ഒരുകാലത്ത് ബോളിവുഡിന്റെ താരറാണിമാരായ രവീണ ഠണ്ഡന്‍, തബു, മനീഷ കൊയ്‌രാള...90-കളില്‍ ഇവരില്ലാത്ത സിനിമകള്‍ വളരെ കുറവായിരുന്നു, സ്ത്രീപ്രാധാന്യമുള്ള റോളുകളല്ലെങ്കില്‍ പോലും. ബോക്‌സോഫീസില്‍ ഹിറ്റായ പല സിനിമകളുടെയും ഭാഗമായി. പിന്നീട് എപ്പോഴൊക്കെയോ മുഖ്യധാരാ സിനിമകളില്‍നിന്ന് അകന്നുപോയ അവര്‍, പുതിയ വിജയങ്ങള്‍ രചിച്ചുകൊണ്ട് തിരിച്ചുവരവിന്റെ പാതയിലാണ്.
1924: എ ലവ് സ്റ്റോറി, ബോംബെ എന്നീ രണ്ടുസിനിമകള്‍ മാത്രം മതി മനീഷ കൊയ്‌രാള എന്ന അഭിനേത്രിയെ എന്നും ഓര്‍ത്തിരിക്കാന്‍. നേപ്പാളില്‍നിന്നു വന്ന് ഹിന്ദിസിനിമയും ദക്ഷിണേന്ത്യന്‍ സിനിമയും കീഴടക്കിയ കഥയാണവരുടേത്. അഗ്നിസാക്ഷി, ഗുപ്ത്, കമ്പനി, ഏക് ഛോട്ടി സി ലവ് സ്റ്റോറി, അകേലേ ഹം അകേലേ തും, ഇന്ത്യന്‍, ഖാമോഷി, ദില്‍ സെ, മുതല്‍വന്‍...മലയാളത്തില്‍ ഇലക്ട്ര, ഇടവപ്പാതി എന്നീ സിനിമകളിലും മനീഷ പ്രത്യക്ഷപ്പെട്ടു.
അതിനുശേഷം മനീഷയുടേതെന്ന് എടുത്തുപറയാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ കുറവായിരുന്നു. ഇപ്പോള്‍ 'ഹീരമാണ്ഡി: ദി ഡയമണ്ട് ബസാര്‍' എന്ന ടെലിവിഷന്‍ സീരീസിലൂടെ ഗംഭീര മടങ്ങിവരവ് നടത്തിയിരിക്കുകയാണ് മനീഷ. പഴയ മനീഷയില്‍നിന്നും അവരുടെ രൂപത്തിലും അഭിനയത്തിലുമൊന്നും ഒരുമാറ്റവും വന്നിട്ടില്ലെന്ന് 'ഹീരമാണ്ഡി' രേഖപ്പെടുത്തുന്നു. ''വളരെ ഭംഗിയായിട്ടാണ് ആ കഥാപാത്രം ചെയ്തത്. ആ കഥാപാത്രത്തിന് ആത്മാവ് നല്‍കി'', മനീഷയുടെ അഭിനയം കണ്ട അഭിനേത്രി രേഖ ഇങ്ങനെ അഭിപ്രായപ്പെട്ടു.

മൊഹ്‌റ, ദില്‍വാലേ, ലാഡ്‌ല, മേ ഖിലാഡി തൂ അനാരി, ഖിലാഡിയോം കാ ഖിലാഡി, ബഡേ മിതാ ഛോട്ടെ മിയാ, അന്ദാസ് അപ്‌നാ അപ്‌നാ...ഈ ഹിറ്റ് ചിത്രങ്ങളിലെല്ലാം രവീണയായിരുന്നു നായിക. നായിക എന്നതില്‍നിന്ന് മാറി, അഭിനയസാധ്യതയുള്ള സിനിമകളായിരുന്നു രണ്ടാമത്തെ വരവില്‍ അവര്‍ തിരഞ്ഞെടുത്തത്.
2021-ല്‍ നെറ്റ്ഫ്‌ളിക്‌സിലെ അരണ്യക് എന്ന ത്രില്ലര്‍ സീരീസിലെ കഥാപാത്രം രവീണയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. അതിനുശേഷം കെ.ജി.എഫ് 2-ലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ഡിസ്‌നി-ഹോട്ട്‌സ്റ്റാറില്‍ 2024-ല്‍ റിലീസ് ചെയ്ത 'പട്‌ന ശുക്ല' സ്ത്രീകേന്ദ്രീകൃതസിനിമയാണ്. അതിലെ പ്രധാനകഥാപാത്രവും രവീണ തന്നെ. സിനിമ ഒരുപാട് വിജയിച്ചില്ലെങ്കിലും, രവീണയുടെ അഭിനയത്തെ നിരൂപകരെല്ലാം ഒരുപോലെ അഭിനന്ദിച്ചു.
തബു ബോളിവുഡില്‍ മാത്രം ഒതുങ്ങിനിന്നില്ല. അവിടുന്ന് തമിഴിലേക്കും മലയാളത്തിലേക്കുമെത്തി. കൂലി നമ്പര്‍ വണ്‍, പ്രേം, വിജയ്പഥ്, കാതല്‍ദേശം, കാലാപാനി, ബോര്‍ഡര്‍, ഇരുവര്‍, ചാച്ചി 420, ജീത്ത്, ബീവി നമ്പര്‍ വണ്‍, ഹേരാ ഫേരി, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ചാന്ദ്‌നി ബാര്‍...അക്കാലത്തെ മുന്‍നിരനായകന്‍മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചു.

ഒരിടവേളയ്ക്കുശേഷം തബുവിന്റെ ശക്തമായ വേഷം കണ്ടത് ദൃശ്യം 2(ഹിന്ദി)ലാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ക്രൂ എന്ന സിനിമയിലും തബുവിന് നല്ല വേഷമാണ്. മൂന്ന് എയര്‍ഹോസ്റ്റസുമാരുടെ കഥ പറയുന്ന സിനിമയില്‍, കരീന കപൂര്‍, കൃതി സെനോണ്‍ എന്നിവരാണ് തബുവിനൊപ്പം എത്തുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ, ഏറ്റവും കൂടുതല്‍ പണംവാരിയ സിനിമകളില്‍ ക്രൂവും ഉള്‍പ്പെടുന്നു. തന്റെ പ്രായത്തിനനുസരിച്ചുള്ള റോളില്‍ തബു മികച്ചുനില്‍ക്കുന്നുവെന്നാണ് നിരൂപകര്‍ അഭിപ്രായപ്പെടുന്നത്.
Content Highlights: bollywood actors raveena tandon, manisha koirala and tabu is coming back
Published: 07 May 2024, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented