മിഡ്ലൈഫ് ക്രൈസിസ് എന്നൊക്കെ വിളിക്കാവുന്ന ചില ആശങ്കകൾ തുടങ്ങുന്ന സമയമാണ് മുപ്പതുകളുടെ രണ്ടാം പകുതി എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിന്റെ നട്ടുച്ച നേരമാണ് മുപ്പതുകൾ എന്ന് പറയാം. പൊള്ളിക്കുന്ന സൂര്യൻ തലയ്ക്ക് മുകളിൽ നിൽക്കുന്ന നേരം, നിഴലുപോലും കൂടെ നടക്കാത്ത സമയം.

പക്ഷേ, ഈ കനൽക്കാലം എന്നെയിപ്പോൾ ഉരുക്കുന്നില്ല. എരിവെയിലും നിലാവ് പോലെ തോന്നിക്കുന്നു. ജീവിതം അതിന്റെ മുഴുവൻ മധുരവും പകർന്നുതന്ന് പഴയ മുറിവുകളുടെ വേദന മറക്കാൻ കൂട്ടിരിക്കുകയാണ്. എനിക്ക് മാത്രമല്ല, ഏറ്റവും അടുത്തുനിൽക്കുന്ന എല്ലാ പെണ്ണുങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട കാലം ജീവിതത്തിന്റെ ഈ നട്ടുച്ചയാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വീണുപോകുമോ എന്ന ഭയം ഇപ്പോൾ ബാധിക്കുന്നില്ല. എത്തേണ്ടിടത്ത് തന്നെയാണ് എത്തിയത് എന്നും കുറേക്കൂടി ഉറച്ചുനിൽക്കാൻ പാകത്തിൽ കാലുകൾക്ക് ബലം ഏറിവരികയാണ് എന്നും തോന്നുന്നുണ്ട്. ആ തോന്നൽ തനിയെ ഉണ്ടായതല്ല. വേണ്ടാത്തതിൽനിന്നൊക്കെ വലിച്ചു പുറത്തിട്ടും വേണ്ടതിലേക്ക് വീണ്ടും വീണ്ടും വഴിതിരിച്ചുവിട്ടും കാലവും ചില മനുഷ്യരും സദാ കൂടെ നടക്കുന്നതുകൊണ്ടാണ്.

നമ്മുടെ നാട്ടിലെ സാധാരണ രീതി അനുസരിച്ച് ഇരുപതുകളുടെ അവസാനമെങ്കിലും സ്ത്രീകൾ വിവാഹം കഴിക്കും. മുപ്പതുകളുടെ പകുതി ആകുമ്പോഴേക്കും കുട്ടികൾക്ക് അഞ്ചു വയസ്സിൽ കൂടുതൽ പ്രായമെത്തും. ഞാനും അതേ പാറ്റേണിൽ ജീവിച്ച സ്ത്രീയാണ്. വിവാഹം, കുഞ്ഞ് എന്നിങ്ങനെയുള്ള തീരുമാനങ്ങൾ പൂർണമായും എന്റേതായിരുന്നു. അതായത് എപ്പോൾ വിവാഹം കഴിക്കണം, ആരെയാണ് വിവാഹം കഴിക്കേണ്ടത്, എപ്പോൾ കുഞ്ഞു വേണം എന്നിങ്ങനെയുള്ള ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ പൂർണമായും എന്റെ ചോയ്‌സ് ആയിരുന്നു. എന്നിട്ടും, പഠനം, കരിയർ, വീട്, കുഞ്ഞ് എന്നിങ്ങനെ വലിയ കാര്യങ്ങൾ ഒരുമിച്ച് ചുമക്കാൻ എല്ലാ സ്ത്രീകളെയും പോലെ ഞാനും നിർബന്ധിതയായിരുന്നു. സ്വന്തം തിരഞ്ഞെടുപ്പുകൾ ആയിരുന്നു എന്നതുകൊണ്ട് ഒന്നും എളുപ്പമാവുന്നില്ല എന്ന് മാത്രമല്ല, ജീവിതം കൂടുതൽ സംഘർഷഭരിതമാവുകയാണ് ചെയ്തത്. നമ്മുടെ ജീവിതം നമ്മുടെ തീരുമാനങ്ങൾ ആകുമ്പോൾ സപ്പോർട്ട് സിസ്റ്റം കുറയും. നിന്റെ തീരുമാനമല്ലേ, അതിന്റെ ഫലവും നീയാണ് അനുഭവിക്കേണ്ടത് എന്ന നിസംഗതയാണ് ചുറ്റും കാണുക.

അങ്ങനെ നോക്കുമ്പോൾ ഏറ്റവും പൊള്ളിച്ച കാലം ഇരുപതുകളാണ്. ഒന്നും മാറ്റി വയ്ക്കാൻ പറ്റില്ല, എല്ലാം ഒരുമിച്ചു കൊണ്ടുപോവാനും സാധിക്കില്ല. ചുറ്റുമുള്ള സകലതും ആവശ്യപ്പെടുന്നത് നമ്മുടെ സമയവും ശ്രദ്ധയുമാണ്. ആ ഘട്ടം കടന്നുകിട്ടിയാൽ എത്തുന്ന മുപ്പതുകളിൽ സ്ത്രീകൾ കുറേക്കൂടി സമാധാനം അനുഭവിക്കുന്നതാണ് കണ്ടിട്ടുള്ളത്. നമ്മളെ ആശ്രയിക്കുന്ന മനുഷ്യരുടെ എണ്ണം കുറയുന്നതാണ് അതിനൊരു കാരണം. കുട്ടികൾ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരായിട്ടുണ്ടാവും. കരിയർ ഫോക്കസ് ചെയ്യാനും തീരുമാനങ്ങൾ എടുക്കാനുമുള്ള സ്വാതന്ത്ര്യം പലർക്കും കിട്ടുന്നത് ഈ പ്രായത്തിലാണ്. സമയം മാറ്റിവയ്ക്കാൻ ഇല്ലാത്തതുകൊണ്ട് അന്നുവരെ മാറ്റിവെച്ച പലതും അവർ ചെയ്തു തുടങ്ങും. നെറ്റിയിലെ പൊട്ടുമുതൽ കാൽനഖങ്ങളിലെ നെയിൽപോളിഷ് വരെ അത് സാക്ഷ്യപ്പെടുത്തും.

എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനങ്ങൾ എടുത്തിട്ടുള്ളത് മുപ്പത് മുതൽ മുപ്പത്തിയഞ്ച് വയസ് വരെയുള്ള കാലത്താണ്. അതിലൊന്ന് കരിയർ സംബന്ധമായ വിഷയത്തിലാണ്. ഒട്ടും വിസിബിൾ അല്ലാത്ത ഒരു ചെറിയ ജീവിതം വലിയ രീതിയിൽ വാലിഡ് ആകുമായിരുന്ന ഒരു അവസരം വേണ്ടെന്നുവച്ചത് ഈ സമയത്താണ്. അത്തരം വാലിഡേഷനുകളേക്കാൾ ഒക്കെ വലുതാണ് സമാധാനം എന്ന് തോന്നി. ആ തീരുമാനം തെറ്റിയില്ല എന്ന് ഓരോ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിലാവുന്നുമുണ്ട്. മറ്റൊന്ന്, സ്‌നേഹം എന്ന് തോന്നിപ്പിക്കുന്ന ഒന്നിലും പോയി ഒട്ടുന്നില്ല എന്ന് തീരുമാനിച്ചതാണ്. നിരുപാധിക സ്‌നേഹം എന്ന് കരുതിയിരുന്നതൊക്കെ അബദ്ധങ്ങൾ ആയിരുന്നു എന്ന് മനസ്സിലാക്കുകയും അത്തരം അബദ്ധങ്ങളിൽ നിന്ന് തിരിഞ്ഞു നടക്കാൻ തീരുമാനിക്കുകയും ചെയ്തു. ആ പിന്നാക്ക നടത്തം ഒട്ടും എളുപ്പമായിരുന്നില്ല. സ്നേഹം ഏത് ജീവിക്കാണ് മതിയാവുക? പക്ഷേ അതിനോടുള്ള അടങ്ങാത്ത കൊതി കൊണ്ടിട്ടത് മുഴുവൻ കുഴികളിലായിരുന്നു. സൂക്ഷിക്കണം എന്ന് തോന്നി തുടങ്ങുമ്പോൾ വേണ്ടെന്ന് വയ്ക്കാൻ പഠിക്കും. അങ്ങനെ ഇവിടെയെത്തി നിൽക്കുമ്പോൾ, സ്‌നേഹമോ പരിഗണനയോ ശ്രദ്ധയോ ആഗ്രഹിച്ചുകൊണ്ട് ആരുടെയും പുറകെ പോവില്ല എന്നുറപ്പിച്ചു. അർഹത ഇല്ലാത്തതുകൊണ്ടല്ല, ആത്മസ്‌നേഹമുള്ളതുകൊണ്ട്. ആത്മരതിയോളം വളരുന്ന ആ സ്‌നേഹം സ്ത്രീകളിൽ പ്രകടമായി കാണുന്ന സമയം കൂടിയാണ് ഈ നട്ടുച്ച.

എത്ര സമാധാനമുള്ള വീടുണ്ടെങ്കിലും അതിനു പുറത്ത് ഒരു ലോകം സ്ത്രീകൾ നിർബന്ധമായും ഉണ്ടാക്കിയെടുക്കണം എന്ന് തോന്നിയതും ഈ കാലത്താണ്. വെറുതെയിരുന്നാലും ആരും ചോദ്യം ചെയ്യാത്ത ഒരു സ്‌പേസ് ആണ് നിങ്ങളുടെ വീട് എങ്കിലും ബദൽ ലോകം ആവശ്യമാണ്. പങ്കാളി, കുട്ടികൾ, വീട് എന്ന വൃത്തത്തിന് ഒരു പരിധിയിൽ കൂടുതൽ വിസ്തീർണ്ണം വരികയില്ല. അതിനു പുറത്തും സന്തോഷങ്ങളുണ്ട്, സാധ്യതകളും.

എന്നെ ഞാൻ അർഹിക്കുന്ന രീതിയിൽ ഉൾക്കൊള്ളാൻ പാകത്തിൽ വീടുപരുവപ്പെടുത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും എന്റെ ദിനചര്യകൾ എനിക്ക് നിശ്ചയിക്കാനാവില്ല. അത് വീട്ടിലുള്ള മറ്റുള്ളവരുടെ ജീവിതത്തിന് അനുസരിച്ച് എനിക്ക് ക്രമീകരിക്കേണ്ടതുണ്ട്. അതൊരു അസ്വാതന്ത്ര്യം തന്നെയാണ്. പക്ഷേ എന്റെ സമാധാനത്തിനും സമയത്തിനും മുൻഗണന കൊടുക്കാനുള്ള സാഹചര്യമുണ്ട്. അങ്ങനെ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ വർഷങ്ങളുടെ ശ്രമം വേണ്ടി വന്നെങ്കിലും.

ഇത്രയും അനുകൂലാന്തരീക്ഷം ഉണ്ടെങ്കിലും ഒരു ശൂന്യത അനുഭവപ്പെട്ടിരുന്നു. പതുക്കെ പതുക്കെ ഈ കംഫർട്ട് ഫോണിൽ നിന്ന് പുറത്തുകടന്നു. പുറത്ത് ചെറിയ സൗഹൃദ വലയമുണ്ടായി. എല്ലാവരും മുപ്പത് കഴിഞ്ഞവർ, സ്ത്രീകൾ. ഒരേ വേദന കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടവരും ഒരേ സന്തോഷങ്ങൾകൊണ്ട് തമ്മിലടുത്തുനിന്നവരുമായ പെണ്ണുങ്ങൾ.

മിക്കവരും കരിയർ ഉപേക്ഷിക്കേണ്ടി വന്നവരാണ്. ആ തീരുമാനം അവരുടെ ചോയ്‌സ് ആയിരുന്നില്ല, ഗതികേടായിരുന്നു. ടീച്ചറും നേഴ്‌സും വക്കീലും ഒക്കെയുണ്ട് കൂട്ടത്തിൽ. തങ്ങളേക്കാൾ കുടുംബത്തിന്, അതിനകത്തെ മനുഷ്യരുടെ ആശ്വാസത്തിന് മുൻഗണന കൊടുത്ത്, ഒരിക്കൽ വളരെ പ്രിയപ്പെട്ടതായിരുന്ന ജോലിയും ഇടവും മനുഷ്യരെയും വേണ്ടെന്ന് വെച്ചതാണ് അവരൊക്കെ.

ആ മനുഷ്യരാണ് കാലങ്ങൾക്ക് ശേഷം സൗഹൃദം, അഭയം, സമാധാനം എന്നൊക്കെയുള്ള വാക്കുകൾ ഓർമിപ്പിക്കുന്നത്. സൗഹൃദങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവായിരുന്ന ജീവിതം ആയിരുന്നു ഇതുവരെ. ഇപ്പോൾ വയ്യ എന്നോ മടുത്തു എന്നോ തോന്നുമ്പോൾ ഇറങ്ങി ചെല്ലാൻ മനുഷ്യർ ഉള്ളത് ചെറിയ ആശ്വാസമല്ല. അതേസമയം കുറച്ചു സമയത്തേക്ക് മാറിനിൽക്കുകയാണ്, വരാൻ തോന്നുമ്പോൾ വരാം എന്ന് പറഞ്ഞാലും അവർക്കത് മനസിലാവുന്നുണ്ട്. പോയത് പോട്ടെ, നമുക്ക് സമാധാനമല്ലേ വലുത് എന്ന് ഓരോ ശ്വാസത്തിലും ഓർമ്മിപ്പിക്കുന്നവരാണ് അവർ.

ജോലി ഉപേക്ഷിച്ചതുകൊണ്ടോ അവസരങ്ങളും പുറംലോകവും ദൂരെയായതുകൊണ്ടോ അഭിപ്രായങ്ങൾ ഇല്ലാതെയാവുന്നില്ല. കൃത്യമായ അതിരുകൾ ബന്ധങ്ങളിലും മനുഷ്യരിലും വയ്ക്കാനും, വേണ്ടാത്തത് വേണ്ട എന്ന് ഉറച്ചു പറയാനും, കുട്ടികൾക്കും കുടുംബത്തിനും വേണ്ടത് വേണ്ടപ്പോൾ കൊടുക്കാനും അറിയുന്നവരാണ് എല്ലാവരും. ആരുമില്ലെങ്കിലും എന്തില്ലെങ്കിലും ജീവിച്ചേ പറ്റൂ എന്ന വാശിയാണ് അവരുടെ ഇന്ധനം. ആ ധൈര്യം ഞാൻ എന്റെ പെണ്ണുങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂ. അതുകൊണ്ടാണ് ഒരുകാലം വരെ പേടിയോടെ കണ്ടിരുന്ന പെൺകൂട്ടത്തിൽ ഇത്രയും സുരക്ഷിതത്വം തോന്നുന്നത്. ഹാപ്പിലി ഏയ്ജിങ് എന്ന ഘട്ടത്തിലാണ് ഞങ്ങളിപ്പോൾ ഉള്ളത്. ഒരേ സ്വരത്തിൽ സമാധാനം എന്നുരുവിടുന്ന, വളരെ ചെറിയ ജീവിതം സൂക്ഷ്മതയോടെ ജീവിക്കുന്ന പെണ്ണുങ്ങൾ.

മാതാപിതാക്കളുടെ അനാരോഗ്യം, സ്വന്തം ആരോഗ്യം, കുട്ടികളുടെ പഠനം, പങ്കാളിയുടെ സമ്മർദ്ദങ്ങൾ, ഇറങ്ങി പോന്നതും വന്നുകയറിയതുമായ രണ്ടു വീടുകൾ ഒരേ സമയം കൊണ്ടുനടക്കുന്നതിന്റെ വ്യഥകൾ, ഹോർമോൺ അസന്തുലിതാവസ്ഥകൾ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങി അസംഖ്യം കല്ലുകളിൽ തട്ടിയും വീണും മുറിഞ്ഞും മുന്നോട്ടുതന്നെ പായുന്നവർ.

ഇതിനിടയിലും ഞങ്ങൾ ഒരുമിച്ചിരിക്കാൻ നേരം കണ്ടെത്തുന്നു. പരസ്പരം നോക്കുമ്പോൾ അതിസുന്ദരികളാണെന്ന് തോന്നുന്നു. ഒരാളുടെ സങ്കടങ്ങൾ മുഴുവൻ പേരുടെയും സങ്കടമാകുന്നു. എന്താവശ്യത്തിനും പരസ്പരം തുണയാവുന്നു. എങ്ങനെയൊക്കെ പരസ്പരം സന്തോഷിപ്പിക്കാം എന്നും എവിടെയൊക്കെയാണ് സന്തോഷം ഉള്ളത് എന്നും തിരഞ്ഞു പോകുന്നു. ഞങ്ങളുടെ കുട്ടികൾ തമ്മിലും ഇതേ സ്‌നേഹം വളരുന്നത് കണ്ട് സന്തോഷം തോന്നുന്നു.

ഞങ്ങളുടെ ജീവിതവും സമയവും വാലിഡ് ആണ് എന്ന് ഉറപ്പു കിട്ടിത്തുടങ്ങിയിരിക്കുന്നു. എത്ര വലിയ അവസരമാണെങ്കിലും സമാധാനം തരാത്ത ഒന്നും ജീവിതത്തിൽ വേണ്ടെന്ന് തന്നെ ഉറപ്പിച്ചു പറയുന്നു. ചിലതൊക്കെ വേണമെന്ന് പറയുമ്പോൾ അതുകൊണ്ട് എന്താ ഗുണമെന്ന ചോദ്യങ്ങളെ ഗുണമില്ലെങ്കിലും വേണമെന്ന തോന്നൽ പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന മറുപടി കൊണ്ട് നിശബ്ദമാക്കുന്നു. ലോകത്തെ സകല മനുഷ്യരെയും സന്തോഷിപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതത്തിന് ഒട്ടും നിറമില്ലെന്ന് കൂടി തിരിച്ചറിയുന്ന പെണ്ണുങ്ങൾ എത്തിനിൽക്കുന്നത് ഏറ്റവും ശാന്തമായ ഒരു തിരിവിലാണ്. ഇതിനപ്പുറത്ത് എന്താണെങ്കിലും കടന്നുവന്ന അത്രയും പ്രയാസങ്ങൾ ഉണ്ടാവില്ലല്ലോ എന്നവർ തമ്മിൽ പറഞ്ഞു ചിരിക്കുന്നു.

വേണ്ടതൊക്കെ ഒരുക്കി കൊടുത്തു ശീലിച്ചവർ തങ്ങൾക്ക് വേണ്ടത് കൂടി എത്തിപ്പിടിക്കുന്നതിന്റെ സുഖമുണ്ട് ഈ മിഡ് ലൈഫ് സ്റ്റേജിന്. ജീവനും ജീവിതവും മുഴുവൻ ഒന്നിനുവേണ്ടിയും പണയപ്പെടുത്തേണ്ടതില്ല എന്ന തിരിച്ചറിവിന്റെ അനായാസത അവരുടെ ഒഴുക്കിനുണ്ടാകും. ആ ഒഴുക്കിൽ കൂടെ ചേരാൻ പറ്റാത്തവർ അത് തടയാനും ശ്രമിക്കരുത്. മാറിയിരുന്ന് കാണുക. തെളിഞ്ഞും തീരം തൊട്ട് നനച്ചും അവരാ ഒഴുക്ക് തുടരട്ടെ.

വനിതാദിനാശംസകൾ!

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi