ഭാവിയിലെ വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പോളിസികളെ ആശ്രയിക്കാം. ഓരോരുത്തരുടെയും നിക്ഷേപലക്ഷ്യവും ലക്ഷ്യം നേടാന്‍ അവശേഷിക്കുന്ന വര്‍ഷവും കണക്കാക്കി ഉചിതമായ പോളിസികള്‍ വാങ്ങാം. പക്ഷ ഇന്‍ഷുറന്‍സ് പോളിസികളെ നിക്ഷേപത്തിനായി സമീപിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ മറക്കാതിരിക്കുക.

1. എന്‍ഡോവ്‌മെന്റ് പോളിസികളില്‍ നല്ല തുക ഏജന്‍സി കമ്മീഷനായി പോകുന്നുണ്ട്. 30 മുതല്‍ 40 ശതമാനം വരെ ഇങ്ങനെ കമ്മീഷനായി പോകുന്നുണ്ട് എന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2. തുടര്‍ച്ചയായി ലാഭം ഉണ്ടാകുന്ന കമ്പനികളുടെ എന്‍ഡോവ്‌മെന്റ് പോളിസി എടുക്കുന്നതാണ് മെച്ചം. കാരണം എന്‍ഡോവ്‌മെന്റ് പോളിസികളില്‍ നിന്ന് കിട്ടുന്ന പ്രധാനവരുമാനം കമ്പനികള്‍ അവരുടെ ലാഭത്തില്‍ നിന്നു തരുന്ന ബോണസാണ്.

3. നമ്മള്‍ നല്‍കുന്ന പണം ഇന്‍ഷുറന്‍സ് കമ്പനി അവര്‍ക്കിഷ്ടമുള്ള രീതിയില്‍ നിക്ഷേപിച്ചുണ്ടാക്കുന്ന ലാഭത്തിന്റെ ഒരുവിഹിതമാണ് നിക്ഷേപകന് തിരിച്ചു നല്‍കുന്നത്. അതുകൊണ്ട് എന്‍ഡോവ്‌മെന്റ് പ്ലാന്‍ എടുക്കുമ്പോള്‍ കമ്പനിയുടെ ബോണസ് ചരിത്രം നിര്‍ബന്ധമായും പഠിച്ചിരിക്കണം.

4.. ചുരുങ്ങിയത് 10 വര്‍ഷത്തേയ്‌ക്കെങ്കിലും ആവശ്യം വരാത്ത പണമേ യുലിപ് പോളിസിയില്‍ നിക്ഷാപിക്കാവൂ. ഫണ്ട് മാനേജുമെന്റിന്റെ കഴിവ് കിട്ടാവുന്ന വിവരങ്ങള്‍ പരിശോധിച്ച് വിലയിരുത്തണം.

5. നിങ്ങള്‍ നിക്ഷേപിക്കാന്‍ നല്‍കുന്ന പണം എവിടെയൊക്കെ ഏതെല്ലാം സമയത്ത് നിക്ഷേപിക്കണം എന്ന് നിങ്ങള്‍ക്കു തന്നെ നിര്‍ദേശിക്കാം. ഇതിന് പറ്റുന്ന എല്ലാ സൗകര്യങ്ങളും പോളിസി നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കണം.

6. നിങ്ങള്‍ എത്ര പണം ഏത് നിക്ഷേപമാര്‍ഗത്തില്‍ ഇട്ടാലും ബാലന്‍സിംഗ് കൂടിയെ കഴിയൂ. നിങ്ങളുടെ നിക്ഷേപത്തിന്റെ 70 ശതമാനം ഓഹരിയിലും 30 ശതമാനം ബാങ്കിലും ഇട്ടു എന്ന് കരുതുക. ഓഹരിയില്‍ നല്ല നേട്ടം കിട്ടികൊണ്ടിരിക്കുമ്പോള്‍ ബാങ്കില്‍ നിന്ന്‌ നേട്ടം കുറവായിരിക്കും. ബാങ്കില്‍ നിന്ന്‌ നേട്ടം കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഓഹരിയില്‍ നിന്ന് നേട്ടം കുറവായിരിക്കും. വളരെ അപൂര്‍വമായെ രണ്ടില്‍ നിന്നും നല്ല നേട്ടം ലഭിക്കുന്ന കാലമുണ്ടാകാറുള്ളു. ഓഹരി വിപണി കുതിക്കുമ്പോള്‍ അതിലെ നിക്ഷേപത്തിന്‍ നിന്ന് ലാഭമെടുത്ത് ബാങ്കിലിടുക. ഓഹരിവിപണി ഇടിയുമ്പോള്‍ ബാങ്കിലുള്ള പണം ഉപയോഗിച്ച് വീണ്ടും ഓഹരിവാങ്ങുക. ബാങ്കില്‍ നിന്ന്‌ കൂടുതല്‍ പലിശ കിട്ടികൊണ്ടിരിക്കുമ്പോള്‍ അതിലൊരു വിഹിതം ഓഹരിയിലേയ്ക്ക് മാറ്റുക. ഇത് സമയവും സന്ദര്‍ഭവും നോക്കി വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ചെയ്തിരിക്കണം.