സൗന്ദര്യത്തില്‍ 'സിറിയയുടെ ഡയാന', 'ബുദ്ധിജീവിയായ വനിത', മുന്‍ പ്രഥമവനിത അസ്മ അല്‍ അസദിനെപ്പറ്റി ഒരുകാലത്ത് സിറിയക്കാര്‍ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. സുന്ദരിയും സ്റ്റൈലിഷും ആഡംബരപ്രേമിയുമായ അസ്മയെ 'മരുഭൂമിയിലെ റോസാപ്പൂ' എന്നാണ് വോഗ് മാഗസിന്‍ 2011-ല്‍ വിഷേഷിപ്പിച്ചത്. അന്നത്തെ പ്രഥമവനിതകളില്‍ പുതുമയുള്ള, ആകര്‍ഷണീയതയേറിയ വനിതയെന്നും. പക്ഷേ, അസദ് കുടുംബാംഗങ്ങളെ ജനാധിപത്യവാദികള്‍ എന്ന് വിശേഷിപ്പിച്ച വോഗിന്റെ ലേഖനം വിവാദമാവുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തു. അറബ് വസന്തം സിറിയയിലേക്കും അലയടിച്ച സമയമായിരുന്നു അത്. വിമതശബ്ദങ്ങളെ അസദ് ഭരണകൂടം അടിച്ചമര്‍ത്തി.
1975-ല്‍ ലണ്ടനിലെ സിറിയന്‍ നയതന്ത്രകുടുംബത്തിലാണ് അസ്മ ജനിച്ചുവളര്‍ന്നത്. വിമതര്‍ ഇപ്പോള്‍ നിയന്ത്രണത്തിലാക്കിയ ഹോംസ് നഗരത്തില്‍ നിന്നുള്ള സുന്നി മുസ്ലീങ്ങളാണ് മാതാപിതാക്കള്‍. ലണ്ടനിലെ ക്വീന്‍സ് കോളേജിലും കിങ്‌സ് കോളേജിലുമായി വിദ്യാഭ്യാസം. 1992-ല്‍ ലണ്ടനില്‍ വെച്ചാണ് അസദും അസ്മയും പരിചയപ്പെടുന്നത്. ഡോക്ടറായി പരിശീലനം നേടാന്‍ ലണ്ടനിലെത്തിയതായിരുന്നു അസദ് അന്ന്. അന്നൊന്നും സിറിയയുടെ രാഷ്ട്രീയഭാവി അസദിലൂടെയാവുമെന്ന് ആരും കരുതിയിരുന്നില്ല, അസദ് രാഷ്ട്രീയത്തിലിറങ്ങിയിട്ടുമില്ല. അസ്മ പിന്നീട് ബ്രിട്ടനിലെ ജെപി മോര്‍ഗനില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി.
അസ്മയ്ക്ക് 25 വയസ്സുള്ളപ്പോള്‍ 35-കാരനായ അസദിനെ വിവാഹം ചെയ്തു. ലണ്ടനിലെ ജോലി അപ്പോഴേക്കും അവര്‍ ഉപേക്ഷിച്ചിരുന്നു. പിതാവിന്റെ വേര്‍പാടിനെത്തുടര്‍ന്ന് അതേവര്‍ഷം അസദ് സിറിയയുടെ ഭരണമേറ്റെടുത്തു. ഭരണത്തില്‍ സുപ്രധാനചുമതലകളിലെല്ലാം കുടുംബാംഗങ്ങളെ നിയമിക്കാന്‍ ശ്രദ്ധിച്ച അസദ് അസ്മയ്ക്കും നല്‍കി കാര്യമായ ചുമതല.

ആഡംബരവും വിക്കിലീക്‌സ് രേഖകളും
രാജ്യത്ത് ആഭ്യന്തരയുദ്ധമാണെങ്കിലും അത്യാഡംബരരജീവിതം നയിച്ചവരായിരുന്നു അസദ് കുടുംബം. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡുകളായ ക്രിസ്റ്റ്യോ ലൂബൂട്ടാന്റെ ഷൂവും ഷനേല്‍ വസ്ത്രങ്ങളും ധരിച്ച് പ്രഥമവനിതസ്ഥാനം ആഡംബരപൂര്‍വമാണ് അസ്മ അലങ്കരിച്ചിരുന്നത്. മനുഷ്യസ്‌നേഹിയെന്ന നിലയിലാണ് സോഷ്യല്‍ മീഡിയയില്‍ അവരെ ചിത്രീകരിച്ചതെങ്കിലും പിന്നീട് രാജ്യത്തിനകത്തു നിന്നുതന്നെ വെറുപ്പു സമ്പാദിച്ചു. അത്യധികം പണം ചെലവിട്ടായിരുന്നു ജീവിതം.
2012-ല്‍, വിക്കിലീക്സ് അസ്മയുടെ സ്വകാര്യ ഇമെയിലുകള്‍ പുറത്തുവിട്ടിരുന്നു. സിറിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായി ഒരു വര്‍ഷം പിന്നിട്ട വേളയില്‍ മൂന്നര ലക്ഷം ഡോളര്‍ (ഏകദേശം 2.96 കോടി രൂപ) ചെലവിട്ട് 130 ഫര്‍ണിച്ചറുകള്‍ അസ്മ വാങ്ങിയതിനെപ്പറ്റിയായിരുന്നു വിശദീകരണം. ക്രിസ്റ്റല്‍ പതിച്ച ഹീലുകളുള്ള ഒരു ജോടി ഷൂ വാങ്ങിയത് 7,000 ഡോളര്‍ (ഏകദേശം 5.93 ലക്ഷം രൂപ) ചിലവിട്ടാണെന്നും, ഉപരോധം മറികടക്കാന്‍ ദുബായിലേക്കാണ് അവ ഓര്‍ഡര്‍ ചെയ്തതെന്നും ഇമെയിലുകള്‍ വെളിപ്പെടുത്തുന്നു.

ദമ്പതികളുടെ അത്യാധുനിക പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് 1 ബില്യണ്‍ ഡോളറാണ് ചെലവ് കണക്കാക്കുന്നത്. ഖാന്‍ ഷെയ്ഖൂനിലെ സാധാരണക്കാര്‍ക്ക് നേരെ അസദ് സരിന്‍ വിഷവാതകം പ്രയോഗിച്ചത് ആഗോളമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അതേ ദിവസം, അസ്മ ഒരു പോള്‍ക്ക-ഡോട്ട് വസ്ത്രം ധരിച്ച് പുഞ്ചിരിക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത് വിവാദമായി.
കുടുംബം
മൂന്നു മക്കളാണ് അസദിനും അസ്മയ്ക്കും. അസദിന്റെ പിതാവും മുന്‍ ഭരണാധികാരിയുമായ ഹഫീസ് അല്‍-അസദിന്റെ പേരാണ് മൂത്ത മകന് നല്‍കിയത്, ഹഫീസ്. മകള്‍ സെയിന്‍, മകന്‍ കരിം എന്നിവരാണ് മറ്റുമക്കള്‍. 2013 ജനുവരിയില്‍, അസ്മ നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തിയിരുന്നെങ്കിലും ഗര്‍ഭധാരണത്തെപ്പറ്റി പിന്നീട് വിവരങ്ങളുണ്ടായിരുന്നില്ല. സിറിയയില്‍ സംഘര്‍ഷം കടുത്തപ്പോള്‍ അസ്മ മക്കളുമായി ലണ്ടനിലേക്ക് താമസം മാറി.
അര്‍ബുദബാധ
നിലവില്‍ അര്‍ബുദബാധിതയാണ് 48-കാരിയായ അസ്മ. നേരത്തേ സ്തനാര്‍ബുദം ബാധിച്ചിരുന്നു, ഒരു വര്‍ഷത്തെ ചികിത്സയ്‌ക്കൊടുവില്‍ രോഗം ഭേദമായെന്ന് 2019-ല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇക്കൊല്ലം മേയ്മാസത്തില്‍ അസ്ഥിമജ്ജയെ ബാധിക്കുന്ന അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന അര്‍ബുദം സ്ഥിരീകരിച്ചുവെന്നും ചികിത്സയിലാണെന്നുമാണ് റിപ്പോര്‍ട്ട്. വിമതര്‍ സിറിയയുടെ അധികാരം പിടിക്കുമ്പോള്‍ ലണ്ടനില്‍ താമസിക്കുകയായിരുന്നു അവര്‍.

റഷ്യയില്‍?
അസദിന് റഷ്യ രാഷ്ട്രീയ അഭയം കൊടുത്തതിനു പിന്നാലെ അസ്മയും കുടുംബവും റഷ്യയിലെത്തിയെന്നാണ് സൂചന. റഷ്യ സുരക്ഷിതയിടമെന്ന് മുന്‍കൂട്ടി കണ്ട് അസദ് നേരത്തേ തന്നെ അവിടെ ആഡംബരവസതികള്‍ സ്വന്തമാക്കിയിരുന്നു. മോസ്‌കോയില്‍ കുറഞ്ഞത് 20 ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളെങ്കിലും വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. 30 മില്യണ്‍ ഡോളറിലധികം വിലവരുന്നവയാണിത്. നഗരഹൃദയങ്ങളില്‍ വരേണ്യവിഭാഗങ്ങളും അന്താരാഷ്ട്ര കോര്‍പറേറ്റുകളും താമസിക്കുന്ന സിറ്റി ഓഫ് ക്യാപിറ്റല്‍സ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണിവ.
രാഷ്ട്രീയ അഭയക്കാലത്തുപോലും ആഡംബരജീവിതം നയിക്കണമെന്ന അസദിന്റെ കണക്കുകൂട്ടലുകളാണ് നേരത്തേ സ്വത്തുക്കള്‍ വാങ്ങുന്നതിലേക്ക് നയിച്ചതെന്ന് കരുതുന്നു. റിയല്‍ എസ്‌റ്റേറ്റിനു പുറമെയുള്ള ബന്ധവും റഷ്യയുമായി അസദ് വളര്‍ത്തി. മൂത്ത മകന്‍ ഹാഫിസ് അല്‍ അസദ് മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് പിഎച്ച്.ഡി. പൂര്‍ത്തിയാക്കിയത്. മകന്റെ പഠനകാലത്ത് അസ്മ റഷ്യയിലൂം ദീര്‍ഘനാള്‍ താമസിച്ചു. എന്തായാലും അഞ്ചു പതിറ്റാണ്ടിലേറെയായി സിറിയന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച കുടുംബവാഴ്ചയ്ക്ക് അന്ത്യം സംഭവിച്ചിരിക്കുകയാണിപ്പോള്‍.
Content Highlights: who is bashar al-assads wife asma al- assad?
Published: 10 Dec 2024, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented