
വേതാളം, നടി സുരഭി സന്തോഷിന് പ്രേക്ഷകര്‍ നല്‍കിയ പുതിയ പേരാണിത്. പവിത്രം സീരിയലും അതിലെ വിക്രമിന്റെയും വേദയുടെയും വഴക്കും പ്രണയവുമൊക്കെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിക്രമിന്റെ ജീവിതത്തില്‍നിന്നും ഒഴിഞ്ഞുപോകാന്‍ തയ്യാറാവാത്ത, നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന വേദയായി വന്നതാവട്ടെ സിനിമാതാരം സുരഭി സന്തോഷാണ്. സീരിയല്‍ ഹിറ്റായതോടെ വിവാഹിതയായി ഒരുവര്‍ഷമാവുന്ന സുരഭിയുടെ വിവാഹ വീഡിയോവരെ സോഷ്യല്‍മീഡിയയില്‍ നിന്ന് കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. വക്കീലും നര്‍ത്തകിയും കൂടിയായ സുരഭിയെ വിവാഹം ചെയ്തത് ബോളിവുഡ് ഗായകനായ പ്രണവ് ചന്ദ്രനാണ്.
കുഞ്ചാക്കോബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ, ജയറാമിന്റെ മൈ ഗ്രേറ്റ്ഗ്രാന്റ് ഫാദര്‍, സെക്കന്റ് ഹാഫ്, ഹാപ്പി സര്‍ദാര്‍, നാലാം മുറ...തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് ഈ നായിക. ധ്യാന്‍ ശ്രീനിവാസന്റെ നായികയായി അഭിനയിച്ച 'ആപ് കൈസേ ഹോ' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഒരേ സമയം സിനിമയിലും സീരിയലിലും തിളങ്ങുന്ന സുരഭി ഏറെ പ്രതീക്ഷയിലാണ്.
''ഒരുപാട് സന്തോഷമുണ്ട്. കരിയറില്‍ വലിയൊരു ചുവടെടുത്തുവെക്കുമ്പോള്‍ അത് വിജയകരമായില്ലെങ്കില്‍ ബുദ്ധിമുട്ടും വിഷമവുമാകുമല്ലോ. അതുകൊണ്ട് നന്നായി ആലോചിച്ചശേഷമാണ് സീരിയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. 'പവിത്ര'ത്തിന്റെ കഥയും എന്റെ കഥാപാത്രത്തെക്കുറിച്ചും കേട്ടപ്പോള്‍ ആവേശം തോന്നി. അതുവരെ കണ്ടുവന്ന നായികമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് വേദ. എന്നാല്‍ ഇങ്ങനെയൊരു നായികയെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ, അഹങ്കാരിയായി കാണുമോ എന്നൊക്കെയായിരുന്നു സംശയം. നെഗറ്റീവ് കമന്റുകള്‍ വരുമോ എന്ന പേടി. പക്ഷേ, പ്രേക്ഷകര്‍ എന്നെ കൈവിട്ടില്ല. ഞങ്ങളുടെ സീരിയലിനെ ഇരുകൈയുംനീട്ടി സ്വീകരിച്ചു.
വേദയെപ്പോലെ ഞാനും
വേദ ബോള്‍ഡാണ്. എപ്പോഴും കരയുന്ന ദു:ഖനായികയല്ല. തെറ്റുകണ്ടാല്‍ അപ്പോള്‍ പ്രതികരിക്കും. അങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് വേദയ്ക്ക്. ഞാന്‍ കണ്ടുവളര്‍ന്ന സ്ത്രീകളായാലും ആരും 'അയ്യോ പാവം' എന്ന മട്ടിലുള്ളവരല്ല. എന്റെ അമ്മയും അമ്മമ്മയുമൊക്കെ കരുത്തരായ സ്ത്രീകളാണ്. എനിക്കും അങ്ങനെയുള്ള കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കണമെന്നുണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞാലും സീരിയലായാലും സിനിമയായാലും അറിഞ്ഞോ അറിയാതെയോ പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ട്. അപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്ല സന്ദേശമല്ലേ കൊടുക്കേണ്ടത്. എല്ലാ വിഷമതകളും സഹിച്ചാലേ നല്ലൊരു മരുമകളാവൂ എന്നില്ലല്ലോ. എവിടെയാണോ തെറ്റ്, അത് ചൂണ്ടിക്കാണിക്കുന്നതാണ് ശരി. ഒത്തിരി ഇഷ്ടത്തോടെ ചെയ്യുന്ന വേഷമാണിത്. നല്ല തൃപ്തിയുണ്ട്.

പവിത്രമായ വിവാഹസമ്മാനം
വിവാഹശേഷം മുംബൈയിലേക്ക് ഞങ്ങള്‍ താമസം മാറ്റിയിരുന്നു. അതുകൊണ്ട് അഭിനയത്തിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടാവുമെന്നാണ് കരുതിയത്. കല്യാണത്തിനുമുമ്പ് തന്നെ ഭര്‍ത്താവിനോടും വീട്ടുകാരോടും അഭിനയിക്കാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. എനിക്ക് ഇഷ്ടപ്പെടുന്ന പ്രോജക്ട് വന്നാല്‍ ചെയ്യുമെന്നും പറഞ്ഞു. ഭാര്യയായാലും ഭര്‍ത്താവായാലും 'എനിക്ക് വേണ്ടി നിന്റെ പാഷന്‍ മറക്കൂ', എന്ന് പറയുന്ന രീതിയോട് ഞാന്‍ യോജിക്കുന്നില്ല. എന്റെ ഇഷ്ടം മനസ്സിലാക്കി അദ്ദേഹവും കുടുംബവും കൂടെനിന്നു. പയ്യന്നൂരാണ് പ്രണവിന്റെ നാട്. എല്ലാവരും തെറ്റിധരിച്ചിരിക്കുന്നത് ഞങ്ങളുടെത് പ്രണയവിവാഹമാണെന്നാണ്. ഒരേ മേഖലയിലായതുകൊണ്ട് പലരും അങ്ങനെ ചോദിക്കാറുണ്ട്. അദ്ദേഹം ചെയ്ത കവര്‍ സോങ്ങുകളില്‍ 'ക്യാ ഹവാ തേരാ വാദാ' എന്ന പാട്ട് ഒരുപാട് ഇഷ്ടമാണ്.
'പവിത്ര'ത്തിന്റെ പ്രോമോ ഷൂട്ട് മറ്റ് അഭിനേതാക്കളെ വെച്ച് ചെയ്തിരുന്നതാണ്. അതില്‍ തൃപ്തിയാവാതെ റീകാസ്റ്റ് ചെയ്യുകയായിരുന്നു. അങ്ങനെ വന്നവരാണ് ഞങ്ങളൊക്കെ. ഞാന്‍ ഈ കഥാപാത്രം ചെയ്യണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുള്ളതുപോലെയാണ് സംസാരിച്ചത്. സീരിയലില്‍ നിന്ന് സിനിമയിലേക്ക് വരാം, പക്ഷേ സിനിമയില്‍ നിന്ന് സീരിയലിലേക്ക് പോയാല്‍ തിരിച്ചുവരവുണ്ടാവില്ലെന്ന് ഞാനും കേട്ടിരുന്നു. അതായിരുന്നു എന്റെ പേടി. പ്രണവിനോട് ഈ കാര്യം പങ്കുവെച്ചപ്പോള്‍ 'നിനക്ക് ഇഷ്ടം അഭിനയമല്ലേ, സീരിയലായാലും സിനിമയായാലും ചെയ്യുന്നത് അഭിനയം തന്നെയല്ലേ, സിനിമയില്‍ ഇതുവരെ ഇങ്ങനെയൊരു കഥാപാത്രം നീ ചെയ്തിട്ടില്ലല്ലോ. അപ്പോള്‍ സീരിയലാണെന്ന് പറഞ്ഞിട്ട് ഈ അവസരം വിട്ടുകളയേണ്ട' എന്നുപറഞ്ഞു. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. കാരണം 'കുട്ടനാടന്‍ മാര്‍പ്പാപ്പ'യില്‍ അഭിനയിച്ച കുട്ടിയല്ലേ എന്ന് ചോദിച്ച് ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ സീരിയല്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞുതുടങ്ങി. അമ്മമാരൊക്കെ സ്വന്തം മകളെപ്പോലെയാണ് പെരുമാറുന്നത്.
സാധാരണ കാണുന്ന നായികാനായകന്മാരുടെ റൊമാന്‍സൊന്നും ഇതിലില്ല. എന്നാലും ഞങ്ങളെ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു കൗതുകം തോന്നുന്നുണ്ട്. സുനില്‍ കര്യാട്ടുകാരയാണ് സംവിധായകന്‍. അദ്ദേഹം സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. പട്ടംപോലെ, വെറുതെ ഒരു ഭാര്യ എന്നീ സിനിമകള്‍ക്കൊക്കെ കഥയെഴുതിയ ഗിരീഷ് കുമാറാണ് 'പവിത്ര'വും രചിച്ചിരിക്കുന്നത്. ഇവര്‍ സിനിമയില്‍നിന്ന് വന്നവരായതുകൊണ്ട് റിയലിസം വിട്ട് കളിയില്ല. വളരെ ഹൃദയസ്പര്‍ശിയായ സംഭാഷണങ്ങളാണ് ഗിരീഷേട്ടന്റേത്. എല്ലാംകൊണ്ടും 'പവിത്രം' നല്ലൊരു അനുഭവമാണ്.
തേടി വന്ന സിനിമ
നാട് തിരുവനന്തപുരം. അച്ഛന്‍ ആര്‍മി ഉദ്യോഗസ്ഥനായിരുന്നു. വല്ലപ്പോഴും അപ്പൂപ്പനെയും അമ്മൂമ്മയെയും കാണാന്‍ നാട്ടില്‍ വരുമായിരുന്നു. മലയാളം പഠിക്കണമെന്നത് അമ്മയുടെ നിര്‍ബന്ധമായിരുന്നു. സിനിമയില്‍ വന്നതിനുശേഷം എഴുതാനും വായിക്കാനും കൂടി പഠിച്ചു. പതിനഞ്ചാമത്തെ വയസ്സിലാണ് ഞാന്‍ സിനിമയിലെത്തുന്നത്. എന്റെ നൃത്തപരിപാടി കണ്ട് ചില ചാനലുകളില്‍ അഭിമുഖം വന്നിരുന്നു. അതുകണ്ടിട്ടാണ് കന്നട സിനിമയിലേക്ക് ക്ഷണിച്ചത്. ആദ്യ സിനിമ കന്നടയില്‍ ചെയ്തതിനുശേഷമാണ് മലയാളത്തിലെത്തുന്നത്. കുടുംബത്തില്‍ ആര്‍ക്കും സിനിമയുമായി യാതൊരു ബന്ധവുമില്ല. സിനിമ ചെയ്യുന്നതുകൊള്ളാം, പക്ഷേ പഠിത്തം വിട്ടിട്ട് ഒരു കളിയുമില്ലെന്ന് അച്ഛന്‍ പറഞ്ഞു. അങ്ങനെ എല്‍.എല്‍.ബിക്ക് ചേര്‍ന്നു. ആ സമയത്ത് സിനിമയില്‍നിന്ന് ബ്രേക്കെടുത്തു. മൂന്നുവര്‍ഷം സിനിമ ചെയ്തില്ല. അതോടെ കഴിഞ്ഞു, ഇനി സിനിമയിലേക്ക് എന്നെ വിളിക്കില്ലെന്നു കരുതി. വക്കീല്‍ പണിക്ക് പോകാം എന്ന് ചിന്തിച്ച നേരത്ത് വീണ്ടും സിനിമ വന്നുവിളിച്ചു. പിന്നെ കോവിഡായി.
അതുകഴിഞ്ഞ് വീണ്ടും വക്കീല്‍ പ്രാക്ടീസിന് പോയി. ആയിടയ്ക്കാണ് കല്യാണമായത്. കല്യാണമായില്ലേ, മുംബൈയില്‍ ജോലി നോക്കാം, ഇനി ആര് വിളിക്കാനാണെന്ന് ചിന്തിച്ചപ്പോഴേക്ക് സീരിയലിലേക്കുള്ള അവസരം കിട്ടി. എപ്പോഴുമതെ, അഭിനയിക്കാന്‍ പറ്റില്ല എന്ന് തോന്നുമ്പോഴൊക്കെ എന്നെ തേടി അവസരങ്ങള്‍ വന്നിട്ടുണ്ട്. ദൈവാനുഗ്രഹം. ഞാന്‍ പോയതും വന്നതും ഒന്നും ആരും അറിഞ്ഞിട്ടില്ല. എപ്പോഴും ആക്ടീവായി നില്‍ക്കുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. പ്രേക്ഷകര്‍ എന്നെ മറന്നില്ല. അതുകൊണ്ടുതന്നെ അഭിനയം എനിക്ക് ഉപേക്ഷിക്കാന്‍ സാധിക്കില്ല. 'നൈറ്റ് ഡ്രൈവ്' ആണ് അവസാനമിറങ്ങിയ സിനിമ. ധ്യാനിനൊപ്പമുള്ള 'ആപ് കൈസേ ഹോ' എന്ന സിനിമയാണ് ഇനി റിലീസാവാനുള്ളത്. ധ്യാന്‍ ചേട്ടന്റെ തിരക്കഥയില്‍ വിനയ് ജോസ് ആണ് സംവിധാനം. സീരിയല്‍ ചെയ്യുമ്പോഴും ഇടയ്ക്ക് ഒരു സിനിമ ചെയ്യാന്‍ പറ്റണമേ എന്നായിരുന്നു എന്റെ ആഗ്രഹം. അതുപോലെ ഇപ്പോള്‍ സംഭവിക്കുന്നു, ഒത്തിരി സന്തോഷം...
Content Highlights: Surabhi Santhosh finds new heights of success both on-screen and in life
Published: 10 Feb 2025, 12:23 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented