ഇൻസ്റ്റഗ്രാമിലെ സജീവസാന്നിധ്യത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ബോളിവുഡ് താരം സീനത്ത് അമൻ. സോഷ്യൽ മീഡിയയിൽ അരങ്ങേറ്റം കുറിച്ചതോടെ നിരവധി പുതിയ അവസരങ്ങളാണ് ഈ 74-കാരിയെ തേടിയെത്തുന്നത്. ഈ പ്രായത്തിലും ജോലി ചെയ്യാനും സമ്പാദിക്കാനും കഴിയുന്നതിൽ താൻ അനുഗ്രഹിക്കപ്പെട്ടവളാണെന്ന് സീനത്ത് കരുതുന്നു.

തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സീനത്ത് ചില കാര്യങ്ങൾ പങ്കുവെച്ചു. മേക്കപ്പ് ചെയ്യുന്നതും ക്യാമറയ്ക്ക് പോസ് ചെയ്യുന്നതുമായ രണ്ട് മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ഈ പ്രായത്തിലും ജോലി ലഭിക്കുന്നതിലുള്ള നന്ദി അറിയിച്ചുകൊണ്ടാണ് സീനത്ത് തന്റെ കുറിപ്പ് തുടങ്ങിയത്.

"ഈ പ്രായത്തിലും മാന്യമായ ജോലി കണ്ടെത്താൻ കഴിയുന്നതിൽ ഞാൻ എത്രത്തോളം കൃതജ്ഞതയുള്ളവളാണെന്ന് ഒന്നുകൂടി പറയട്ടെ. വിശ്രമകാലം ഞാൻ ആസ്വദിച്ചിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് കാത്തിരിക്കാൻ ചില കാര്യങ്ങളുണ്ട്: സന്ദർശിക്കാൻ ഒരു നഗരം, വായിക്കാൻ ഒരു തിരക്കഥ, ഒരു പരസ്യചിത്രീകരണം, പൂർത്തിയാക്കാൻ ഒരു വർക്കൗട്ട്... ഓരോ ആഴ്ചയ്ക്കും ഒരു ലക്ഷ്യബോധം നൽകുന്ന ചെറിയ കാര്യങ്ങൾ എനിക്കിഷ്ടമാണ്. സത്യം പറഞ്ഞാൽ, സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിലൂടെ ലഭിക്കുന്ന സമാധാനവും ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങൾക്കുമതിഷ്ടമല്ലേ?" 

ചെറുപ്പത്തിലേ ജോലി ചെയ്യാൻ തുടങ്ങിയതിനാൽ തനിക്ക് പ്രത്യേക ഹോബികളൊന്നുമില്ലെന്ന് സീനത്ത് വെളിപ്പെടുത്തി. ജോലി ഇല്ലാതായാൽ തന്റെ സമയം എങ്ങനെ ചെലവഴിക്കുമെന്ന്  ആലോചിക്കാറുണ്ടെന്നും, കുഞ്ഞുങ്ങളുടെയും മൃഗങ്ങളുടെയും റീൽസുകൾ കണ്ട് മടുപ്പില്ലാതെ ബെഡിൽ തന്നെ കിടന്നുപോകുമോ എന്ന ഭയമുണ്ടെന്നും അവർ തമാശയായി പറഞ്ഞു. 70-കളിൽ എത്തിനിൽക്കുന്ന തനിക്ക് ഇനി പിയാനോ വായിക്കാനോ പാചകം പഠിക്കാനോ ഉള്ള താൽപ്പര്യമില്ലെന്നും അവർ വ്യക്തമാക്കി.

വൈകിയ പ്രായത്തിൽ ഏതെങ്കിലും ഹോബിയിൽ ഏർപ്പെട്ട് വിജയിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ കഥകൾ കമന്റിലൂടെ പങ്കുവെക്കാൻ ആരാധകരോട് ആവശ്യപ്പെട്ടാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു സീനത്ത് അമന്റെ 74-ാം ജന്മദിനം. തന്റെ മക്കൾക്കും വളർത്തുമൃഗങ്ങൾക്കും ഒപ്പം വളരെ ലളിതമായാണ് അവർ അത് ആഘോഷിച്ചത്. എന്നാൽ സുഹൃത്ത് പമ്മി ഒരുക്കിയ പാർട്ടിയിൽ പങ്കെടുത്തതും വർഷങ്ങൾക്ക് ശേഷം മനസ്സ് തുറന്ന് നൃത്തം ചെയ്തതുമായ അനുഭവങ്ങളും അവർ പങ്കുവെച്ചിരുന്നു.

ഡോൺ, സത്യം ശിവം സുന്ദരം, അജ്‌നബി എന്നീ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച വെള്ളിത്തിരയിലെ ഇതിഹാസ നായികയാണ് സീനത്ത് അമൻ. നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസ് ആയ 'ദി റോയൽസ്' ആണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi