ശത്രുക്കളെ വിറപ്പിക്കുന്ന ഗുണ്ടാനേതാവാണ് മുരളീശ്വര്‍ ശര്‍മ്മ എന്ന മുന്നാഭായി. കൂട്ടിന് വാലുപോലെ സര്‍ക്യൂട്ട് എന്ന ചങ്ങാതി. മുന്നയ്ക്ക് ആകെ പേടി അച്ഛനെയാണ്. വല്ലപ്പോഴും ഗ്രാമത്തില്‍ നിന്ന് മുന്നയെ കാണാനെത്തുന്ന അച്ഛനമ്മമാര്‍ക്ക് മുന്നില്‍ മുന്ന ഡോക്ടറായി നടിക്കും. അതിന് ഒരു മുഴുവന്‍ ഹോസ്പിറ്റല്‍ തന്നെ തട്ടിക്കൂട്ടും. ഏത് കള്ളവും ഒരിക്കല്‍ പൊളിയുമല്ലോ. അതുപോലെ മുന്നയുടെ കള്ളിയും പൊളിയും. പിനീട് മുന്ന ചതിയിലൂടെ എം.ബി.ബി.എസ്. നേടാന്‍ ശ്രമിക്കുന്നതും ഡോക്ടറാകാന്‍ നോക്കുന്നതുമാണ് 'മുന്നാഭായി എം.ബി.ബി.എസ്' എന്ന സിനിമയുടെ പ്രമേയം. 2003-ല്‍ പുറത്തിറങ്ങിയ സിനിമ 330 മില്യണ്‍ നേടി വന്‍ വിജയമായി. അതായിരുന്നു രാജ്കുമാര്‍ ഹിരാനി എന്ന സംവിധായകന്റെ തുടക്കം. ആദ്യ സിനിമയ്ക്ക് തന്നെ ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം. മികച്ച തിരക്കഥയ്ക്കുള്ള ഫിലിംഫെയര്‍.
2006-ല്‍ 'മുന്നാഭായി'യുടെ രണ്ടാം ഭാഗമിറങ്ങി. ഇത്തവണയും ഗുണ്ടാ നായകന്‍ ജനപ്രിയ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ഹിരാനിക്ക് നേടിക്കൊടുത്തു. 1.2 ബില്യണ്‍ വരുമാനവും നേടി. മികച്ച സിനിമയ്ക്കും കഥയ്ക്കും ഡയലോഗിനുമുള്ള ഫിലിംഫെയര്‍(ക്രിട്ടിക്‌സ്) ഹിരാനി സ്വന്തമാക്കി.

2009-ല്‍ ഹിരാനിയുടെ അടുത്ത സിനിമ ഫിലിംഫെയറുകള്‍ തൂത്തുവാരി. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച കഥ, മികച്ച തിരക്കഥ... മികച്ച ജനപ്രിയ ചിത്രത്തിനുള്ള മൂന്നാം ദേശീയപുരസ്‌കാരവും. 4.6 ബില്യണ്‍ നേടിയ ഈ സിനിമയാണ് 'ത്രീ ഇഡിയറ്റ്‌സ്'. മൂന്ന് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ ജീവിതവും സൗഹൃദവും സിനിമയുടെ വിഷയമായി. ഇന്ത്യയിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി 'ത്രീ ഇഡിയറ്റ്‌സ്' വിലയിരുത്തപ്പെടുന്നു.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണു അടുത്ത സിനിമ വന്നത്. 2014-ല്‍ പുറത്തിറങ്ങിയ 'പികെ.' അന്യഗ്രഹജീവിയായ നായകനായി ആമിര്‍ ഖാന്‍ തകര്‍ത്തഭിനയിച്ച 'പികെ.'യാണ് ഇന്ത്യയില്‍ ആദ്യമായി 300 കോടി വരുമാനം നേടിയ ആദ്യ സിനിമ. 7 ബില്യണ്‍ നേടിയ ആദ്യ ഇന്ത്യന്‍ ചിത്രവുമാണ് 'പികെ'. 2014-ല്‍ ലോകത്തേറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 70-ാമത്തെ ചിത്രമായും 'പി.കെ' മാറി. ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അഞ്ചാമത്തെ ഇന്ത്യന്‍ ചിത്രം, ഇന്ത്യയില്‍ നിന്ന് മാത്രം ഏറ്റവുമധികം കളക്ഷന്‍ നേടിയ ഏഴാമത്തെ ചിത്രം എന്നീ പെരുമകളും 'പികെ'യ്ക്ക് സ്വന്തം.

നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന 'സഞ്ജു' എന്ന ബയോപിക്കുമായി 2018-ല്‍ ഹിരാനി വീണ്ടും ഹിറ്റൊരുക്കി. ഇത്തവണ അഞ്ഞൂറ് കോടിയിലധികം നേട്ടം. ഹിരാനിക്ക് മികച്ച സിനിമക്കും മികച്ച സംവിധായകനുമുള്ള ഫിലിം ഫെയര്‍. ആ വര്‍ഷം റിലീസ് ചെയ്തതില്‍ ഏറ്റവും വലിയ വിജയം 'സഞ്ജു'വിനായിരുന്നു. ഏറ്റവുമധികം വരുമാനം നേടിയ ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ 'സഞ്ജു' ഇടം നേടി.
ഷാരൂഖ് ഖാന്‍ നായകനായ 'ഡന്‍കി' ആണ് ഹിരാനിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. ലോകവ്യാപകമായി 470 കോടി നേടിയ ചിത്രം അനധികൃത കുടിയേറ്റം എന്ന വിഷയമാണ് കൈകാര്യം ചെയ്തത്.

മുന്നാഭായി എം.ബി.ബി.എസ് (2003), ലഗേ രഹോ മുന്നാഭായി (2006), 3 ഇഡിയറ്റ്‌സ് (2009),പി.കെ (2014),സഞ്ജു (2018), ഡന്‍കി (2023) എന്നിങ്ങനെ ആറ് സിനിമകളാണ് രാജ്കുമാര്‍ ഹിരാനി എന്ന സംവിധായകന്‍ ചെയ്തിട്ടുള്ളത്. ആറും വമ്പന്‍ ഹിറ്റുകള്‍. ഹിരാനിയുടെ സിനിമ റിലീസ് ചെയ്താല്‍ അക്കൊല്ലം ഏറ്റവും പണമുണ്ടാക്കുന്നത് ആ സിനിമ തന്നെയാകുമെന്ന് ബോളിവുഡിന് ഉറപ്പാണ്.
നിര്‍മാതാക്കള്‍ക്ക് ഏറ്റവും വിശ്വാസമുള്ള സംവിധായകന്‍ ഹിരാനിയായതില്‍ അത്ഭുതമില്ല
Content Highlights: the directorial career of rajkumar hirani
Published: 22 Nov 2024, 03:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented