പ്രതീക്ഷയോടെത്തി വമ്പന്‍ പരാജയമാവുക, അതേസിനിമ ഒമ്പതുവര്‍ഷത്തിനുശേഷം റിലീസായപ്പോള്‍ ഹിറ്റാവുകയും ചെയ്യുന്നു. 'സനം തേരി കസം' എന്ന സിനിമയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. 2016-ലാണ് സിനിമ ആദ്യം റിലീസായത്. എട്ടുകോടി രൂപയാണ് അന്നാകെ നേടിയത്. എന്നാല്‍, രണ്ടാമത്തെ വരവില്‍ രണ്ടുദിവസം കൊണ്ട് നേടിയത് 9 കോടിയാണ്.  

സിനിമ ഫെബ്രുവരി ഏഴിന് റി-റിലീസ് ചെയ്തപ്പോള്‍ ചര്‍ച്ചയാവുന്നത് അതിലെ നായിക മാവ്‌റ ഹൊകാനെയാണ്. മാവ്‌റയുടെ വിവാഹം റി-റിലീസിങ്ങിന് രണ്ടുദിവസം മുമ്പ് മാത്രമായിരുന്നു. പാകിസ്താനി ഗായകനും നടനുമായ അമീര്‍ ഗിലാനിയെയാണ് മാവ്‌റ വിവാഹം കഴിച്ചത്.

പാകിസ്താനിലെ കറാച്ചിയിലാണ് മാവ്‌റ ജനിച്ചത്. മാവ്‌റ ഹുസൈന്‍ എന്നാണ് മാതാപിതാക്കളിട്ട പേര്. വലുതായപ്പോള്‍ പേരിനൊരു വ്യത്യസ്തത വേണമെന്ന് തോന്നി. അങ്ങനെ ഹുസൈന്‍ എന്നുള്ളത് ഹൊകാനെ എന്ന് മാറ്റി. സ്‌കൂള്‍പഠനശേഷം യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍നിന്ന് നിയമബിരുദമെടുത്തു. 

എങ്കിലും നിയമത്തിന്റെ വഴിയേക്കാള്‍ അവരെ ആകര്‍ഷിച്ചത് അഭിനയമാണ്. നാടകനടിയായിട്ടാണ് തുടക്കം. അതുകഴിഞ്ഞ് പാകിസ്താനി ചാനലില്‍ വി.ജെ.യായി. അധികം വൈകാതെ ഉറുദുസീരിയലുകളിലും, ബോളിവുഡിലൂടെ ബിഗ് സ്‌ക്രീനിലേക്കും. ആദ്യപടമായിരുന്നു 'സനം തേരി കസം'. സിനിമ ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെ അവരും ബോളിവുഡില്‍നിന്ന് അകന്നുനിന്നു. രണ്ടുവര്‍ഷത്തിനുശേഷം പാകിസ്താനി സിനിമയിലും അരങ്ങേറ്റം കുറിച്ചു. അതിലെ മാവ്‌റയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും, അവസരങ്ങള്‍ അധികം തേടിവന്നില്ല. ഒടുവില്‍ സീരിയലുകളിലേക്ക് തന്നെ തിരിഞ്ഞു. 

ഇന്ന് പാകിസ്താന്‍ ടെലിവിഷനിലെ ഏറെ ജനപ്രിയമായ പേരാണ് മാവ്‌റ. അഭിനയത്തിനൊപ്പം തന്നെ സ്വതന്ത്രമായ നിലപാടുകളാണ് അവരെ വ്യത്യസ്തയാക്കുന്നത്. 2015-ല്‍ റിലീസായ സെയ്ഫ് അലി ഖാന്‍ ചിത്രം 'ഫാന്റം' പാകിസ്താനില്‍ നിരോധിക്കപ്പെട്ടിരുന്നു. ആ തീരുമാനത്തിനെതിരെ സെയ്ഫ് രംഗത്തുവരികയും ചെയ്തു. അതോടെ പാകിസ്താനി താരങ്ങളെല്ലാം സെയ്ഫിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിട്ടു. ആ സമയത്ത് സിനിമയെ അനുകൂലിച്ചുകൊണ്ട് എല്ലാവരെയും ഞെട്ടിച്ചു മാവ്‌റ. സിനിമയെ പിന്തുണച്ചുകൊണ്ടുള്ള മാവ്‌റയുടെ പോസ്റ്റിന്, ക്രൂരവിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. പിന്നാലെ പാകിസ്താന്‍ താരം ഷാന്‍, 'banmawra' എന്ന സോഷ്യല്‍മീഡിയ ഹാഷ്ടാഗ് ട്രെന്‍ഡിനും തുടക്കമിട്ടു. ആളുകള്‍ അതേറ്റെടുക്കുകയും ചെയ്തു. 

2020-ല്‍ ഒരു സീരിയല്‍ സെറ്റില്‍വെച്ചാണ് അമീര്‍ ഗിലാനിയും മാവ്‌റയും പരിചയപ്പെടുന്നത്. അന്നുമുതല്‍ അവര്‍ പ്രണയത്തിലായിരുന്നു. അതിനുശേഷമാണ് വിവാഹിതരാവുന്നതും.