യോയോ ഹണി സിങ് എന്ന ഗായകന്‍ ഇന്ത്യന്‍ യൂത്തിന്റെ സെന്‍സേഷനായിരുന്നു. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകള്‍. പരമ്പരാഗത ബോളിവുഡ് സംഗീതം ആസ്വദിച്ചിരുന്നവര്‍ നെറ്റിചുളിച്ചിട്ടും ഹണി സിങ് ജൈത്രയാത്ര തുടര്‍ന്നു. പിന്നെ പെട്ടെന്നൊരുനാള്‍ ഹണി സിങ് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് കാണാതായി. അതിന്റെ കാരണം തന്റെ മാനസികാരോഗ്യം ആയിരുന്നെന്ന് പിന്നീടദ്ദേഹം വെളിപ്പെടുത്തി.
താന്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗത്തിന്റെ പിടിയിലാണെന്നാണ് ഹണി സിങ് പറയുന്നത്. 2014-2015 കാലഘട്ടത്തില്‍ സ്ഥിതി അപകടകരമാംവിധം വഷളായി. റെക്കോഡിങ്ങുകളോ ലൈവ് ഷോകളോ ചെയ്യാന്‍ പറ്റാത്തവിധം അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ വന്നു. ''ഞാന്‍ നരകം കണ്ടു, മരണം കണ്ടു. ഉറക്കവും കരച്ചിലുമായി എന്റെ ദിവസങ്ങള്‍ തീര്‍ന്നു. ആരെയും കാണാതെയായി.... എന്റെ ദിവസങ്ങള്‍ക്ക് അവസാനമില്ലാത്തതുപോലെ തോന്നി. ഞാന്‍ മുറിവിട്ട് പുറത്തിറങ്ങിയില്ല. ആരോ മരിക്കാന്‍ പോകുകയാണെന്ന് എനിക്ക് തോന്നുമായിരുന്നു. അത് ഞാന്‍ ആയിരിക്കുമെന്ന് തന്നെ എനിക്ക് തോന്നി''.

എങ്ങനെ എപ്പോള്‍ എന്തുചെയ്യുമെന്നോ പറയുമെന്നോ തിരിച്ചറിയാനാകാത്ത വിധം പെരുമാറ്റം. അങ്ങനെയാണ് സ്വന്തം അവസ്ഥയെ അദ്ദേഹം വിശേഷിപ്പിച്ചത്. പലപ്പോഴും കാര്യങ്ങള്‍ പിടിവിട്ടുപ്പോയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ''പാരനോയിയ ആയിരുന്നു മറ്റൊരു ലക്ഷണം. എന്തിനെയും എല്ലാത്തിനെയും സംശയിക്കുന്ന അവസ്ഥ. എവിടെയോ കുടുങ്ങിക്കിടക്കുകയാണെന്നും ആരോ തന്നെ പിന്തുടര്‍ന്ന് നിരീക്ഷിക്കുന്നുണ്ട് എന്നുമുള്ള തോന്നല്‍. ഇല്ലാത്തതൊക്കെ ഉണ്ടെന്നുള്ള തോന്നല്‍...'' ഇപ്പോഴും ചികിത്സ തുടരുകയാണെന്നും ഹണി സിങ് കൂട്ടിച്ചേര്‍ത്തു.
നെറ്റ്ഫ്ലിക്സ് അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി 'യോയോ ഹണി സിങ്; ഫെയ്മസ്' എന്നൊരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. സിങിന്റെ വ്യക്തിജീവിതവും കരിയറും അതിലെ ഉയര്‍ച്ചതാഴ്ചകളും വിശദമായി അവതരിപ്പിച്ച ഡോക്യുമെന്ററിയില്‍ തന്റെ മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് സിങ് സംസാരിക്കുന്നുണ്ട്. ജീവിതം കൈവിട്ടെന്നുതോന്നിയ ഇടക്കാലത്ത് മദ്യപാനത്തിന്റെ പിടിയില്‍ അകപ്പെട്ട കഥയും അദ്ദേഹം പറയുന്നുണ്ട്. മദ്യത്തിന് വല്ലാതെ അടിമപ്പെട്ടുപോയിരുന്നു ഹണി സിങ്. അതില്‍ നിന്ന് പുറത്തുകടക്കാനും അദ്ദേഹത്തിന് ഒരുപാട് പ്രയാസപ്പെടേണ്ടി വന്നു.

അത്യുന്മാദത്തിന്റെയും അതിവിഷാദത്തിന്റെയും അവസ്ഥകള്‍ മാറിമാറി കടന്നുവരുന്നതാണ് ബൈപോളാര്‍ അവസ്ഥ. രോഗിയുടെ മൂഡ് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇവര്‍ക്ക് ആരെയും വിശ്വാസവും ഉണ്ടാകില്ല. മതിഭ്രമത്തിന്റെ പ്രശ്‌നങ്ങളും
ഉണ്ടായിരിക്കും. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രോഗാവസ്ഥയാണിത്. എന്നാല്‍ ചികിത്സയിലൂടെ ഒരു പരിധിവരെ രോഗത്തെ നിയന്ത്രിക്കാനാകും.
രണ്ടര വര്‍ഷം നീണ്ട കോടതിവ്യവഹാരങ്ങള്‍ക്കൊടുവില്‍ 2023-ല്‍ ഭാര്യ ശാലിനി തല്‍വാറുമായി ഹണി സിങ് വിവാഹമോചിതനായി. ഹണി സിങ്ങിനെതിരെയും കുടുംബത്തിനെതിരെയും ശാലിനി ഗാര്‍ഹികപീഡന വകുപ്പുകള്‍ ചേര്‍ത്ത് പരാതിപ്പെട്ടിരുന്നു. മാനസികമായും ശാരീരികമായും ലൈംഗികമായും സാമ്പത്തികമായും തന്നെ ഉപദ്രവിച്ചു എന്നായിരുന്നു അവരുടെ പരാതി. എന്നാല്‍ രമ്യതയില്‍ വിവാഹമോചനം തീരുമാനത്തിലെത്താന്‍ പിന്നീട് ശാലിനി ഈ വകുപ്പുകള്‍ ഒഴിവാക്കി.
Content Highlights: singer yoyo honey singh opens up about his struggle with bipolar disorder and alcohol addiction
Published: 28 Mar 2025, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented