ഇനി അവധിയും ആഘോഷങ്ങളും ഒരുമിച്ചു വരുന്ന ദിനങ്ങളാണ്... ഈ അവധിക്കാലത്ത് വിരുന്നൊരുക്കാനുള്ള വിഭവങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിക്കോളൂ. ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, വായിലിട്ടാൽ മഞ്ഞുപോലെ അലിഞ്ഞുപോകുന്ന സ്നോ പുഡ്ഡിങ്ങും തയ്യാറാക്കാം.
സ്നോ പുഡ്ഡിങ് വിത്ത് കസ്റ്റാർഡ്
ചേരുവകൾ:

മുട്ട - മൂന്ന്
പഞ്ചസാര - ഒരു കപ്പ്
പാൽ - ഒന്നര കപ്പ്
കോൺഫ്‌ളോർ - ഒരു ടേബിൾ സ്പൂൺ
വാനില എസ്സെൻസ് - ഒരു ടീസ്പൂൺ
വാനില സ്പഞ്ച് കേക്ക് - 100 ഗ്രാം
തയ്യാറാക്കുന്നവിധം: കാൽ കപ്പ് പഞ്ചസാര പാനിൽ ഇട്ട് ചെറുതീയിൽ വെച്ച് കാരമലൈസ് ചെയ്യുക. കാൽ കപ്പ് വെള്ളവും ചേർത്ത് യോജിപ്പിച്ച് പുഡ്ഡിങ് ബൗളിൽ ഒഴിച്ച് ചുറ്റിച്ചുവെക്കുക. മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കണം. ഒട്ടും നനവില്ലാത്ത ഒരു ബൗളിൽ എഗ്ഗ് വൈറ്റ് നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ബീറ്റ് ചെയ്യുക. ഒരുമിച്ച് ചേർക്കാതെ അഞ്ചു മിനിറ്റ് വീതം ഇടവിട്ട് ഓരോ ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത്, അര ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് സ്റ്റിഫ് പീക്ക്‌സ് വരുന്നത് വരെ ബീറ്റ് ചെയ്യണം. ഇത് പുഡ്ഡിങ് ബൗളിൽ കാരമലിനു മുകളിൽ നിരത്തി, അലുമിനിയം ഫോയിൽ കൊണ്ട് മൂടി, സ്റ്റീമറിൽ 15-20 മിനിറ്റ് ആവി കയറ്റിയെടുക്കുക. ആറിയതിനു ശേഷം ഫ്രിഡ്ജിൽ വെക്കുക.
കസ്റ്റാർഡ് ഉണ്ടാക്കാനായി മുട്ടയുടെ മഞ്ഞയിലേക്ക് കാൽ കപ്പ് പഞ്ചസാരയും കോൺഫ്‌ളോറും അരസ്പൂൺ വാനില എസ്സെൻസും കൂടി ചേർത്ത് നന്നായി വിസ്‌ക് കൊണ്ട് യോജിപ്പിക്കുക. ഇതിലേക്ക് പാൽ ചേർത്ത് യോജിപ്പിച്ചതിനു ശേഷം തിളക്കാൻ വെക്കുക. ഇടത്തരം തീയിൽ വെച്ച് കൈ വിടാതെ ഇളക്കി കുറുക്കിയെടുക്കണം. ആറിയിട്ട് ഫ്രിഡ്ജിൽ വെക്കുക. ഇനി പുഡ്ഡിങ് സെർവ് ചെയ്യാനായി ഒരു ബൗളിൽ കേക്ക് ചെറിയ കഷ്ണങ്ങളാക്കി കാൽ ഭാഗം ഇടുക. ഇതിനു മുകളിലേക്ക് കസ്റ്റാർഡ് ഒഴിക്കണം. അതിനും മുകളിൽ സ്നോ പുഡ്ഡിങ് വെച്ച് തണുപ്പിച്ച് സെർവ് ചെയ്യാം.

To advertise here,

ബട്ടർ ഗാർലിക് റൈസ്
ചേരുവകൾ:

കൈമ റൈസ് - ഒന്നര കപ്പ്
ബട്ടർ - രണ്ട് ടേബിൾ സ്പൂൺ
ചിക്കൻ സ്റ്റോക്ക് - മൂന്ന് കപ്പ്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് - രണ്ട് ടേബിൾ സ്പൂൺ
സ്പ്രിങ് ഒനിയൻ ചെറുതായി അരിഞ്ഞത് - കാൽ കപ്പ്
ചെറുനാരങ്ങ - ഒന്ന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ബട്ടർ ചൂടാക്കി വെളുത്തുള്ളി ചേർത്ത് വഴറ്റുക. മൊരിഞ്ഞു വരുമ്പോൾ അരി ചേർത്ത് ചൂടാക്കുക. അരി നന്നായി ചൂടാവുമ്പോൾ തിളച്ച ചിക്കൻ സ്റ്റോക്ക് ചേർത്ത് ഉപ്പും ചേർത്തിളക്കുക. നാരങ്ങാനീരും പിഴിഞ്ഞ് ചെറുതീയിൽ മൂടിവെച്ച് വേവിക്കണം. വെള്ളം മുഴുവൻ വറ്റി അരി വെന്ത് പാകമാവുമ്പോൾ സ്പ്രിങ് ഒനിയൻ തൂവുക.

 

ചിക്കൻ സ്റ്റീക്ക് വിത്ത് മഷ്റൂം സോസ്
ചേരുവകൾ:
ചിക്കൻ ബ്രെസ്റ്റ് - മൂന്ന്
പെപ്പർ - ഒരു ടീസ്പൂൺ
ഒനിയൻ പൗഡർ - ഒരു ടീസ്പൂൺ
മഷ്റൂം - 100 ഗ്രാം
ചെറുനാരങ്ങ - ഒന്ന്
സവാള - ഒന്ന്
വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
ഹെവി ക്രീം - ഒരു കപ്പ്
ചിക്കൻ സ്റ്റോക്ക് - ഒരു കപ്പ്
ചില്ലി ഫ്‌ളേക്‌സ്‌ - ഒരു ടീസ്പൂൺ
ഒറിഗാനോ - അര ടീസ്പൂൺ
ബട്ടർ - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കനിലേക്ക് പെപ്പർ, ഒനിയൻ പൗഡർ, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് പുരട്ടിവയ്ക്കുക. പാനിൽ ഒരു ടേബിൾസ്പൂൺ ബട്ടർ ചൂടാക്കി ചിക്കൻ നിരത്തുക. ചെറുതീയിൽ ഒരുവശം അഞ്ചു മിനിറ്റ് വെച്ച് ഗോൾഡൻ നിറമായി വരുമ്പോൾ മറിച്ചിട്ട് മറുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഗ്രിൽ ചെയ്‌തെടുക്കുക. അതേ പാനിലേക്ക് ബാക്കി ബട്ടർ കൂടി ചേർത്ത് സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഗാർലിക് പേസ്റ്റ് ചേർത്ത് വഴറ്റണം. മഷ്റൂം അരിഞ്ഞത് ചേർത്ത് വഴറ്റി ചെറുതീയിൽ വെച്ച് വേവിക്കുക. ഇതിലേക്ക് ചിക്കൻ സ്റ്റോക്ക് ചേർക്കാം. തിളച്ച് വരുമ്പോൾ ക്രീം ചേർത്ത് ചെറുതീയിൽ തന്നെ വെച്ച് കുറുകി വരുമ്പോൾ ഒറിഗാനോ, ചില്ലി ചില്ലി ഫ്‌ളേക്‌സ്‌, ഉപ്പ് എന്നിവ ചേർത്തിളക്കി, ഗ്രിൽ ചെയ്ത ചിക്കനു മുകളിൽ ഒഴിച്ച് വിളമ്പാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi