന്നു, തിളക്കമുള്ള ചർമ്മവും മുടിയും നൽകുന്നു. നെയ്യ് ആരോഗ്യകരമായ കൊഴുപ്പുകൾ നിറഞ്ഞതാണ്, ഇത് ശരീരത്തെ വിറ്റാമിനുകൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഓർക്കുക, സന്തുലിതാവസ്ഥയാണ് പ്രധാനം. ഒരു ദിവസം ഒരു സ്പൂൺ നെയ്യ് നിങ്ങളെ അൺബ്രെയ്ക്കബിൾ ആക്കും." അവർ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളോട് താൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് എപ്പോഴും തുറന്നുപറയുന്ന വ്യക്തിയാണ് സുനൈന. ശരീരഭാരം കുറച്ചതിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടിരുന്നു. അശ്രദ്ധമായ ജീവിതത്തിൽ നിന്ന് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുമായി പോരാടിയശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തിയാണ് സുനൈന. സെർവിക്സ് ലിംഫോമ എന്ന അപൂർവ്വ കാൻസർ രോഗം, ഫാറ്റി ലിവർ ഡിസീസ് (ഗ്രേഡ് 3), മഞ്ഞപ്പിത്തം, ബ്രെയിൻ ട്യൂബർകുലോസിസ് എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക, മുകളിൽ നൽകിയിരിക്കുന്നത് പൊതുവായ കാര്യം മാത്രമാണ്. ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi