തന്റെ സ്ഥിരം സാരി വേഷങ്ങൾക്കു പുറമേ ഗ്ലാമറസ് വേഷങ്ങളിലേക്കും വിദ്യാബാലൻ ചുവടുവെച്ചത് കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു. ഒരു മാസികയുടെ കവറിലേക്കായുള്ള നടിയുടെ ചിത്രങ്ങൾ വളരെ സ്‌നേഹത്തോടെയും ആവേശത്തോടെയുമാണ് ആരാധകർ ഏറ്റെടുത്തത്. തന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായ ‘പരിണീത’ എന്ന ചിത്രത്തിന് രണ്ട് പതിറ്റാണ്ട് പൂർത്തിയായതിന്റെ സന്തോഷത്തിലാണ് നടിയിപ്പോൾ, ഒപ്പം ഇന്ത്യൻ സിനിമയിലെത്തിയതിന്റെ 20ാം വാർഷികവും ആഘോഷിക്കുന്നു. 

കരിയറിൽ മികച്ച നിരവധി സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചെങ്കിലും വിദ്യാ ബാലന്റെ സിനിമയിലേക്കുള്ള പ്രവേശനവും വളർച്ചയും അത്ര എളുപ്പമായിരുന്നില്ല. തന്റെ തലമുറയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി പിൽക്കാലത്ത് അറിയപ്പെട്ടെങ്കിലും ആദ്യകാലഘട്ടത്തിൽ നിരവധി അനിശ്ചിതത്വങ്ങൾ അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ 'ചക്രം' എന്ന സിനിമയിൽ, മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ നായികയായി അരങ്ങേറ്റം കുറിക്കാനുള്ള മികച്ച അവസരം വിദ്യയെ തേടി വന്നിട്ടും കപ്പിനും ചുണ്ടിനുമിടയിലെന്ന പോലെ അത് നഷ്ടപ്പെടുകയായിരുന്നു. ഇതുമൂലം അവർ ഒപ്പുവെച്ച മറ്റ് മലയാള സിനിമകളും തുടർന്ന് തമിഴ് സിനിമകളും വരെ അവർക്ക് നഷ്ടപ്പെട്ടു. ഒരു മലയാള സിനിമ പൂർത്തിയാക്കിയിട്ടു പോലും അത് പുറത്തിറങ്ങാതെ പോയത് അന്ന് തന്റെ ആത്മവിശ്വാസത്തെ ചെറുതായൊന്നുമല്ല ബാധിച്ചതെന്നും നടി പറഞ്ഞിട്ടുണ്ട്.

ഇതിനൊക്കെ ശേഷമാണ് ബോളിവുഡിലെ സംവിധായകനും നിർമ്മാതാവായ വിധു വിനോദ് ചോപ്ര വിദ്യയെ സമീപിക്കുന്നത്. പൂർണമായും തകർന്നിരിക്കുമ്പോൾ അവസരം ലഭിച്ചത് സന്തോഷമായെങ്കിലും ആ സിനിമയ്ക്കായി മൂക്കിന് ശസ്ത്രക്രിയ ചെയ്യാൻ നിർമ്മാതാവ് ആവശ്യപ്പെട്ടു. വിധു വിനോദ് ചോപ്രയ്ക്ക് തന്റെ മുഖത്തിൽ പൂർണ്ണ തൃപ്തിയില്ലായിരുന്നുവെന്നും മൂക്കിന് ശസ്ത്രക്രിയ ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും വിദ്യ പറയുന്നു. 'നിങ്ങളുടെ മൂക്കിന് നീളം കൂടുതലാണ്, നമുക്കൊരു സർജറി ചെയ്യാം' എന്ന് വിധു പറഞ്ഞപ്പോൾ താൻ വിസമ്മതിക്കുകയായിരുന്നു. വല്ലപ്പോഴും ചെയ്യുന്ന ഫേഷ്യൽ അല്ലാതെ ഞാൻ മുഖത്ത് ഒന്നും ചെയ്തിട്ടില്ലെന്നും ദൈവം തന്ന മുഖം അതേപടി നിലനിർത്തുന്നതിലാണ് എപ്പോഴും വിശ്വസിക്കുന്നതെന്നും വിദ്യ വ്യക്തമാക്കി.

അതുമാത്രമല്ല തന്റെ പേരിലും മാറ്റങ്ങൾ വരുത്താൻ അക്കാലത്ത് വിദ്യ നിർബന്ധിതയായിട്ടുണ്ട്. ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് തന്റെ കുടുംബപ്പേര് ഉപേക്ഷിക്കാൻ നിർബന്ധിതയായതാണെന്നും മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ശ്രമിച്ചിരുന്ന ആദ്യനാളുകളിൽ പേര് മാറ്റാൻ സമ്മർദ്ദത്തിലായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഒരു മലയാള സിനിമയുടെ സമയത്ത്, 'ബാലൻ' എന്നത് ഒഴിവാക്കി മഞ്ജു വാര്യരെയോ സംയുക്ത വർമ്മയെയോ പോലെ എന്റെ സമുദായത്തിന്റെ പേര് ഉപയോഗിക്കാൻ അവർ നിർദ്ദേശിച്ചു. സമ്മർദത്തിനു വഴങ്ങി വിദ്യാ ബാലൻ എന്നത് വിദ്യാ അയ്യർ എന്നാക്കി മാറ്റേണ്ടി വന്നു. അതിന്റെ പേരിൽ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും വിദ്യ പറയുന്നു. എന്നാൽ ആ പ്രോജക്റ്റ് നടക്കാതെ പോയതിനാൽ മാത്രം തന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഒരു പേര് സ്വീകരിക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടു. ജീവിതത്തിൽ എന്തെങ്കിലും ശരിയല്ലെന്ന് തോന്നുന്നത് നമുക്ക് വിധിച്ചതല്ലെന്ന് അപ്പോഴാണ് മനസിലായതെന്നും അവർ കൂട്ടിച്ചേർത്തു.

2005-ൽ 'പരിണീത'യിലൂടെയാണ് വിദ്യയ്ക്ക് സിനിമയിൽ വലിയൊരു മുന്നേറ്റം നേടാനായത്. അതിനുശേഷമുള്ള  കരിയർ വളർച്ചയും എല്ലാവരും പ്രതീക്ഷിച്ചതുപോലെ എളുപ്പമായിരുന്നില്ലെന്ന് വിദ്യ സമ്മതിച്ചു. ''പരിണീത' ഒരു വലിയ വിജയമായിരുന്നു. അതിനു ശേഷമാണ് മുൻനിര സംവിധായകർ വിളിക്കാൻ തുടങ്ങിയത്. പക്ഷേ ഫോട്ടോഷൂട്ടുകളിൽ നിങ്ങളെ വെച്ച് നമുക്ക് പുതിയ എന്തെങ്കിലും പരീക്ഷിക്കാം എന്നും നിങ്ങളെ കൂടുതൽ ചെറുപ്പവും സെക്‌സിയുമായി കാണിക്കാമെന്നും അവർ പറയും. പരീക്ഷണങ്ങൾക്ക് ഞാൻ തയ്യാറായിരുന്നു, പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ അത് നിരാശാജനകമായി തോന്നി.' അവർ കൂട്ടിച്ചേർത്തു.

സംവിധായകൻ മിലൻ ലുത്രിയയുടെ 'ദി ഡേർട്ടി പിക്ചർ' (2011) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ വിദ്യയെ അവസാനമായി കണ്ടത് 2024-ൽ പുറത്തിറങ്ങിയ 'ഭൂൽ ഭുലയ്യ 3' എന്ന ഹൊറർ കോമഡി ചിത്രത്തിലാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi