പഠനവും മികച്ച ഭാവിയും സ്വപ്‌നംകണ്ട് ലോകത്തിന്റെ രണ്ടുകോണുകളില്‍ നിന്ന് അമേരിക്കയിലേക്ക് ചേക്കേറിയവർ, തമിഴ്‌നാട്ടുകാരിയായ ശ്യാമളാ ഗോപാലനും ജമൈക്കക്കാരനായ ഡൊണാള്‍ഡ് ജെ. ഹാരിസും. അമേരിക്കയുടെ ആദ്യത്തെ ആഫ്രോ-അമേരിക്കന്‍, ഏഷ്യന്‍-അമേരിക്കന്‍ വൈസ് പ്രസിഡന്റായി ചരിത്രം കുറിച്ച കമലാ ഹാരിസിന്റെ അമ്മയും അച്ഛനുമാണിവര്‍. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള ജമൈക്കയിലാണ് ഡൊണാള്‍ഡ് ജനിച്ചുവളര്‍ന്നത്. ബ്രിട്ടിഷുകാര്‍ നടത്തിയ സ്‌കൂളുകളില്‍ പഠിച്ചു. സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കുകയെന്ന സ്വപ്‌നവുമായി അമേരിക്കയിലെത്തി. 

To advertise here,

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ മണ്ണാര്‍ഗുഡിക്കടുത്തുള്ള തുളസേന്തപുരം ഗ്രാമമാണ് ശ്യാമളയുടെ സ്വദേശം. ഗ്രാമത്തിലെ ധര്‍മശാസ്ത്രാ ക്ഷേത്രത്തിനടുത്തുള്ള അഗ്രഹാരത്തിലാണ് ശ്യാമളയും സഹോദരിയും ജനിച്ചുവളര്‍ന്നത്. അച്ഛന്‍ സ്വാതന്ത്ര്യസമര സേനാനിയും രാജ്യത്തെ നയതന്ത്രപ്രതിനിധിയുമായ പി.വി. ഗോപാലന്‍. അമ്മ രാജം. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് പി.വി. ഗോപാലന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി ഗ്രാമം വിട്ട് നഗരത്തിലേക്ക് താമസം മാറി. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ശാസ്ത്രം പഠിക്കാന്‍ വളരെ കുറച്ച് മാത്രം അവസരങ്ങളുള്ള സമയം, പുതിയ സാധ്യത തേടി അമേരിക്കയിലേക്ക് പോവാന്‍ താത്പര്യപ്പെട്ട 19-കാരിയായ ശ്യാമളയെ അച്ഛന്‍ പിന്തുണച്ചു. റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ നിന്ന് മകളുടെ ആദ്യ വര്‍ഷത്തെ ട്യൂഷന്‍ ഫീ നല്‍കാമെന്ന് അച്ഛന്‍ ഉറപ്പുനല്‍കി. സ്‌കോളര്‍ഷിപ്പോടുകൂടി ശ്യാമള അമേരിക്കയില്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ പോയി.

placeholder
ശ്യാമളയും ഡൊണാൾഡും | kamala harris facebook 

 പ്രണയം, വിവാഹം, പൗരാവകാശം
ശ്യാമളയും ഡൊണാള്‍ഡും ബെര്‍ക്ലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ചേര്‍ന്നത് ഏകദേശം ഒരേസമയത്തായിരുന്നു. ക്യമ്പസില്‍ സജീവമായ പൗരാവകാശപ്രവര്‍ത്തനങ്ങളോട് താത്പര്യം തോന്നിയപ്പോള്‍ കറുത്ത വിദ്യാര്‍ഥികളുടെ പഠനഗ്രൂപ്പിലും ഇരുവരും ചേര്‍ന്നു. (പിന്നീട് ആ സംഘടന ആഫ്രോ അമേരിക്കന്‍ അസോസിയേഷന്‍ എന്നറിയപ്പെട്ടു). ശ്യാമള കറുത്ത വര്‍ഗക്കാരിയല്ലെങ്കിലും സംഘത്തിലേക്ക് അവളെ സ്വീകരിച്ചു. അന്നൊന്നുമവര്‍ക്ക് പരസ്പരം അറിയില്ല. വിദ്യാര്‍ഥിപ്രസ്ഥാനം ഊര്‍ജസ്വലമായ കാലം. 1962-ല്‍ പഠനഗ്രൂപ്പില്‍ വെച്ച് ഡൊണാള്‍ഡും ശ്യാമളയും പരിചയപ്പെട്ടു. പൗരാവകാശത്തിലുള്ള താത്പര്യമാണ് ഇരുവരെയും പരസ്പരം ആകര്‍ഷിച്ചതെന്നു പറയാം.

ബ്രിട്ടിഷ് കൊളോണിയല്‍ ശക്തിക്കുകീഴില്‍ ജീവിക്കുന്നതിനെപ്പറ്റി വേദിയില്‍ പ്രസംഗിച്ച ഡൊണാള്‍ഡിന്റെ മുമ്പിലെത്തി ശ്യാമള സ്വയം പരിചയപ്പെടുത്തുകയായിരുന്നു. തമ്മില്‍ അടുപ്പവും പ്രണയവും തോന്നിയത് വളരെ പെട്ടെന്നും. പ്രണയദിനങ്ങളില്‍ ഇരുവരും സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു. പൗരാവകാശങ്ങള്‍ക്കുവേണ്ടി വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പോരാടുന്നത് വായിച്ചറിഞ്ഞതാണ് താന്‍ ബെര്‍ക്ലി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഡൊണാള്‍ഡ് പറയുമായിരുന്നു. ഡൊണാള്‍ഡും ശ്യാമളയും മാര്‍ച്ചുകളിലും പ്രതിഷേധങ്ങളിലും ഒപ്പം നടന്നു, സ്വന്തം കഥകള്‍ പരസ്പരം പറഞ്ഞു. എന്തുകൊണ്ടും ശ്യാമളയുടെ ആദ്യകാമുകനായി ഡൊണാള്‍ഡ്. പഠനം മാത്രമായിരുന്നു അമേരിക്കയിലേക്ക് വരുമ്പോള്‍ ശ്യാമളയുടെ ലക്ഷ്യം. ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്നും. പക്ഷേ, ഡൊണാള്‍ഡിനോട് കടുത്ത പ്രണയം തോന്നിയപ്പോള്‍ വിവാഹം ചെയ്യാമെന്നായി. പരിചയപ്പെട്ട് ഒരുവര്‍ഷം ആകുമ്പോഴേക്കും ഡൊണാള്‍ഡും ശ്യാമളയും വിവാഹം ചെയ്തു. ശിഷ്ടകാലം അമേരിക്കയെന്ന തീരുമാനംകൂടി ശ്യാമള അപ്പോഴെടുത്തു. 

placeholder

 

'അതെല്ലാം വളരെ രസകരമായിരുന്നു, ഞാന്‍ അന്ന് കാണാന്‍ അല്‍പം സുന്ദരനാണ്. പിന്നീടുള്ള യോഗങ്ങളില്‍ ഞങ്ങള്‍ വീണ്ടും സംസാരിച്ചു, ബാക്കിയുള്ളത് ഇപ്പോള്‍ ചരിത്രമാണ്'-പ്രണയം മൊട്ടിട്ട ദിനങ്ങളെപ്പറ്റി ഡൊണാള്‍ഡ് പില്‍ക്കാലത്ത് മാധ്യമങ്ങളോടു പറഞ്ഞു. 'ഞാന്‍ യു.സി. ബെര്‍ക്ലിയില്‍ പഠിക്കാനാണ് വന്നത്. അമേരിക്കയില്‍ കഴിയുന്നതിനെപ്പറ്റി ആലോചിച്ചിട്ടേ ഉണ്ടായിരുന്നില്ല. പിന്നീട് കുടുംബമായി' എന്നാണ് ശ്യാമള ഇതിനെപ്പറ്റി പറഞ്ഞത്. 

കമലയുടെ ജനനം
വിവാഹിതരായി ഒരുവര്‍ഷത്തിനുള്ളില്‍ ഡൊണാള്‍ഡും ശ്യാമളയും ആദ്യകുഞ്ഞിനെ വരവേറ്റു. 1964-ല്‍ കമല ജനിച്ചു. കമലയേയും പൗരാവകാശപ്രവര്‍ത്തന പരിപാടികള്‍ക്ക് മാതാപിതാക്കള്‍ കൊണ്ടുപോവുമായിരുന്നു. അവര്‍ തനിക്കായി നേരായ വഴികള്‍ തുറന്നുതരികയായിരുന്നെന്ന് അതിനെപ്പറ്റി കമല പിന്നീട് പറഞ്ഞു. 1967-ല്‍ കമലയുടെ അനിയത്തി മായയും പിറന്നു. ഏറെക്കാലം ഒന്നിച്ചുജീവിച്ച ദമ്പതികള്‍ക്കിടയില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു. കമലയ്ക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ മാതാപിതാക്കളുടെ വിവാഹബന്ധം അവസാനിക്കാന്‍ പോവുകയാണെന്ന് കമലയ്ക്കറിയാമായിരുന്നു. 1972 ആയപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു. പിതാവ് വിസ്‌കോന്‍സില്‍ സര്‍വകലാശാലയിലേക്ക് നിയമിതനായപ്പോള്‍ ശ്യാമള രണ്ടു മക്കളുമായി നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലേക്ക് പോയി. പിന്നെ വിവാഹമോചനം. കുട്ടികളെ വളര്‍ത്തുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം ശ്യാമളയേറ്റെടുത്തു. അച്ഛനമ്മമാരുടെ വിവാഹമോചനവും തന്റെയും അനിയത്തിയുടെയും സംരക്ഷണത്തെച്ചൊല്ലി അവര്‍ തമ്മില്‍ നടന്ന കഠിനമായ തര്‍ക്കങ്ങളും കണ്ടുവളര്‍ന്ന കുട്ടിക്കാലമാണ് കമല ഹാരിസിന്റേത്. 

placeholder
കമലയും ശ്യാമളയും | kamala harris instagram

മാതാപിതാക്കള്‍ പരസ്പരം വളരെയധികം സ്‌നേഹിച്ചിരുന്നുവെന്നും പിന്നീട് അവര്‍ ചേരാതായെന്നും തന്റെ പുസ്തകത്തില്‍ കമല പറയുന്നുണ്ട്. അവര്‍ക്ക് കുറച്ചുകൂടി പ്രായവും വൈകാരികമായ പക്വതയുമുണ്ടായിരുന്നെങ്കില്‍ ആ വിവാഹബന്ധം വിജയിക്കുമായിരുന്നു, പക്ഷേ, അവര്‍ വളരെയധികം ചെറുപ്പമായിരുന്നു എന്നും.  

ശ്യാമള പേരെടുത്ത സ്തനാര്‍ബുദ ഗവേഷക/ഡൊണാള്‍ഡ് പ്രൊഫസര്‍ 
യു.സി. ബെര്‍ക്ലിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം ശ്യാമള സ്തനാര്‍ബുദ ഗവേഷകയായി. വളരെ പ്രധാനപ്പെട്ട ഗവേഷണപ്രബന്ധങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു. യു.എസിലെയും മറ്റു രാജ്യങ്ങളിലെയും ഗവേഷണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ബെര്‍ക്ലിയിലേക്ക് തന്നെ തിരിച്ചുവന്നു. ഹോര്‍മോണ്‍, സ്തനാര്‍ബുദഗവേഷണരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ശ്യാമള ഗോപാലന്‍. ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചു.  

ഡൊണാള്‍ഡ് യു.സി. ബെര്‍ക്ലിയിലെ ബിരുദത്തിനുശേഷം സാമ്പത്തികശാസ്ത്രത്തില്‍ പ്രൊഫസറായി. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയടക്കം ഒട്ടേറെ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചു. കേംബ്രിജ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി, യേല്‍ സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസര്‍, അങ്ങനെ. ജമൈക്കയുമായി എന്നും ആത്മബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ജമൈക്കന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയ ഉപദേഷ്ടാവായും ഒന്നിലധികം ജമൈക്കന്‍ പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2021-ല്‍, ദേശീയ വികസനത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ജമൈക്കയുടെ മൂന്നാമത്തെ ഉയര്‍ന്ന ബഹുമതിയായ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി അദ്ദേഹത്തെ ആദരിച്ചു.

placeholder

മക്കളെ സ്വന്തമായി വളര്‍ത്തി
ശ്യാമള സ്വന്തം നിലയ്ക്കാണ് രണ്ടു പെണ്‍മക്കളെയും വളര്‍ത്തിയത്. ആഴ്ചാവസാനങ്ങളിലും മറ്റും പെണ്‍മക്കള്‍ അച്ഛനെ കണ്ടുമുട്ടി. തനിക്കും അനിയത്തിക്കും ഉച്ചഭക്ഷണം പാകം ചെയ്തുതരാനും ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ സഹായിക്കാനും ജോലിക്കുപോകാനുമായി അമ്മ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് കമലയോര്‍ക്കുന്നു. ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തിയെന്ന് അമ്മയെപ്പറ്റി പറയുമ്പോള്‍ കമലയുടെ വാക്കുകള്‍ക്ക് ആഴമേറെ. 19-ാം വയസ്സില്‍ അമ്മ അമേരിക്കയിലേക്ക് വരുമ്പോള്‍ ഇങ്ങനെയൊരു ചരിത്രം കുറിക്കാനാവുമെന്ന് ഒരിക്കലും കരുതിക്കാണില്ലെന്ന് യു.എസിന്റെ കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യത്തെ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റശേഷം കമല പറഞ്ഞു. ശ്യാമള ഗോപാലന്‍ ഹാരിസിന്റെ മകളാണ് ഞാനെന്ന് പറയുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. അവരായിരുന്നു എന്റെ പ്രചോദനമെന്നും കമല പറഞ്ഞുവെക്കുന്നു. 

സാംസ്‌കാരികമായി മികച്ച ജീവിതം മക്കള്‍ക്ക് ഉറപ്പാക്കാന്‍ ശ്യാമള എപ്പോഴും ശ്രദ്ധിച്ചു. ഇടയ്ക്കിടെ ഇന്ത്യയിലെ വീട്ടിലേക്കും യൂറോപ്പിലെ വിവിധയിടങ്ങളിലേക്കും കമലയേയും മായയേയും അവര്‍ കൊണ്ടുപോയി. ഇന്ത്യയിലെത്തുമ്പോള്‍ കമല മുത്തച്ഛന്‍ പി.വി. ഗോപാലനുമായി രാഷ്ട്രീയം ചര്‍ച്ചചെയ്യുമായിരുന്നു. ബസന്ത് നഗറില്‍ മുത്തച്ഛനൊപ്പം കടല്‍ത്തീരത്ത് നടക്കാന്‍ പോയ നിമിഷങ്ങള്‍ തന്റെ ജീവിതത്തില്‍ അത്രയേറെ പ്രധാനപ്പെട്ടവയാണെന്ന് കമല പലപ്പോഴും പറഞ്ഞു. വിവാഹമോചനത്തിനു മുമ്പേ ഡൊണാള്‍ഡ് കമലയേയും മായയേയും സ്വദേശമായ ജമൈക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ കൊണ്ടുപോയിരുന്നു. കുട്ടിക്കാലം താന്‍ ചെലവിട്ട ജമൈക്കയെ മക്കള്‍ അടുത്ത് പരിചയപ്പെടണമെന്ന് ഡൊണാള്‍ഡ് ആഗ്രഹിച്ചു. കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് 2009-ല്‍ ശ്യാമള മരിച്ചു. ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് അവരേറെ ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല. ശ്യാമളയുടെ ചിതാഭസ്മം ഒഴുക്കാന്‍ കമല ചെന്നൈയിലെത്തിയിരുന്നു. 

placeholder

അഭിഭാഷകയില്‍ നിന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റായ കമല
കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലാണ് കമല ജനിച്ചത്. കുടിയേറ്റ കുടുംബത്തിലെ അംഗമെന്ന നിലയില്‍ പലതരം ആളുകളുമായി അടുത്തിടപഴകാന്‍ കമലയ്ക്ക് ചെറുപ്പത്തിലേ സാധിച്ചിരുന്നു. ഹൊവാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഹാസ്റ്റിങ്‌സ് കോളേജ് ഓഫ് ലോയില്‍ നിന്നും വിദ്യാഭ്യാസം. അഭിഭാഷകയായി കരിയര്‍ കെട്ടിപ്പടുത്തു. 2004-ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റോര്‍ണിയായി തിരഞ്ഞെടുക്കപ്പെട്ടു. 2010-ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായി. 2017-ല്‍ യു.എസ്. സെനറ്റിലെത്തി. അമേരിക്കന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന നേട്ടവും കമലയ്ക്കാണ്. 2014-ല്‍ അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ വിവാഹം ചെയ്തു.

2016 കാലയളവില്‍ തന്നെ കമലാ ഹാരിസ് യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. തുടര്‍ന്ന് 2020-ലെ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി. പ്രചാരണങ്ങള്‍ക്കായുള്ള സാമ്പത്തികമില്ലെന്നാണ് പിന്മാറ്റത്തിന് കാരണമായി പറഞ്ഞത്. അത്തവണ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ വൈസ് പ്രസിഡന്റായി കമലയുടെ പേരു നിര്‍ദേശിച്ചു. യു.എസ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു പ്രധാനപാര്‍ട്ടിക്കുകീഴില്‍ ആദ്യമായിട്ടായിരുന്നു ഒരു ഏഷ്യന്‍-അമേരിക്കന്‍ വംശജ മത്സരത്തിനെത്തുന്നത്. സംഭവബഹുലമായ തിരഞ്ഞെടുപ്പിനൊടുവില്‍ ബൈഡന്‍ പ്രസിഡന്റും കമല വൈസ് പ്രസിഡന്റുമായി. ബരാക് ഒബാമയെ യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുത്തതിന്റെ അത്രയും തന്നെ പ്രാധാന്യം ഇതിനുമുണ്ടായിരുന്നു. തുടക്കകാലത്ത് ലേഡി ഒബാമ എന്നാണ് കമല ഹാരിസ് അറിയപ്പെട്ടത്.  അതവര്‍ക്ക് നല്ലതും ചീത്തയുമായുള്ള അനുഭവങ്ങളുണ്ടാക്കി.
മത്സരവേളയിലെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ കമലാ ഹാരിസിനെതിരേ വംശീയ അധിക്ഷേപമുയര്‍ന്നിരുന്നു. യഥാര്‍ഥ യു.എസ്. പൗരനല്ലെന്നും പ്രസിഡന്റാകാന്‍ അധികാരമില്ലെന്നുമെല്ലാം കേള്‍ക്കേണ്ടിവന്നു.

placeholder
ഭർത്താവ് ഡഗ്ലസ് എംഹോഫിനൊപ്പം കമല

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസ് പ്ലാന്‍ ബി ആകുമോ?
ഇന്ത്യന്‍ പേര് യു.എസ്. പ്രസിഡന്റ് പദവിയിലെത്തുമോ? കമല ഹാരിസ് യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമോ എന്നാണ് ഇനിയറിയാനുള്ളത്. നിലവില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പ്രസിഡന്റ് ജോ ബൈഡനാണ്. 81-കാരനായ ബൈഡന് അടുത്ത നാലുവര്‍ഷം നീണ്ടുനില്‍ക്കുന്ന യു.എസിന്റെ ഭരണചക്രം തിരിക്കാന്‍ ശേഷിയുണ്ടോയെന്ന ചോദ്യങ്ങള്‍ പരക്കെ ഉയരുന്നു. ശാരീരികവും ബൗദ്ധികവുമായ ശേഷികള്‍ ചോദ്യംചെയ്യപ്പെടുന്നു. മറ്റനേകം രാഷ്ട്രീയ പശ്ചാത്തലങ്ങളും. നവംബര്‍ അഞ്ചിലെ യു.എസ്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ ടെലിവിഷന്‍ സംവാദത്തില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് മുമ്പില്‍ ബൈഡന്‍ തപ്പിത്തടഞ്ഞു. മൂര്‍ച്ഛയില്ലാത്ത മറുപടികളും ശബ്ദക്കുറവും. ഇതൊക്കെയാണ് പ്രായക്കൂടുതലിനെപ്പറ്റി ചര്‍ച്ചകള്‍ സജീവമാക്കിയത്. 

ആദ്യ ടെലിവിഷന്‍ സംവാദത്തില്‍ ദാരുണപ്രകടനം നടത്തിയ പ്രസിഡന്റ് ബൈഡന്‍ മത്സരത്തില്‍ നിന്ന് സ്വയം പിന്മാറണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ മുഖപ്രസംഗത്തിലൂടെയും ലേഖനങ്ങളിലൂടെയും ആവശ്യപ്പെട്ടുകഴിഞ്ഞു. പാര്‍ട്ടിക്കകത്ത് തന്നെ ബൈഡന്റെ കഴിവില്‍ വിശ്വാസക്കുറവുണ്ട്. പാര്‍ട്ടി പ്രൈമറികളിലൂടെ ഇതിനകം ബൈഡന്‍ സ്ഥാനാര്‍ഥ്വം ഉറപ്പിച്ചുകഴിഞ്ഞതാണ്. ഔദ്യോഗികപ്രഖ്യാപനം ഓഗസ്റ്റില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടി സമ്മേളനത്തില്‍ നടത്താനിരിക്കുകയുമാണ്. ഈയവസരത്തില്‍ ബൈഡനെ മാറ്റി പകരം ശക്തരായ ആരെങ്കിലും വരണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം. അങ്ങനെയൊരു തീരുമാനമുണ്ടായാല്‍ പ്ലാന്‍ ബി.യില്‍ ഉയരുന്ന ആദ്യത്തെ പേര് കമലാ ഹാരിസിന്റേതാണ്. നിലവില്‍ യു.എസ്. വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല എതിരാളിയായാല്‍ ട്രംപിന് ജയം അനായാസമാകുമെന്നും അതല്ല ബൈഡനേക്കാള്‍ എന്തുകൊണ്ടും ട്രംപിനോട് മുട്ടിനില്‍ക്കാന്‍ അവരാണ് നല്ലതെന്നും വാദിക്കുന്നവരുണ്ട്. എന്തായാലും അവസാനനിമിഷം സ്ഥാനാര്‍ഥിയെ മാറ്റിയാല്‍ യു.എസിന്റെ ആധുനികരാഷ്ട്രീയ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരിക്കും. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് അതിനിര്‍ണായകമായ ഒരു തീരുമാനത്തിലേക്ക് പാര്‍ട്ടി പോകുമോ എന്നതാണ് ഇനിയറിയേണ്ടത്.