വീട്ടിൽ ചെടികൾ വെച്ചുപിടിപ്പിക്കാനും അവയെ ആരോഗ്യത്തോടെ വളർത്തിയെടുക്കാനും പറ്റിയ സമയമാണ് മഴക്കാലം. ആവശ്യത്തിന് വെള്ളവും തണുത്ത കാലാവസ്ഥയും ഇടയിലെ വെയിലുമെല്ലാമായി ചെടികൾക്ക് തഴച്ചുവളരാൻ അനുയോജ്യമായ കാലം.
പ്രകൃതിദത്തമായ ഈർപ്പം പുതുതായി നട്ടുപിടിപ്പിക്കുന്ന ചെടികൾക്ക് വേഗത്തിൽ വേരുറയ്ക്കാൻ സഹായിക്കും. ഈർപ്പം ഇഷ്ടപ്പെടുന്ന സസ്യങ്ങൾ മഴക്കാലത്ത് തഴച്ചുവളരുന്നത് കണ്ടിട്ടില്ലേ. ഫേൺസ്, പീസ് ലില്ലി, കാലാഡിയം, കോലിയസ്, ഫിലോഡെൻഡ്രോൺ, റെയിൻ ലില്ലി, ജിഞ്ചർ ലില്ലി തുടങ്ങിയ അലങ്കാര സസ്യങ്ങൾക്ക് ഈർപ്പമുള്ള, മഴയുള്ള കാലാവസ്ഥ വളരെ ഇഷ്ടമാണ്. ഇടയ്ക്കിടെ നനയ്‌ക്കേണ്ടിവരില്ല. അതുകൊണ്ട് പരിചരിക്കാനുള്ള സമയം ലാഭിക്കാം.
ചെടികളുടെ കമ്പ് വെട്ടിനടാനും തൈ മാറ്റിനടാനും മഴക്കാലം ഉപയോഗിക്കാം. ഈർപ്പമുള്ള, ഫലഭൂയിഷ്ഠമായ സാഹചര്യം മഴക്കാലം ഒരുക്കുന്നതിനാൽ പെട്ടെന്ന് വേരുപിടിക്കാൻ സഹായിക്കും. ഇൻഡോറിൽ നടുന്ന ചെടികൾക്കും നനുത്ത കാലാവസ്ഥ ഗുണംചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. വെള്ളക്കെട്ട്-ചട്ടിയിൽ ചെടികൾ നടുമ്പോൾ തടത്തിൽ നിന്ന് വെള്ളം കൃത്യമായി വാർന്നുപോകുന്നുവെന്ന് ഉറപ്പാക്കുക. അല്ലാത്ത പക്ഷം വേരഴുകിപ്പോകും. ഔട്ട്ഡോറിൽ വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങൾ ചെടിനടാൻ ഉപയോഗിക്കാം. നന്നായി വെള്ളം വാർന്നുപോകുന്ന മണ്ണ് തിരഞ്ഞെടുക്കാം. ചട്ടികൾ മണ്ണിൽനിന്ന് അല്പം ഉയർത്തി വയ്ക്കാം.
2. ഫംഗസ് അണുബാധ
ഉയർന്ന ഈർപ്പം ഇലകളിൽ പുള്ളികൾ, പൂപ്പൽ, തണ്ട് അഴുകൽ എന്നിവയ്ക്ക് കാരണമാകാം. അതുകൊണ്ട് വേപ്പെണ്ണയോ ജൈവനാശിനികളോ ഉപയോഗിക്കാം. ചെടികൾക്കിടയിൽ വായു സഞ്ചാരത്തിനായി അകലം നൽകുക.
3. ഒച്ചുകൾ, പുഴുക്കൾ
നനഞ്ഞ സാഹചര്യങ്ങളിൽ പെരുകുന്ന ജീവികളാണ് ഒച്ചും പുഴുവും. ഇവ അലങ്കാര സസ്യങ്ങളുടെ ഇലകൾ തിന്നുതീർക്കാൻ സാധ്യതയുണ്ട്. ചട്ടികൾക്ക് ചുറ്റും മുട്ടത്തോട് പൊടിച്ചിടുന്നതടക്കമുള്ള മാർഗങ്ങളിലൂടെ ഇവയെ പ്രതിരോധിക്കാം.
4. ശക്തമായ കാറ്റ്
അപ്രതീക്ഷിതമായ കനത്ത മഴയും കാറ്റും, പൊക്കമുള്ളതും മുകൾഭാഗം ഭാരമുള്ളതുമായ ചെടികളെ മറിച്ചിടാൻ സാധ്യതയുണ്ട്. അവ ബാൽക്കണി പോലുള്ള സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുക.
Published: 14 Jun 2025, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented