അങ്ങനെ തിരുവോണവും കഴിഞ്ഞു. ബാക്കി വന്ന സാമ്പാറും അവിയലും കൂട്ടുകറിയും പച്ചടിയുമൊക്കെ നിറച്ച് ഫ്രിഡ്ജിന് ശ്വാസംമുട്ടുന്ന അവസ്ഥയായിരിക്കും. അതിനൊപ്പം ഒന്നോ രണ്ടോ തരം പായസവുമുണ്ടാവും.

To advertise here,

പായസമാണെങ്കിൽ രണ്ടുതവണ വരെ കുടിക്കാം. പിന്നീട് അതും മടുക്കാൻ തുടങ്ങും. ആ മടുപ്പൊഴിവാക്കാൻ എന്താണ് വഴി? പായസത്തിനും ഒരു മേക്കോവർ കൊടുത്താലോ?

പാലടയും സേമിയ പായസവും കൊണ്ട് പുഡിങ്ങും കുൽഫിയുമൊക്കെ തയ്യാറാക്കാം. ഇത് നന്നായി തണുത്തശേഷം, കുൽഫി മോൾഡുകളിൽ നിറയ്ക്കുക. എന്നിട്ട് ഫ്രീസറിൽവെച്ച് നന്നായി തണുപ്പിച്ചെടുക്കാം. വ്യത്യസ്തമായ രുചിയിലുള്ള കുൽഫി റെഡി. ആവശ്യമെങ്കിൽ മോൾഡിൽ നിറയ്ക്കുമ്പോൾ അല്പം പിസ്ത, ആൽമണ്ട് എന്നിവ നുറുക്കിയതും ചേർക്കാം.

ഏത് പാൽപ്പായസമാണെങ്കിലും, അതൊന്നുകൂടി അടുപ്പിൽവെച്ച് കുറുക്കിയെടുക്കുക. അതിനുശേഷം നെയ്യ് പുരട്ടിയൊരു പാത്രത്തിലേക്കിട്ട് ചൂടാറുമ്പോൾ ഫ്രിഡ്ജിൽവെക്കാം. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം, പുറത്തെടുത്ത് ആവശ്യമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. വ്യത്യസ്തമായ ഒരു ഡിസേർട്ട് തയ്യാറായി.

പുഡിങ് തയ്യാറാക്കാൻ നല്ലത് സേമിയ പായസം അല്ലെങ്കിൽ പാലടയാണ്. ഒരു പാനിൽ അല്പം പാൽ ചൂടാകുമ്പോൾ, അതിലേക്ക് കുറച്ച് കസ്റ്റാർഡ് പൗഡർ ചേർക്കുക. തുടരെയിളക്കി കട്ടകെട്ടാതെ നോക്കണം. കുറുകിവരുമ്പോൾ അതിലേക്ക് പായസം ചേർക്കാം. വീണ്ടും നന്നായി കുറുക്കിയെടുക്കുക. അതിനുശേഷം പുഡിങ് ബൗളുകളിലേക്ക് നിറയ്ക്കുക. മുകളിൽ ഇഷ്ടമനുസരിച്ചുള്ള ഡ്രൈഫ്രൂട്ട്‌സും ചേർത്തുകൊടുക്കാം.

ഇനി ഫ്രിഡ്ജിൽവെച്ച് തണുപ്പിച്ചുപയോഗിക്കാം. പായസത്തിൽ വിപ്പ്ഡ് ക്രീം, കണ്ടൻസ്ഡ് മിൽക്ക് എന്നിവയിലേതെങ്കിലും ചേർത്ത്, അടുപ്പിൽവെച്ച് ചൂടാക്കുക. ചൂടാറുമ്പോൾ ഫ്രിഡ്ജിൽവെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. മാങ്ങ പായസം, പഴം പായസം എന്നിവ കൊണ്ടും വ്യത്യസ്തമായ പുഡിങ് തയ്യാറാക്കാം.

പായസത്തിലേക്ക് അല്പം മൈദയും ഒന്നോ രണ്ടോ മുട്ടയുമിട്ട് നന്നായി അടിച്ച് യോജിപ്പിക്കുക. ഈ മിശ്രിതം ഓരോ സ്പൂണിൽ കോരിയെടുത്ത് ചൂടായ പാനിലൊഴിച്ച് പാൻകേക്കുണ്ടാക്കാം. മിശ്രിതത്തിന് കട്ടി കൂടുതലാണെങ്കിൽ, ആവശ്യത്തിന് പാലൊഴിച്ചുകൊടുക്കാം.

പായസം ഉപയോഗിച്ച് ലഡ്ഡുവുമുണ്ടാക്കാം. ഇഷ്ടമുള്ള കേക്ക് എടുത്ത് മിക്‌സിയിലിട്ട് ഒന്ന് ക്രഷ് ചെയ്‌തെടുക്കാം. അതിലേക്ക് നല്ല കുറുകിയ പായസം ചേർത്ത് യോജിപ്പിക്കുക. ലഡുവിന്റെ പരുവത്തിലാവണം മാവ്. ഇത് ചെറിയ ഉരുളകളാക്കി ഫ്രിഡ്ജിലേക്ക് മാറ്റുക. കുറച്ചുകഴിഞ്ഞ് പുറത്തെടുത്ത് ഉപയോഗിക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi