ഇരുനിലയിലായി 2000 സ്‌ക്വയര്‍ഫീറ്റില്‍ അടിപൊളി വീട്. ഇറക്കുമതിചെയ്ത ഇറ്റാലിയന്‍ മാര്‍ബിള്‍ മുതല്‍  അടിമുടി ആഡംബരങ്ങള്‍. അമ്പതുലക്ഷത്തിനെങ്കിലും തീരുമെന്ന് കരുതിയതാണ്; ഇപ്പോള്‍ ഒരുകോടിയിലെത്താറായി. പണിതീരുന്നുമില്ല. വീടെന്ന സ്വപ്‌നം പൂവണിയുമ്പോഴേക്കും ഒരിക്കലും അടച്ചുതീര്‍ക്കാനാവാത്ത കടം കൂടിയിട്ടുണ്ടാവും പലര്‍ക്കും. എന്നാല്‍ പുതിയ തലമുറ വഴിമാറി നടന്നു തുടങ്ങിയിരിക്കുന്നു. ഒന്നിരിക്കാത്ത സിറ്റ് ഔട്ടുകളും ആരും വരാത്ത ഗസ്റ്റ് റൂമുകളും ബാല്‍ക്കണികളുമായി വീടൊരു ഭാരമാവില്ല. ചെലവ് തുച്ഛം, ഗുണം മെച്ചം എന്നപോലെ അത്തരം ലൈറ്റ് വെയിറ്റ് വീടുകള്‍ ഒരുക്കാന്‍ വഴികളുണ്ട്. 

പ്ലാനിങ്ങില്‍ തുടങ്ങാം
1. വീട്  സ്വന്തം അഭിരുചിക്കും  ഇഷ്ടങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും യോജിക്കുന്നതായിരിക്കണം. മറ്റുള്ളവരെ മാതൃകയാക്കി വീട് പണിയരുത്. 

2. വീട്ടിലെല്ലാവരും ചേര്‍ന്ന് ആവശ്യങ്ങളുടെ ഒരു പട്ടികയുണ്ടാക്കാം. ഒരു കഥപോലെ. ജോലികഴിഞ്ഞ് വീട്ടില്‍ വന്നു, വണ്ടി പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തു, ഷൂ ചപ്പല്‍ സ്റ്റാന്‍ഡില്‍ അഴിച്ചുവെച്ചു... ഇങ്ങനെ ആവശ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി, അത്യാവശ്യമില്ലാത്തവ ഒഴിവാക്കുക. 

3. കൈയിലെത്ര പണമുണ്ട്, ലോണെടുക്കാനുദ്ദേശിക്കുന്ന തുക... ഇതൊക്കെ കണക്കുകൂട്ടണം. കടക്കെണിയിലാവാതെ സ്വരൂപിക്കാവുന്ന പണം എത്രയാണെന്ന് തീരുമാനിച്ച് പ്ലാനൊരുക്കാം. 

4. വീടുനിര്‍മാണത്തിന്റെ കാലാവധി തീരുമാനിച്ച് ആ സമയത്തിനുള്ളില്‍ പണിതീര്‍ക്കണം. ബജറ്റിന് വീടുപണിയുടെ കാലാവധിയുമായി ബന്ധമുണ്ട്. ഡിസൈനറുടെയും ആര്‍ക്കിടെക്ടിന്റെയും ഫീസും ഇതിലുള്‍പ്പെടുത്തണം.

5. പൂര്‍ണ തൃപ്തിയാകും വരെ മാറ്റങ്ങള്‍ വരുത്തി പ്ലാന്‍ തയ്യാറായതിനുശേഷം പണിയാരംഭിക്കുക. പണിതുടങ്ങിയതിനുശേഷം പ്ലാനില്‍ മാറ്റങ്ങള്‍ വരുത്താതിരിക്കുന്നതാണ് നല്ലത്. പരിചയസമ്പന്നനായ ആര്‍ക്കിടെക്ടിനെയോ എന്‍ജിനീയറെയോ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

6. വീട്ടിലെ അംഗങ്ങളുടെ എണ്ണവും ആവശ്യമായ സൗകര്യങ്ങളും അറിഞ്ഞുവേണം വീടിനുള്ള ഏരിയ തീരുമാനിക്കാന്‍.  അയല്‍ വീടിന്റെ ഏരിയ നോക്കി സ്വന്തം വീട് പ്ലാന്‍ചെയ്യരുത്. ഉദാഹരണത്തിന്, അച്ഛനും അമ്മയും ഒരുകുട്ടിയുമുള്ള ചെറിയ കുടുംബത്തിന് അഞ്ച് ബെഡ്‌റൂമുള്ള വീടിന്റെ ആവശ്യമില്ല. വല്ലപ്പോഴും വരുന്ന അതിഥിക്കായി ഒരു മുറി പണിതിടുക, പാര്‍ട്ടി നടത്താനായി ടെറസില്‍ ഗാര്‍ഡന്‍ സെറ്റുചെയ്യുക... ഇതെല്ലാം ചെലവ് കൂട്ടും. 

placeholder
7. ബജറ്റ്, വീട്ടിലെ ആളുകളുടെ എണ്ണം, ജീവിതരീതി... എല്ലാം നോക്കി വേണം വീടിന്റെ വലുപ്പം തീരുമാനിക്കാന്‍. വീട്ടിലുള്ളവരെല്ലാം ജോലിക്കുപോകുന്നവരാണെങ്കില്‍ വലിയ വീട് വൃത്തിയായി കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടാകും. വലിയ സിറ്റിങ് സ്‌പേസ്, ബാല്‍ക്കണികള്‍, നടുമുറ്റം, റീഡിങ് റൂം എന്നിവയൊക്കെ എത്രമാത്രം ഉപയോഗിക്കുമെന്ന് ഉറപ്പാക്കിയശേഷം  പ്ലാനില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.  8. സ്ഥലം വാങ്ങിക്കഴിഞ്ഞാല്‍ ഉടനെ അവിടെയുള്ള മരങ്ങളെല്ലാം മുറിച്ചുമാറ്റി സ്ഥലം നിരപ്പാക്കരുത്. ആ സ്ഥലം എങ്ങനെയാണോ അതുപോലെആര്‍ക്കിടെക്ടിനെ കാണിച്ചശേഷം വീട് പണിയാം.  9. വെള്ളപ്പൊക്കസാധ്യതയുള്ള സ്ഥലമല്ലെന്ന് ഉറപ്പിച്ചശേഷം സ്ഥലം തിരഞ്ഞെടുത്താല്‍ നന്ന്. ഗൂഗിള്‍ ഫ്‌ളഡ് മാപ്പില്‍ അത്തരം സ്ഥലങ്ങളറിയാം.  വഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ആ സ്ഥലം ഒഴിവാക്കാം. 10. ജലലഭ്യതയുള്ള പ്രദേശമാണോ എന്നും അന്വേഷിക്കണം.  11. സ്ഥലത്തിന്റെ ആധാരത്തില്‍ പഴയ ബി.ടി.ആറില്‍ പറമ്പായിരുന്നോ പാടമായിരുന്നോ നിലമായിരുന്നോ എന്നത് കൃത്യമായിട്ട് കണ്ടെത്തണം. സ്ഥലമുടമ കരമടച്ച രസീതില്‍ സ്ഥലത്തിന്റെ സ്വഭാവം പുരയിടം എന്നാണോ എഴുതിയിരിക്കുന്നതെന്നും നോക്കണം. ഇവിടെ മാത്രമേ വീടുപണിക്ക് അനുവാദം ലഭിക്കൂ. 12. സ്ഥലം ദേശീയപാതയ്ക്ക് അഭിമുഖമാണെങ്കില്‍ റോഡില്‍നിന്ന് 40 മീറ്റര്‍ വിട്ടിട്ടേ വീട് പണിയാന്‍ പാടുള്ളൂ. 13. വീടുപണി തുടങ്ങാനുള്ള നല്ല കാലം സെപ്റ്റംബറാണ്. കുറ്റിയടിക്കുമ്പോഴേക്കും മഴപെയ്ത വെള്ളമെല്ലാം വറ്റിത്തുടങ്ങും. അടുത്ത ജൂണാവുമ്പോള്‍ വീട് മൊത്തം സ്ട്രക്ചറാവും. മഴ തുടങ്ങുമ്പോഴേക്ക് ഇന്റീരിയര്‍ വര്‍ക്ക് തുടങ്ങുകയും ചെയ്യാം. ഏപ്രില്‍-മേയ് മാസത്തിലാണ് കുറ്റിയടിച്ചതെങ്കില്‍ മഴക്കാലത്ത് സ്ഥലം വെള്ളക്കെട്ടിലാവാം. മോട്ടോര്‍വെച്ച് വെള്ളം കളയേണ്ടിവരും. ഫൗണ്ടേഷനില്‍ വെള്ളം കെട്ടിനില്‍ക്കാം... ഇതെല്ലാം ചെലവ് കൂട്ടും.   14. വീടുപണിയാന്‍ വളരെയടുത്തുനിന്ന് ലഭിക്കുന്ന നിര്‍മാണവസ്തുക്കള്‍ തിരഞ്ഞെടുക്കാം. എളുപ്പം ലഭ്യമാകുന്ന  വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ വിലയില്‍ കുറവുണ്ടാകുമെന്ന് മാത്രമല്ല, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജും ലാഭിക്കാം. 15. റീസൈക്ലിങ് അഥവാ പുനരുപയോഗം എന്ന ആശയം ചെലവുകുറയ്ക്കാന്‍ സഹായിക്കും. പഴയ ജനലുകളും വാതിലുകളും വിപണിയില്‍ ലഭിക്കും. ഒരു ആന്റിക് ഫീലിങ് കിട്ടുമെന്നുമാത്രമല്ല, മരപ്പണിയുടെ ഭീമമായ ചെലവ് ലാഭിക്കുകയും ചെയ്യാം. 16. ഒറ്റപ്പാളിജനാലകള്‍ക്കുപകരം മുകളിലെ പാളികള്‍ തുറന്ന് ധാരാളം കാറ്റും വെളിച്ചവും അകത്തേക്കുലഭിക്കുന്ന നാലുകള്ളി, അല്ലെങ്കില്‍ ആറുകള്ളി ജനാലകള്‍ ചെലവുകുറയ്ക്കാന്‍ നല്ലതാണ്. വിലകൂടിയ തടിജനാലകള്‍ക്കുപകരം പവര്‍ കോട്ടഡ് അലൂമിനിയം, യു.പി.വി.സി., കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിക്കാം. 17. ഭിത്തി നിര്‍മിക്കാനാവശ്യമായ ചെങ്കല്ലോ ഇഷ്ടികയോ ഹോളോ ബ്രിക്‌സോ സിമന്റ് കട്ടകളോ വീടുപണിയുന്ന സ്ഥലത്തിനടുത്ത് ലഭിക്കുമെങ്കില്‍ അതിന് മുന്‍ഗണന കൊടുക്കാം.  18. ടൈലുകളാണ് മെറ്റീരിയല്‍ കോസ്റ്റിനെ നിയന്ത്രിക്കുന്ന മറ്റൊരു ഘടകം. സ്‌ക്വയര്‍ മീറ്ററിന് മുന്നൂറിലധികം രൂപ വിലവരുന്ന ടൈലുകള്‍ക്ക് പകരം ഗുജറാത്തി ടൈലുകള്‍, സെറാമിക് ടൈലുകള്‍ എന്നിവ വാങ്ങാം.  19. ബാത്ത്‌റൂം ഫിറ്റിങ്‌സ് ആദ്യമേ തിരഞ്ഞെടുക്കാം. ഒരു ബാത്ത്‌റൂമിന് അമ്പതിനായിരം മുതല്‍ ഒരുലക്ഷം രൂപ വരെ മാത്രം ചെലവാക്കുകയുള്ളൂവെന്ന് ഉറപ്പിക്കണം. ബാത്ത്‌റൂമില്‍ പ്രകാശം കിട്ടാന്‍, കൂടുതല്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനുപകരം വലിയ ഗ്ലാസ് വിന്‍ഡോകള്‍ നല്‍കാം.  20. ഫോര്‍മല്‍ ലിവിങ് റൂമില്‍ ധാരാളം സ്‌പേസ് കിട്ടാനായി ഡബിള്‍ ഹൈറ്റ് നല്‍കാം. ഇത് ചൂടുകുറയ്ക്കും. ചെറിയ വീടാണെങ്കിലും വലിയ വീടിന്റെ ലുക്ക് കിട്ടും. 

placeholder
21. ബെഡ്‌റൂമില്‍ ചെറിയ സ്‌പേസില്‍ ഡ്രസ്സിങ് സോണ്‍ ഉണ്ടാക്കാം. അതിനകത്ത് അലമാര വെയ്ക്കാനും ഉപയോഗിച്ച തുണികള്‍ ഇടാനുമൊക്കെ സൗകര്യമൊരുക്കാം. എന്നിട്ട് കിടപ്പുമുറിയെ ഫ്രീയാക്കാം. കിടപ്പുമുറിക്ക് വലിയ ജനലുകള്‍ നല്‍കാം. കൂടുതല്‍ കാറ്റും വെളിച്ചവും കിട്ടും. 22. അടുക്കള ഭാഗികമായി ഓപ്പണായും ചെയ്യാം. അഞ്ചുസെന്റ് സ്ഥലത്താണെങ്കില്‍ സ്റ്റോര്‍ റൂം ഉണ്ടാക്കി വെറുതെ ആ സ്‌പേസ് കളയേണ്ടതില്ല. എല്ലാത്തരം പുള്‍ ഔട്ട് യൂണിറ്റുകളും വിപണിയിലുണ്ട്. വര്‍ക്കിങ് ഏരിയയില്‍ മിക്‌സി, ഗ്രൈന്‍ഡര്‍ എന്നിവ സെറ്റുചെയ്യാം.  23. കാര്‍ പോര്‍ച്ച് പോളികാര്‍ബണേറ്റ് ഷീറ്റിട്ട് പണിയാനാവും. ഇതും ചെലവുകുറയ്ക്കും. 24. ഇന്റര്‍ലോക്കിങ് ബ്രിക്‌സ്, ഫെറോ സിമന്റ് സ്ലാബ്‌സ്, മുള, ലാറ്ററേറ്റ്, എന്‍ജിനീയേഡ് വുഡ്, ഫ്‌ളൈ ആഷ് ബ്രിക്‌സ്, പ്രീഫാബ്രിക്കേഷന്‍ സ്ലാബ് എന്നിവയുപയോഗിച്ച് കുറഞ്ഞചെലവില്‍ ഭിത്തി പണിയാം. 25. മേല്‍ക്കൂരയുടെ ഉയരം കൂട്ടുന്നത് കോസ്റ്റ് എഫക്ടീവാക്കും. വീടിനുള്ളില്‍ വായുസഞ്ചാരം കൂടുതലുറപ്പാക്കാനും വെളിച്ചം ലഭിക്കാനും ഇത് സഹായിക്കും. ചെറിയവീടിനുള്ളില്‍ കൂടുതല്‍ വലുപ്പം തോന്നിക്കാനും ഇത് നല്ലതാണ്. ലിവിങ് റൂം മുതല്‍ ഡൈനിങ്, അടുക്കള എന്നിങ്ങനെ എല്ലാം ഭിത്തികളോ വാതിലുകളോ ഉപയോഗിച്ച് വേര്‍തിരിക്കാതെ, ഓപ്പണ്‍ പ്ലാനിങ്ങില്‍ പണിയുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. ഇത് ചെലവുകുറയ്ക്കും. മുറികളെ രൂപമാറ്റം വരുത്തി ഉപയോഗിക്കാന്‍ കഴിയുന്ന കണ്‍വെര്‍ട്ടബിള്‍ പ്ലാനിങ്ങും ചെലവുകുറയ്ക്കാന്‍ നല്ലതാണ്.  26. മുറികള്‍ക്ക് ഡബിള്‍ ഹൈറ്റ് നല്‍കുന്നതും വലിയ വാതിലുകളും ജനലുകളും ഉപയോഗിക്കുന്നതും കൂടുതല്‍ വലിപ്പം തോന്നാന്‍ സഹായിക്കും. വീടിനുള്ളില്‍ ധാരാളം വായുവും വെളിച്ചവും ലഭിക്കും 27. ബ്രീത്തിങ് വാള്‍ ടെക്ക്‌നോളജി ഉപയോഗിക്കുന്നത് ചെലവ് ചുരുക്കാനും ഒപ്പം വീടിനുള്ളിലെ ചൂടിനെ നിയന്ത്രിക്കാനും സഹായിക്കും. 28. ക്രോസ് വെന്റിലേഷന്‍ നല്‍കുന്നതും വീടിനുള്ളില്‍ ധാരാളം വായുവും വെളിച്ചവും നിറയ്ക്കും. ചെലവും കുറയും 29. മുറ്റം പണിയുമ്പോള്‍ ക്ലോസ്ഡ് യാര്‍ഡ് എന്ന രീതി സ്വീകരിക്കാം. മുറ്റം മള്‍ട്ടിപര്‍പ്പസ് സ്‌പേസ് ആക്കാം 30. വീടുപണിയുടെ ചെലവുകുറക്കുകയെന്നാല്‍ ആവശ്യങ്ങളെ ഒഴിവാക്കുക എന്നല്ല. കോംപാക്ട് പ്ലാനിങിലൂടെ പരിസ്ഥിതി സൗഹൃദമായി മനസിനിണങ്ങിയ വീടൊരുക്കാനാവും. നമ്മുടെ കാലാവസ്ഥയും കൈയിലൊതുങ്ങുന്ന ബജറ്റും മുന്നില്‍ വെച്ചുകൊണ്ടു വേണം വീടുപണി തുടങ്ങാന്‍.

കടപ്പാട് 
വാജിദ് റഹ്മാന്‍
ആര്‍ക്കിടെക്ചറല്‍ ഡിസൈനര്‍ (Hierarchy'tects), മലപ്പുറം