
മഹാഭാരത്.. മഹാഭാരത് ... മഹാഭാരത് ...
അധ് ശ്രീ മഹാഭാരത് കഥ
മഹാഭാരത് കഥ
കഥാ ഹേ പുരുഷാര്‍ത്ഥ് കീ
സ്വാര്‍ത്ഥ് കീ പരമാര്‍ത്ഥ് കീ .....
മഹേന്ദ്ര കപൂറിന്റെ ഘനഗംഭീരസ്വരത്തോടെ മഹാഭാരതത്തിന്റെ പുതിയ എപ്പിസോഡ് തുടങ്ങുകയായി. 1988ല്‍ ദൂരദര്‍ശനിലൂടെ പ്രേക്ഷകരിലേക്കെത്തിയ ബി.ആര്‍ ചോപ്രയുടെ സീരിയല്‍. നിധീഷ് ഭരദ്വാജിന്റെ സൗന്ദര്യപൂര്‍ണതയുള്ള കൃഷ്ണന്‍ ചതുരപ്പെട്ടിയില്‍ തെളിഞ്ഞപ്പോള്‍ കൂപ്പുകൈകളുയര്‍ന്നു. പ്രാര്‍ഥന തിങ്ങിയ അതേ ചുണ്ടുകള്‍ ശകുനി മാമനെ കണ്ടപ്പോള്‍ പ്രാകി. ഗൂഫി പെയിന്റാള്‍ അവതരിപ്പിച്ച മുടന്തനായ, കറുപ്പ് ധരിച്ച കുടിലബുദ്ധിക്കാരന്‍ ശകുനിയെ എല്ലാവരും വെറുത്തു.
അത്യാഗ്രഹവും അഹങ്കാരവും കുത്തിവെച്ച് അനന്തരവന്‍ സുയോധനനെ ദുര്യോധനനാക്കിയ അമ്മാവന്‍, ഗാന്ധാരിയുടെ ജ്യേഷ്ഠന്‍, ലക്ഷങ്ങളുടെ ജീവനെടുത്ത മഹായുദ്ധത്തിന്റെ കാരണക്കാരന്‍, സഹദേവന്റെ കൈകളാല്‍ പതിനെട്ടാം ദിനം യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നത് വരെ കുറ്റബോധത്തിന്റെ വരുതിയില്‍ വരാത്ത ശക്തനായ ഗാന്ധരരാജാവ്... ശകുനിയുടെ ഭാവവിശേഷങ്ങളെല്ലാം ഗൂഫി ഗംഭീരമാക്കി. ചൂതുകളിയും വസ്ത്രക്ഷേപവും കടന്നുവന്ന എപ്പിസോഡുകളില്‍ മറ്റ് അഭിനേതാക്കള്‍ നിഷ്പ്രഭരായി നിറം മങ്ങിപ്പോയ പ്രകടനമാണ് ഗൂഫി പുറത്തെടുത്തത്.
ബഹദൂര്‍ ഷാ സഫര്‍ എന്ന സീരിയയില്‍ ലോഡ് മെറ്റ്കാഫ് എന്ന വില്ലനായി ഗൂഫി നിറഞ്ഞാടിയിരുന്നു. ആ പ്രകടനമാണ് ഗൂഫിയുടെ കയ്യില്‍ ശകുനി ഭദ്രമായിരിക്കും എന്ന വിശ്വാസം പ്രൊഡ്യൂസര്‍ക്ക് നല്‍കിയത.് ഒരിക്കല്‍ രാജ്യസഭാ ടി.വി യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗൂഫി മഹാഭാരതത്തിലേക്കുള്ള തന്റെ രംഗപ്രവേശത്തിന്റെ കഥ പറഞ്ഞു.' 1978ല്‍ ബി ആര്‍ ഫിലിംസില്‍ ചേര്‍ന്നയാളാണ് ഞാന്‍. നടനായും ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രൊഡക്ഷന്‍ മാനേജരായും പ്രവര്‍ത്തിച്ചു. മഹാഭാരതം സീരിയലിന്റെ പിന്നണിയില്‍ ഞാനുണ്ടായിരുന്നു, കാസ്റ്റിംഗ് ഡയറക്ടറാ യി. എല്ലാ കഥാപാത്രങ്ങള്‍ക്കും വേണ്ടി ഓഡിഷന്‍ നടത്തി. ശകുനിയായി ഒന്ന്, രണ്ട് പേരുടെ ഓഡിഷന്‍ നടത്തിയത് മേലുദ്യോഗസ്ഥരെ കാണിച്ചു. അവര്‍ അതെല്ലാം തള്ളിക്കളയുകയായിരുന്നു. ശകുനി ആയി അഭിനേതാവിനെ കിട്ടിയില്ലല്ലോ എന്ന് ഞാനാകെ വെപ്രാളപ്പെട്ടു. അപ്പോഴാണ് ആ കഥാപാത്രത്തെ എനിക്കായി നീക്കിവെച്ചതാണ് എന്നവര്‍ തുറന്നുപറഞ്ഞത്.
മുടന്തനായും എല്ലായ്‌പ്പോഴും കറുത്ത വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന ആളായും ശകുനിയെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത് ഗൂഫിയാണ്. ഗൂഫിയുടെ സമര്‍ഥമായ തെരഞ്ഞെടുപ്പുകള്‍ ശകുനിയെ മിഴിവുറ്റതാക്കി. ശകുനിയ്ക്ക് ജീവന്‍ നല്‍കി ഗൂഫി സ്‌ക്രീനില്‍ കത്തിക്കയറിയപ്പോള്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം നിന്ദയും പടികടന്നെത്തി. യഥാര്‍ത്ഥ ജീവിതവും അഭിനയ ജീവിതവും ഇഴ കീറി അറിയാന്‍ പറ്റാത്ത സൂക്ഷ്മത അദ്ദേഹത്തെ കുഴപ്പത്തിലാക്കി. ശകുനിയോടുള്ള വെറുപ്പ് ഗൂഫിയിലേക്കും നീണ്ടു. വിദ്വേഷം പുകയുന്ന എഴുത്തുകള്‍ തേടിയെത്തി.
അഭിനയമികവ് കൂടിപ്പോയത് കൊണ്ടുണ്ടായ തിക്താനുഭവങ്ങളെ ചിരിയോടെ ഗൂഫി പലപ്പോഴും ഓര്‍ത്തെടുത്തിട്ടുണ്ട്. അതിലൊരു സംഭവം ഇങ്ങനെയാണ്;
സഹപ്രവര്‍ത്തകരുമായി ഗൂഫി മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. മഹാഭാരതത്തില്‍ ഭീഷ്മരായി ഒപ്പമുണ്ടായിരുന്ന, പില്‍ക്കാലത്ത് ശക്തിമാനായി ഇന്ത്യന്‍ ടെലിവിഷന്‍ ലോകം അടക്കിവാണ മുകേഷ് ഖന്നയുമായി നല്ല അടുപ്പമായിരുന്നു. ഗുജറാത്തിലെ ഒരു പരിപാടി്ക്ക് ഒരുമിച്ചുപോകാന്‍ ചങ്ങാതിമാര്‍ തീരുമാനിച്ചു. പക്ഷേ, ബുക്ക് ചെയ്ത ട്രെയിന്‍ കിട്ടിയില്ല. ലോക്കല്‍ ട്രെയിനില്‍ കയറേണ്ടി വന്നു. ആരാധകര്‍ മുകേഷ് ഖന്നയ്ക്ക് സീറ്റ് നല്‍കി. എന്നാല്‍, ആ കനിവ് ഗൂഫിയോട് ഉണ്ടായില്ല. ശകുനിയ്ക്ക് സീറ്റില്ലെന്നും നിന്ന് യാത്ര ചെയ്താല്‍ മതിയെന്നുമായി.
ബഹദൂര്‍ ഷാ സഫര്‍,മഹാഭാരതം, ദ്വാരകാധീശ് ഭഗവാന്‍ ശ്രീകൃഷ്ണ, കാനൂന്‍, ഓം നമ ശിവായ്, സി.ഐ.ഡി, ഷ്്...കോയി ഹേ, ജയ് കനയ്യ ലാല്‍ കീ, രാധാകൃഷ്ണ തുടങ്ങി നിരവധി സീരിയലുകള്‍. 1975ല്‍ റഫൂ ചക്കര്‍ സിനിമയിലൂടെ അരങ്ങേറിയ ഗൂഫി ദില്ലഗി, ദേശ് പര്‍ദേശ്, സുഹാഗ് എന്നിങ്ങനെ പല സിനിമകളുടെയും ഭാഗമായി. മഹാഭാരതം സീരിയലിന് ശേഷം ഗൂഫിയുടെ തിരക്ക് പതിന്മടങ്ങായി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും അദ്ദേഹത്തിനായി കഥാപാത്രങ്ങള്‍ കാത്തുനിന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പുറമെ വാര്‍ധക്യസഹജമായ അസ്വാസ്ഥ്യങ്ങള്‍ കൂടി കലശലായപ്പോള്‍ ഗൂഫിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒരാഴ്ചയിലധികം ചികിത്സയിലിരുന്ന ശേഷമാണ് മരണം.
Content Highlights: tribute to gufi paintal
Published: 06 Jun 2023, 12:58 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented