1. കൗണ്ടര്‍ടോപ്പുകള്‍ 
അടുക്കളയിലെ കൗണ്ടര്‍ടോപ്പുകള്‍ നിരന്തര ഉപയോഗത്തിന് വിധേയമാകുന്നവയാണ്. അതുകൊണ്ടുതന്നെ എപ്പോഴും കറപറ്റാനും ഈച്ചയും ബാക്ടീരിയകളും കാണപ്പെടാനും സാധ്യതയുണ്ട്. ഇത്തരം ഭാഗങ്ങള്‍ വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കുന്നതിലൂടെ കൂടുതല്‍ വൃത്തിയാകുകയും അണുവിമുക്തമാകുകയും ചെയ്യുന്നു. തുല്യ അളവില്‍ വിനാഗിരിയും വെള്ളവും ഒരു സ്പ്രേ ബോട്ടിലില്‍ എടുത്ത് സ്പ്രേ ചെയ്ത് ഉപയോഗിച്ചാല്‍ കൗണ്ടർടോപ്പുകൾ വെട്ടിത്തിളങ്ങും. 

2. സിങ്കും ഫോസറ്റും
സിങ്കും ഫോസറ്റും എപ്പോഴും ഭക്ഷ്യാവശിഷ്ടങ്ങളും സോപ്പും നിറഞ്ഞ് ഈര്‍പ്പമുള്ളവയായിരിക്കും. ഇതുമൂലം അഴുക്ക് അടിഞ്ഞുകൂടി ആ പ്രദേശം പൊതുവെ വൃത്തിഹീനമായിരിക്കാം. എന്നാല്‍ വിനാഗിരിയുടെ ഉപയോഗം  സിങ്കിനെ കൂടുതല്‍ തിളക്കവും അണുവിമുക്തവുമാക്കാൻ സഹായിക്കും. വിനാഗിരിയും വെള്ളവും 1:1 എന്ന അനുപാതത്തില്‍ എടുത്ത് ഒരു സ്‌പോഞ്ചിലോ തുണിയിലോ സ്പ്രേ ചെയ്ത് വൃത്തിഹീനമായ ഭാഗം തുടച്ചെടുക്കാം. ടാപ്പുകളില്‍ അഴുക്ക് അടിഞ്ഞ് വെള്ളത്തിന്റെ ശക്തി കുറഞ്ഞു വരുകയാണെങ്കില്‍ വിനാഗിരി ഫലപ്രദമാണ്. വിനാഗിരി ലായനിയില്‍  മുക്കിയ തുണി ടാപ്പിനുമുകളില്‍ ചുറ്റി നന്നായി ഉരച്ചാൽ ഇവ നീക്കം ചെയ്യാം. 

3. റഫ്രിജറേറ്റര്‍
ഭക്ഷണം സുരക്ഷിതമായി വയ്ക്കുന്ന ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ദുര്‍ഗന്ധം മാറ്റി ഫ്രഷ് ഫീലിങ് നല്‍കി ഫ്രിഡ്ജിനെ അണുവിമുക്തമാക്കാൻ വിനാഗിരി ഉപയോഗിച്ചുള്ള വൃത്തിയാക്കല്‍ നമ്മെ സഹായിക്കും. ഫ്രിഡ്ജില്‍ നിന്ന് ഭക്ഷണപദാര്‍ഥങ്ങളെല്ലാം നീക്കം ചെയ്തശേഷം മാത്രമേ വൃത്തിയാക്കല്‍ ആരംഭിക്കാവൂ. തുല്യ അളവിൽ വെള്ളവും വിനാഗിരിയും ചേർത്ത ലായനി ഷെല്‍ഫുകളിലും വശങ്ങളിലുമായി സ്‌പ്രേ ചെയ്ത് തുണികൊണ്ട് തുടച്ചെടുക്കാം. അവശിഷ്ടങ്ങൾ ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്കുകളിലും വശങ്ങളിലും കൂടുതല്‍ ശ്രദ്ധ കൊടുക്കുക. 

To advertise here,

4. മൈക്രോവേവ്
ഭക്ഷണം ചൂടാക്കുന്നതുമുതല്‍ ഡിഫ്രോസ്റ്റിങ് വരെ ചെയ്യുന്ന, ഇന്ന് അടുക്കളകളിലെ നിറസാന്നിധ്യമാണല്ലോ  മൈക്രോവേവ്. അതിനാൽ അഴുക്ക് നീക്കം ചെയ്യാനും പ്രയാസമായിരിക്കും. വെള്ളത്തിന്റെയും വിനാഗിരിയുടെയും സ്റ്റീമിലൂടെ  ഇത്തരം പറ്റിപ്പിടിച്ച പാടുകളെ നിഷ്പ്രയാസം ഇളക്കാനാകും. ഇതിനായി ഒരു മൈക്രോവേവ് സേഫ് ബൗള്‍ എടുത്ത് അതിലേക്ക് വെള്ളവും വിനാഗിരിയും തുല്യ അളവിലെടുത്ത് മൈക്രോവേവിനുള്ളില്‍ വയ്ക്കുക. ശേഷം നീരാവി വരുന്നതുവരെ തിളപ്പിക്കുക. 10 മിനിറ്റിനു കഴിഞ്ഞ് ബൗള്‍ പുറത്തെടുത്ത് ഉള്‍വശം വൃത്തിയുള്ള തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് തുടച്ചെടുക്കാം.

5. കോഫിമേക്കര്‍
നിങ്ങള്‍ കോഫിമേക്കര്‍ എല്ലാ ദിവസവും ഉപയോഗിക്കുന്ന ആളാണെങ്കില്‍ വൃത്തിയാക്കുന്ന കാര്യത്തിലും നല്ല ശ്രദ്ധവേണം. നിരന്തരമുള്ള ഉപയോഗം മൂലം കോഫിയുടെ കറ അടിഞ്ഞുകൂടി ഉള്ളില്‍ കട്ടിയുള്ള പാട രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് നീക്കം ചെയ്യാതെയുള്ള ഉപയോഗം കോഫിയുടെ സ്വാദിനെയും നമ്മുടെ ആരോഗ്യത്തെയും മോശമായി ബാധിക്കും. ഇതിനായി   കോഫി മെഷീന്റെ റിസര്‍വോയറിൽ ഒരേ അളവില്‍ വെള്ളവും വിനാഗിരിയും  നിറച്ച് തിളപ്പിക്കുക. ശേഷം ഈ വെള്ളം കളഞ്ഞ് ശുദ്ധമായ വെള്ളം കൊണ്ട് കഴുകി എടുക്കാം. അടിഞ്ഞിരുന്ന കറകള്‍ മാറി കോഫിമേക്കര്‍ വൃത്തിയായിട്ടുണ്ടാകും.